നാലുപാടും ഇരുട്ട് മൂടി നാലുവരിപ്പാത
Mail This Article
തൊടുപുഴ ∙ നാലുവരിപ്പാതയാണെന്ന് പറഞ്ഞിട്ടെന്താ കാര്യം, വെങ്ങല്ലൂർ – മങ്ങാട്ടുകവല റോഡിൽ രാത്രി സഞ്ചാരം ഇരുട്ടിലാണ്. ഷാപ്പുംപടി ജംക്‌ഷൻ മുതൽ പെരുമ്പിള്ളിച്ചിറയിലേക്കു പോകുന്ന ജംക്‌ഷൻ വരെ ഒരു വഴിവിളക്കു പോലും പ്രകാശിക്കുന്നില്ല. രാത്രി 7 കഴിഞ്ഞാൽ പിന്നെ ഇരുട്ടാണ്. റോഡിന്റെ ഇരുഭാഗത്തുമുള്ള വ്യാപാര സ്ഥാപനങ്ങളിലെയും വാഹനങ്ങളുടെ വെളിച്ചവുമാണ് കാൽനടയാത്രക്കാർക്ക് ഏക ആശ്രയം. നാലുവരിപ്പാത ആയതിനാൽ രാത്രി 9 വരെയും ഇരുഭാഗത്തു കൂടി ഒട്ടേറെ വാഹനങ്ങൾ സഞ്ചരിക്കുന്നതിനാൽ റോഡ് ഇരുട്ടിലാണെന്നു പെട്ടെന്നു തോന്നില്ല.
എന്നാൽ ഒൻപതിനു ശേഷം വാഹനത്തിന്റെ വെളിച്ചം കുറയുന്നതോടെ റോഡ് ഇരുട്ടുമൂടി തുടങ്ങും. വ്യാപാര സ്ഥാപനങ്ങളിൽ നിന്നു രാത്രി ജോലി കഴിഞ്ഞു പോകുന്നവർക്കു വലിയ ബുദ്ധിമുട്ടാണ്. കൂടാതെ ഒട്ടേറെ വാഹനങ്ങൾ തിരിഞ്ഞുപോകുന്ന പെരുമ്പിള്ളിച്ചിറയിലേക്കു പോകുന്ന ജംക്‌ഷനിൽ വലിയ ഹൈമാസ്റ്റ് ലൈറ്റ് ഉണ്ടെങ്കിലും അതും പ്രകാശിക്കുന്നില്ല. ഇവിടെ നിന്നു വാഹനങ്ങൾ വിവിധ ഭാഗങ്ങളിലേക്കു തിരിയുന്നതിനാൽ ഇവിടെ ലൈറ്റ് വേണ്ടത് അത്യാവശ്യമാണ്. അതിനാൽ വഴിവിളക്കുകളുടെ അറ്റകുറ്റപ്പണി നടത്താൻ അധികൃതർ ഉടൻ നടപടി സ്വീകരിക്കണമെന്നാണു യാത്രക്കാർ ഉൾപ്പെടെയുള്ളവരുടെ ആവശ്യം.