ദയ മോനിഷ് കുട്ടികളുടെ പ്രധാനമന്ത്രി; അന്ന മനോജ് പ്രസിഡന്റ്
Mail This Article
ചെറുതോണി ∙ ശിശുദിനത്തിൽ ജില്ലയിൽ കുട്ടികളുടെ പ്രധാനമന്ത്രിയായി മൂലമറ്റം എസ്എച്ച് ഇംഗ്ലിഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി ദയ മോനിഷിനെ തിരഞ്ഞെടുത്തു. കുട്ടികളുടെ പ്രസിഡന്റ് മണിപ്പാറ സെന്റ് മേരീസ് യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനി അന്ന മനോജ് ആണ്. ജില്ലാ ശിശുക്ഷേമ സമിതി സംഘടിപ്പിച്ച വർണോത്സവത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗ മത്സരത്തിൽ വിജയിച്ചവരിൽ നിന്നാണ് ഇവരെ തിരഞ്ഞെടുത്തത്.
പ്രവാസി മലയാളി മൂലമറ്റം മനാതറയിൽ മോനിഷ് കോശി തോമസിന്റെയും വൈദ്യുതി വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സുലു മേരി സാമിന്റെയും മകളാണ് ദയ. മുളകുവള്ളി കൊച്ചുപറമ്പിൽ മനോജ് കെ.ജോർജിന്റെയും, വിമലഗിരി വിമല ഹൈസ്കൂൾ അധ്യാപിക നൈസി മാത്യുവിന്റെയും മകളാണ് അന്ന മനോജ്.
എൽപി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ഇടുക്കി ന്യൂമാൻ സ്കൂളിലെ ഹന്ന തോമസ് കഴിഞ്ഞ തവണ പ്രധാനമന്ത്രി ആയിരുന്നതിനാൽ ഇത്തവണ രണ്ടാം സ്ഥാനം നേടിയ ദയ മോനിഷിനു അവസരം നൽകുകയായിരുന്നു. 14ന് നടക്കുന്ന ജില്ലാതല ശിശുദിന റാലിക്കു നേതൃത്വം നൽകുന്ന ദയ മോനിഷ്, പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യും. അധ്യക്ഷയായി ശിശുദിന ആഘോഷം നിയന്ത്രിക്കുന്നത് കുട്ടികളുടെ പ്രസിഡന്റ് അന്ന മനോജ് ആണ്. 14 ന് രാവിലെ 8 ന് ജില്ല കലക്ടർ വി.വിഘ്നേശ്വരി പതാക ഉയർത്തും.