കുട്ടികളുടെ ചുണ്ടിൽ പുഞ്ചിരി വിരിയിക്കാൻ ‘ചിന്ന ചിന്ന ആശൈ’യുമായി ഇടുക്കി ജില്ലാ ഭരണകൂടം
Mail This Article
തൊടുപുഴ∙ ജില്ലയിലെ വിവിധ ശിശുസംരക്ഷണ സ്ഥാപനങ്ങളിലുള്ള ആയിരത്തിലധികം കുട്ടികളുടെ ചുണ്ടിൽ പുഞ്ചിരി വിരിയിക്കാൻ ‘ചിന്ന ചിന്ന ആശൈ’ പദ്ധതിയുമായി ഇടുക്കി ജില്ലാ ഭരണകൂടം. ശിശുദിനത്തോടനുബന്ധിച്ച് 18 വയസ്സു വരെയുള്ള 1084 കുട്ടികൾക്ക് പൊതുജനങ്ങളുടെ സഹകരണത്തോടെ സമ്മാനങ്ങൾ നൽകുന്നതാണ് ‘ചിന്ന ചിന്ന ആശൈ’ പദ്ധതിയെന്ന് ജില്ലാ കലക്ടർ വി.വിഗ്‌നേശ്വരി പറഞ്ഞു. വനിതാ ശിശുവികസന വകുപ്പിന്റെ അംഗീകാരമുള്ള ജില്ലയിലെ 43 ചൈൽഡ് ഹോമുകളിലെ കുട്ടികളിൽനിന്നും ആവശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. 18 വയസ്സിനു താഴെയുള്ള 644 പെൺകുട്ടികളും 444 ആൺകുട്ടികളുമാണുള്ളത്. വിവിധ കാരണങ്ങളാൽ ചൈൽഡ് ഹോമുകളിലെത്തിയവരുടെ ചെറിയ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കാൻ കഴിവുള്ളവർ മുന്നോട്ടുവരണമെന്ന് കലക്ടർ അഭ്യർഥിച്ചു.
സമ്മാനം നൽകാൻ താൽപര്യമുള്ളവർക്ക് idukki.nic.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് കുട്ടികളുടെ ആഗ്രഹങ്ങൾ കാണാം. ഹോം പേജിലെ ബാനറോ, നോട്ടിസ് ടാബിലെ അറിയിപ്പുകൾ ഓപ്‌ഷനോ ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന ഗൂഗിൾ ഫോമിൽ ചൈൽഡ് ഹോമുകളുടെ വിവരങ്ങൾ ഉണ്ട്. ഇതിൽ നിന്നും താൽപര്യമുള്ള സ്ഥാപനങ്ങളെ സെലക്ട് ചെയ്താൽ പ്രസ്തുത ചൈൽഡ് ഹോമിലെ എല്ലാ കുട്ടികളുടെയും വിവരങ്ങൾ അടങ്ങിയ പട്ടിക ലഭിക്കും. അതിൽ കുട്ടിയുടെ പേര് വെളിപ്പെടുത്താതെ ഐഡി നമ്പരും വയസ്സും ജെൻഡറും ആഗ്രഹവും രേഖപ്പെടുത്തിയിട്ടുണ്ടാകും. സമ്മാനം നൽകാൻ താൽപര്യമുള്ളവർക്ക് ഒന്നോ അതിൽ കൂടുതലോ കുട്ടികളെ സെലക്ട് ചെയ്യാം. തുടർന്ന് തങ്ങളുടെ പേര്, ഫോൺ നമ്പർ, വിലാസം എന്നിവ നൽകണം.
സമ്മാനം കുട്ടികളിലെത്തിക്കുന്നതിന് മൂന്ന് രീതികൾ സ്വീകരിക്കാം. 1) ശിശുദിനത്തിൽ ജില്ലാ ശിശുസംരക്ഷണ സമിതി അനുവദിക്കുന്ന സമയത്ത് അതത് ചൈൽഡ് ഹോമുകളിൽ നേരിട്ടെത്തി കുട്ടികൾക്ക് സമ്മാനം കൈമാറാം. 2) സെലക്ട് ചെയ്യുന്ന കുട്ടിയുടെ ഐഡി നമ്പറും ജനനത്തീയതിയും രേഖപ്പെടുത്തി അതത് ചൈൽഡ് ഹോമിലേക്ക് കൊറിയർ ചെയ്യാം. ചൈൽഡ് ഹോമുകളുടെ മേൽവിലാസം വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. 3) ജില്ലയിലെ 5 താലൂക്ക് ഓഫിസുകളിലോ കലക്ടറേറ്റിൽ സജ്ജീകരിച്ചിട്ടുള്ള കൺട്രോൾ റൂമിലോ നേരിട്ട് എത്തിക്കാം. സമ്മാനപ്പൊതിയുടെ പുറത്ത് ചൈൽഡ് ഹോമിന്റെ പേര്, കുട്ടിയുടെ ഐഡി നമ്പർ, ജനനത്തീയതി എന്നിവ രേഖപ്പെടുത്തണം.
പദ്ധതി സംബന്ധിച്ച സംശയങ്ങൾക്ക് 9656402182 എന്ന വാട്സാപ് നമ്പറിൽ സന്ദേശം അയയ്ക്കാം. ചൈൽഡ് ഹോമുകളിലെ എല്ലാ കുട്ടികൾക്കും പൊതുവിൽ പ്രയോജനപ്പെടുത്താവുന്ന, പ്രായത്തിനനുസരിച്ചുള്ള സൈക്കിൾ, ടിവി പോലുള്ള സമ്മാനങ്ങൾ കലക്ടറേറ്റിലെയോ, താലൂക്ക് ഓഫിസുകളിലെയോ കൺട്രോൾ റൂമിൽ നേരിട്ടെത്തിക്കാമെന്നും കലക്ടർ അറിയിച്ചു. ഒരു കുട്ടിയുടെ ആഗ്രഹം സ്പോൺസർ ചെയ്യപ്പെട്ടു കഴിഞ്ഞാൽ, കുട്ടിയുടെ ഐഡി അടക്കമുള്ള വിവരങ്ങൾ പട്ടികയിൽ നിന്നും ഒഴിവാകുന്ന രീതിയിലാണ് വെബ്‌പേജ് സജ്ജീകരിച്ചിട്ടുള്ളത്. ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, ജില്ലാ ഇൻഫർമേഷൻ ഓഫിസ്, നാഷനൽ ഇൻഫർമാറ്റിക്സ് സെന്റർ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.