ഈ പാറ പൊട്ടിക്കൽ കാണാൻമാത്രമില്ലേ? റവന്യു ഭൂമിയിൽനിന്ന് പാറ പൊട്ടിച്ചുകടത്തുന്നതിനെതിരെ നടപടിയില്ല
Mail This Article
ഉപ്പുതറ ∙ രാഷ്ട്രീയ-ഉദ്യോഗസ്ഥ ലോബിയുടെ ഒത്താശയോടെ റവന്യു ഭൂമിയിൽനിന്ന് വൻതോതിൽ പാറ പൊട്ടിച്ചുകടത്തുന്നതായി ആരോപണം. ഒൻപതേക്കർ അമ്പലമേട് ഹരിതീർഥപുരം ക്ഷേത്രത്തിനു സമീപത്തുനിന്നാണ് പാറ പൊട്ടിച്ചു കടത്തുന്നത്. ഇതിനു സമീപത്തു നിർമിക്കുന്ന സാംസ്കാരിക കേന്ദ്രത്തിന്റെ സംരക്ഷണഭിത്തി നിർമാണത്തിനെന്ന വ്യാജേനയാണ് പാറ പൊട്ടിക്കൽ നടക്കുന്നത്. പൊട്ടിച്ച കല്ലുകളിൽ ഭൂരിഭാഗവും ലോറിയിൽ കടത്തിക്കൊണ്ടുപോയതായി നാട്ടുകാർ ആരോപിക്കുന്നു.
മേഖലയിലെ ശുദ്ധജല വിതരണ ടാങ്ക് ഇതിനു സമീപമാണ്. ഇവിടെയാണ് വൻതോതിൽ സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ച് പാറ പൊട്ടിക്കുന്നത്. ആഴ്ചകളായി നടക്കുന്ന പാറ പൊട്ടിക്കൽ റവന്യു അധികൃതരെ അറിയിച്ചെങ്കിലും രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്ന കാരണം നിരത്തി അധികൃതർ മൗനം തുടരുകയാണ്. ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പാറ ഖനനം നടക്കുന്നതിനാലാണ് നടപടിയെടുക്കാത്തതെന്നാണ് ആരോപണം.
പ്രാദേശിക രാഷ്ട്രീയ പ്രവർത്തകരെ മുൻനിർത്തിക്കൊണ്ട് ഭരണകക്ഷി നേതാവിന്റെ ബന്ധുവാണ് പാറ പൊട്ടിക്കലിന് ചുക്കാൻ പിടിക്കുന്നതെന്ന ആക്ഷേപമാണ് ഉയരുന്നത്. ഇതുസംബന്ധിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചതോടെ ഒരാഴ്ചയായി പാറപൊട്ടിക്കൽ നിർത്തിയിരിക്കുകയാണ്. പൊട്ടിച്ചുനീക്കിയതിൽ കുറച്ച് പാറ മാത്രമാണ് മേഖലയിൽ അവശേഷിക്കുന്നത്.