അപ്സരക്കുന്ന്– തലമാലി റോഡ് നന്നാക്കാത്തതിൽ പ്രതിഷേധം
Mail This Article
അടിമാലി ∙ അപ്സരക്കുന്ന്– തലമാലി റോഡിൽ അടിമാലി വെള്ളച്ചാട്ടത്തിനു സമീപം തകർന്നു കിടക്കുന്ന ഭാഗം പുനർനിർമിക്കാൻ നടപടി വൈകുന്നതിനാൽ പ്രതിഷേധമുയരുന്നു. തലമാലിയിൽ നിന്ന് വരുമ്പോൾ ഇറക്കത്തോടു കൂടിയ കൊടുംവളവിലാണ് റോഡ് തകർന്നു കിടക്കുന്നത്. ഗതാഗതവും കാൽനടയാത്രയും ദുഷ്കരമായി മാറിയതോടെ വാഹന അപകടങ്ങളും വർധിച്ചു.
അടിമാലിയിൽ നിന്ന് കൊരങ്ങാട്ടി, പീച്ചാട്, കോട്ടപ്പാറ, മാങ്കുളം ഭാഗത്തേക്കുള്ള ദൂരം കുറഞ്ഞ റോഡാണിത്. റോഡിന് ഓട ഇല്ലാത്തതാണു തകർച്ച വർധിക്കാൻ കാരണമായിരിക്കുന്നത്. പലയിടങ്ങളിലും സംരക്ഷണ വേലി ഇല്ലാത്തതും സുഗമമായ വാഹന ഗതാഗതത്തിനു തടസ്സമാകുന്നു.
തലമാലി, കോട്ടപ്പാറ വ്യൂ പോയിന്റ് എന്നിവിടങ്ങളിൽ നിന്നുള്ള വിദൂര കാഴ്ചകളും അടിമാലി വെള്ളച്ചാട്ടവും കണ്ട് ആസ്വദിക്കുന്നതിന് ഇതുവഴി എത്തുന്ന സഞ്ചാരികളുടെ തിരക്ക് വർധിച്ചു വരികയാണ്. ഇരുചക്ര വാഹന യാത്രികരാണ് കൂടുതൽ ദുരിതത്തിലായിരിക്കുന്നത്. തലനാരിഴയ്ക്കാണ് വൻ അപകടങ്ങൾ ഒഴിവാകുന്നത്. ഇത്തരം സാഹചര്യത്തിൽ റോഡിലെ തകർന്നു കിടക്കുന്ന ഭാഗങ്ങൾ പുനർ നിർമിക്കുന്നതിനൊപ്പം അപകടങ്ങൾ ചെറുക്കാൻ കൊടും വളവുകളിൽ സംരക്ഷണഭിത്തി നിർമിക്കണമെന്ന ആവശ്യവും ഉയർന്നു.