‘ഒറ്റമരം’ ശേഷിക്കില്ല, മല കീറി നിർമാണം; ചൊക്രമുടി ഒറ്റമരം ഭാഗത്ത് അനധികൃത പാറഖനനം, റോഡ് നിർമാണം
Mail This Article
രാജകുമാരി∙ ചൊക്രമുടിയിൽ ഭൂമി കയ്യേറ്റം, അനധികൃത നിർമാണം എന്നിവയുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെ ചൊക്രമുടി മലനിരയുടെ ഭാഗമായ ഒറ്റമരത്ത് മല കീറി വൻ നിർമാണം തകൃതിയായി നടക്കുന്നു. മൂന്നാറിന് സമീപം ഒറ്റമരം മുതൽ ബൈസൺവാലിയുടെ മുകൾഭാഗം വരെ, ഗ്യാപ്- ദേവികുളം ഭാഗം എന്നീ സ്ഥലങ്ങൾക്ക് മുകളിൽ സ്ഥിതിചെയ്യുന്ന മലനിരകളാണ് ചൊക്രമുടി മലനിരകൾ എന്നറിയപ്പെടുന്നത്. ഇതിൽ ഗ്യാപ് റോഡിന്റെ താഴ്ഭാഗത്ത് നടത്തിയ അനധികൃത നിർമാണങ്ങൾ വിവാദമാവുകയും ഇവിടത്തെ പട്ടയങ്ങളും തണ്ടപ്പേരും റദ്ദു ചെയ്യാൻ റവന്യു വകുപ്പ് നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.
ഈ സാഹചര്യത്തിലാണ് ചൊക്രമുടി മലയുടെ തുടക്ക ഭാഗമായ മറുവശത്തെ ഒറ്റമരത്തിന് സമീപം മല കീറി റോഡ് നിർമിക്കുകയും, അനധികൃത പാറ ഖനനം നടത്തുകയും, മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് നിർമാണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തത്. ഒറ്റമരം ജംക്‌ഷനു താഴ് ഭാഗത്തായി ഉപ്പളയ്ക്ക് പോകുന്ന റോഡിന് സമീപത്താണ് അനധികൃത നിർമാണം നടക്കുന്നത്. റെഡ്സോൺ കാറ്റഗറിയിൽ ഉൾപ്പെട്ട ഇവിടെ ലൈഫ് പദ്ധതിയിലെ വീടു നിർമാണം പോലും അനുവദിക്കാത്ത സാഹചര്യത്തിലാണ് മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് മണ്ണ് നീക്കി റോഡ് നിർമിച്ചിരിക്കുന്നത്.