മാലിന്യം നിറഞ്ഞ് നെല്ലാപ്പാറ; പരാതികൾ ഏറെ ഉയർന്നിട്ടും മാലിന്യം തള്ളലിന് അവസാനമില്ല
Mail This Article
നെല്ലാപ്പാറ ∙ പരാതികൾ ഏറെ ഉയർന്നിട്ടും നെല്ലാപ്പാറയിലെ മാലിന്യം തള്ളലിന് അവസാനമില്ല. തൊടുപുഴ–പാലാ റോഡിലെ ജില്ലാതിർത്തിയായ നെല്ലാപ്പാറയിൽ പെട്രോൾ പമ്പിനു സമീപത്തുള്ള വളവു മുതൽ പാലാ ഭാഗത്തേക്കുള്ള അര കിലോമീറ്റർ ദൂരം റോഡിനിരുവശവും മാലിന്യക്കൂമ്പാരമാണ്. പ്ലാസ്റ്റിക് കവറിൽ കെട്ടിയ വീട്ടുമാലിന്യം മുതൽ ഉപയോഗിച്ച ഡയപ്പറുകളും മാലിന്യം കുത്തിനിറച്ച ചാക്കുകെട്ടുകളും വഴിയരികിൽ കിടന്ന് ചീഞ്ഞുനാറുന്നു. മത്സ്യക്കച്ചവടക്കാർ മീൻ അവശിഷ്ടങ്ങളും ഇവിടെ ഇടാറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. മാലിന്യം കുമിഞ്ഞുകൂടിയതോടെ ദുർഗന്ധം വമിക്കുന്ന അവസ്ഥയാണിപ്പോൾ. ഓരോ ദിവസവും ഇവിടെ മാലിന്യത്തിന്റെ അളവ് കൂടിവരികയാണെന്ന് നാട്ടുകാർ പറയുന്നു.
പല മാലിന്യക്കൂനകളും കാടുകയറി മൂടിക്കിടക്കുകയാണ്. മഴ പെയ്യുന്നതോടെ അഴുക്ക് കലർന്ന വെള്ളം ഒഴുകി താഴ്‌വാരങ്ങളിലെ ജലസ്രോതസുകളിൽ കലരാനിടയുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. ഈ റൂട്ടിൽ വഴിവിളക്കുകൾ കാലങ്ങളായി തകരാറിലായി കിടക്കുന്നതും മാലിന്യം തള്ളലിന് കളമൊരുക്കിയിട്ടുണ്ട്. മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ സിസിടിവി സ്ഥാപിക്കുകയും പൊലീസ് നിരീക്ഷണം ഈ മേഖലകളിൽ ശക്തിപ്പെടുത്തുകയും ചെയ്യണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
നശിപ്പിച്ചു, ഈ ടൂറിസ്റ്റ് കേന്ദ്രത്തെ
മൂവാറ്റുപുഴ–പുനലൂർ ഹൈവേയുടെ നിർമാണ സമയത്ത് റോഡ് പണിക്കാവശ്യമുള്ള യന്ത്രസാമഗ്രികളും മറ്റും സൂക്ഷിക്കുന്നതിനായി റോഡരികിലെ പാറ പൊട്ടിച്ചു നീക്കി ഒരുക്കിയ സ്ഥലം പിന്നീട് ഇതുവഴി പോകുന്നവരുടെ വിശ്രമ സങ്കേതമായി മാറിയിരുന്നു. അരിഞ്ഞിറക്കിയ പാറക്കെട്ടിന്റെ മുകളിൽനിന്ന് ഒറ്റ മഴയ്ക്ക് ഒഴുകിത്തുടങ്ങുന്ന ‘മിനി വെള്ളച്ചാട്ടം’ പ്രധാന ആകർഷണമാകുകയും ചെയ്തു. തീർത്തും അപകടരഹിതമായ വെള്ളച്ചാട്ടത്തിൽ കളിക്കാനും ദൂരെ മലനിരകളുടെ മനം മയക്കുന്ന കാഴ്ച കാണാനും കുട്ടികളടക്കം ആളുകൾ എത്തുന്നത് പതിവുകാഴ്ചയായിരുന്നു. എന്നാൽ മാലിന്യം തള്ളൽ രൂക്ഷമാകുകയും രാത്രി ഇവിടം ലോറിത്താവളമാകുകയും പ്രാഥമിക കൃത്യങ്ങൾക്ക് വെള്ളച്ചാട്ടത്തിന്റെ പരിസരം ഉപയോഗിച്ചു തുടങ്ങുകയും ചെയ്തതോടെ ഇവിടം ആളുകൾ ഉപേക്ഷിച്ചു. ഇപ്പോൾ ഇവിടെ കാടുകയറിയ നിലയിലാണ്.