ചൊക്കനാട് മേഖലയിൽ 9 കാട്ടാനകൾ; വ്യാപകമായി കൃഷി നശിപ്പിച്ചു
Mail This Article
മൂന്നാർ ∙ ടൗണിനു സമീപമുളള ചൊക്കനാട് മേഖലയിൽ കാട്ടാനശല്യം രൂക്ഷമായി. ജനവാസ മേഖലയിലിറങ്ങിയ കാട്ടാനകൾ വ്യാപകമായി പച്ചക്കറി കൃഷികൾ നശിപ്പിച്ചു. ഇന്നലെ പുലർച്ചെയാണ് രണ്ട് ആനകൾ സൗത്ത് ഡിവിഷനിലെ ജനവാസ മേഖലയിലിറങ്ങി കൃഷികൾ വ്യാപകമായി നശിപ്പിച്ചത്. വിളവെടുപ്പിന് തയാറായി നിന്നിരുന്ന ബീൻസ്, ബട്ടർ ബീൻസ് തുടങ്ങിയവ നശിപ്പിച്ചു.
തൊഴിലാളികളുടെ ലയങ്ങൾക്കിടയിലുള്ള കോൺക്രീറ്റ് വഴികളിലൂടെയായിരന്നു ആനകൾ കൃഷിയിടങ്ങളിൽ എത്തിയത്. തൊഴിലാളികൾ ആനകളെ ഓടിക്കാൻ ശ്രമിച്ചെങ്കിലും പച്ചക്കറികൾ തിന്നുതീർത്ത ശേഷം രാവിലെയാണ് ഇവ കാട്ടിലേക്ക് മടങ്ങിയത്. ഒരാഴ്ചയായി ചൊക്കനാട് എസ്റ്റേറ്റിന്റെ വിവിധ ഭാഗങ്ങളിലായി 9 ആനകളാണ് ഇറങ്ങി നടക്കുന്നത്. പകൽ സമയങ്ങളിലും ആനകൾ ജനവാസ മേഖലകൾക്ക് സമീപമിറങ്ങുന്നത് കാരണം സ്ത്രീകളും കുട്ടികളുമടക്കമുള്ളവർക്ക് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണുള്ളത്.