പൊതുശുചിമുറികൾ പൂട്ടി തൊടുപുഴ; അവിടെ എല്ലാം ‘ലോക്കാ’ എങ്ങോട്ടെങ്കിലും പൊയ്ക്കോ..
Mail This Article
തൊടുപുഴ ∙ നഗരത്തിൽ എത്തുന്നവർ പ്രാഥമിക ആവശ്യങ്ങൾക്കായി പൊതുശുചിമുറി അന്വേഷിച്ചു നടക്കേണ്ട. ഒരെണ്ണം പോലും പ്രവർത്തിക്കുന്നില്ല. എല്ലാം പൂട്ടിക്കെട്ടി മുനിസിപ്പാലിറ്റി അധികൃതർ. മുനിസിപ്പൽ ബസ് സ്റ്റാൻഡ്, നഗരസഭയ്ക്കു മുൻപിൽ, തൊടുപുഴ ടാക്സി സ്റ്റാൻഡ്, ടൗൺ ഹാൾ പരിസരം എന്നിവിടങ്ങളിലെല്ലാം ശുചിമുറി ഉണ്ടെങ്കിലും എല്ലാം ‘ലോക്ക്’ ആണ്. ഹൈറേഞ്ചിൽ നിന്നുൾപ്പെടെ ദിവസേന ഒട്ടേറെ പേരാണ് പലവിധ ആവശ്യങ്ങൾക്കായി നഗരത്തിലെത്തുന്നത്.
മുനിസിപ്പൽ ബസ് സ്റ്റാൻഡിലെ പഴയ ശുചിമുറി ഓപ്പൺ ആണെങ്കിലും അതിൽ പോകാതിരിക്കുന്നതാണു നല്ലതെന്നാണ് പോയവർ പറയുന്നത്. വർഷങ്ങൾക്കു മുൻപ് നിർമിച്ച കെട്ടിടം ജീർണാവസ്ഥയിലായിട്ട് വർഷങ്ങളായി. സ്റ്റാൻഡിൽ എത്തുന്ന യാത്രക്കാരിൽ പലരും നിലവിൽ സ്റ്റാൻഡിനു പിറകിലാണു കാര്യം സാധിക്കുന്നത്. അതേസമയം 2019ൽ സ്റ്റാൻഡിനോട് അനുബന്ധിച്ചു കോതായിക്കുന്ന് ഭാഗത്ത് ആധുനിക രീതിയിലുള്ള ശുചിമുറി നിർമിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും പ്രവർത്തനം തുടങ്ങിയിട്ടില്ല.
നഗരസഭയ്ക്കു മുന്നിലുള്ള സ്ത്രീ സൗഹൃദ ശുചിമുറി എന്ന് പേരു മാത്രമേയുള്ളൂ, സ്ത്രീകൾക്ക് ഒരു പ്രയോജനവും ഇല്ല. കേടുപാടു സംഭവിച്ച ശുചിമുറി നവീകരണം എന്നു പറഞ്ഞ് പൂട്ടിയിട്ട് മാസങ്ങളായി. നഗരസഭ, പൊലീസ് സ്റ്റേഷൻ, മിനി സിവിൽ സ്റ്റേഷൻ എന്നിവിടങ്ങളിലേക്കായി എത്തുന്നവർക്കു ഏറെ ആശ്വാസമായിരുന്നു ഈ ശുചിമുറി.
തീർന്നില്ല ടൗൺഹാളിനു സമീപമുള്ള ആധുനിക ഇ– ടോയ്‌ലറ്റ്, തൊടുപുഴ ടാക്സി സ്റ്റാൻഡിന് അകത്തുള്ള ശുചിമുറി എന്നിവയ്ക്കും പൂട്ട് വീണിട്ട് മാസങ്ങളായി. ഇവയുടെയെല്ലാം നവീകരണം എപ്പോൾ നടക്കും, എന്ന് തുറക്കും തുടങ്ങിയ ചോദ്യങ്ങൾക്കൊന്നും കൃത്യമായ മറുപടി അധികൃതർക്കും അറിയില്ല. പക്ഷേ, ഇതുമൂലം ഏറെ ബുദ്ധിമുട്ടുന്നത് ജനങ്ങൾ മാത്രം.