അവസാനം ടാർ ചെയ്തത് 2003ൽ; പോത്തുമറ്റം നിവാസികൾക്ക് ദുരിതയാത്ര
Mail This Article
കുളമാവ് ∙ പോത്തുമറ്റം പ്രദേശത്തുള്ളവരുടെ ദുരിതയാത്രയ്ക്ക് പരിഹാരമുണ്ടാക്കാൻ നടപടിയെടുക്കുന്നില്ലെന്നു പരാതി. 50ലേറെ കുടുംബങ്ങളും വിവിധ സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന പ്രദേശമാണ് പോത്തുമറ്റം. 2003ൽ റോഡ് നിർമിച്ച് ടാറിങ് നടത്തിയ റോഡാണിത്. പിന്നീട് ഈ റോഡ് ടാർ കണ്ടിട്ടില്ല. പലതവണ പ്രദേശവാസികൾ ജനപ്രതിനിധികളുടെ പിന്നാലെ നടന്നിട്ടും ഈ റോഡ് ഗതാഗതയോഗ്യമാക്കാൻ നടപടിയായില്ല. രോഗികളെ സുരക്ഷിതമായി പ്രധാനവഴിയിൽ എത്തിക്കാൻ പോലും നിർവാഹമില്ല.
ഓഫ്റോഡ് വാഹനങ്ങളെത്തുമെങ്കിലും രോഗികളെ ഇതുവഴി ചുമന്നിറക്കേണ്ട ഗതികേടിലാണെന്നാണു നാട്ടുകാർ പറയുന്നത്. വഴിയുടെ ശോചനീയാവസ്ഥ കാരണം ഇതുവഴി ടാക്സി വാഹനങ്ങൾ എത്തില്ല. പ്രശ്നം അധികാരികളെ ബോധ്യപ്പെടുത്താൻ ശ്രമിക്കുമ്പോഴൊക്കെ പഞ്ചായത്തിന് ഫണ്ടില്ലെന്ന സ്ഥിരം പല്ലവിയാണ്. ജലവിഭവ വകുപ്പ് മന്ത്രിയുടെ സ്വന്തം മണ്ഡലത്തിലെ ഈ റോഡിന്റെ അവസ്ഥ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടും നാളിതുവരെ നടപടികളില്ല.