വന്യമൃഗശല്യം അറുതിയില്ലാതെ; ആന, പുലി, കരടി.., പേടിച്ചുവിറച്ച് ജനം
Mail This Article
അടിമാലി ∙ പീച്ചാട് പ്ലാമലയിൽ വീട് തകർത്തും നേര്യമംഗലത്ത് വഴി തടഞ്ഞും കാട്ടാനക്കൂട്ടം. നിരവത്ത് അന്നമ്മയുടെ വീടാണ് തിങ്കളാഴ്ച രാത്രി കാട്ടാനക്കൂട്ടം ഭാഗികമായി തകർത്തത്. ഈ സമയം കുടുംബാംഗങ്ങൾ ചികിത്സയുമായി കോട്ടയം മെഡിക്കൽ കോളജിൽ പോയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ഇതോടൊപ്പം മേഖലയിൽ വ്യാപകമായി ഏലം കൃഷിയും നശിപ്പിച്ചിട്ടുണ്ട്.
കൊച്ചി– ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫിസിനു സമീപം ഇന്നലെ വൈകിട്ടോടെ എത്തിയ കാട്ടാനക്കൂട്ടം റോഡരികിൽ നിലയുറപ്പിച്ചത് ഇതുവഴിയുള്ള യാത്രക്കാരെ വലച്ചു. ഏറെ നേരം കഴിഞ്ഞാണ് കാട്ടാനക്കൂട്ടം റോഡരികിൽ നിന്നു വനത്തിലേക്കു മാറിയത്.
ദ്രുതകർമസേനയ്ക്ക് വാഹനം എത്തി
പീരുമേട് ∙ വന്യമൃഗങ്ങളെ തുരത്താനുളള ദ്രുതകർമസേനയ്ക്കു വാഹനം എത്തി, പക്ഷേ കാട്ടാന നാട്ടിൽത്തന്നെ. തകരാറിലായ വാഹനത്തിനു പകരം പീരുമേട് ആർആർടി സംഘത്തിനു തേക്കടിയിൽ നിന്നാണു പകരം വാഹനം എത്തിച്ചുനൽകിയത്. കേടുപാടുകൾ കാട്ടിയ വാഹനം അറ്റകുറ്റപ്പണികൾക്കായി കൊണ്ടു പോവുകയും ചെയ്തു.
എന്നാൽ കഴിഞ്ഞ ഒരു മാസത്തോളമായി പീരുമേട്, കുട്ടിക്കാനം, ജനവാസമേഖലകളിൽ തമ്പടിച്ചിരുന്ന ആന എസ്റ്റേറ്റിലും എത്തി നാശം വിതച്ചുതുടങ്ങി. ബഥേൽ പ്ലാന്റേഷന്റെ ഗ്ലെൻമേരിയിലെ ഏലക്കാട്ടിലും, തേയിലത്തോട്ടത്തിലുമാണ് ഇപ്പോൾ ആന നിലയുറപ്പിച്ചിരിക്കുന്നത്. ഏലത്തോട്ടത്തിലാണ് കൂടുതൽ നാശം വിതച്ചിരിക്കുന്നത്. വാഹനത്തിന്റെ അഭാവത്തിൽ വന്യമൃഗശല്യം നേരിടുന്ന പ്രദേശങ്ങളിൽ സമയബന്ധിതമായി എത്തുന്നതിനു കഴിയുന്നില്ല എന്നായിരുന്ന ദ്രുതകർമസേനയുടെ പരാതി. ഇതു പരിഹരിച്ച സാഹചര്യത്തിൽ ആനയെ കാട്ടിലേക്കു മടക്കും എന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
കേൾവിക്കുറവുളള പിടിയാന
∙ കഴിഞ്ഞ ഒരു മാസത്തിലധികമായി പീരുമേട് മേഖലയിൽ ചുറ്റിക്കറങ്ങുന്നതു കേൾവിക്കുറവുളള പിടിയാനയാണെന്നു വനംവകുപ്പ് പറയുന്നു. തുടർച്ചയായി പടക്കം പൊടിച്ചിട്ടും ആന പിന്തിരിയുന്നില്ല. ആന നിലയുറപ്പിച്ചതിന്റെ തൊട്ടരികിൽ വരെ ഉഗ്രശേഷിയുളള പടക്കം പൊടിച്ചു. എന്നാൽ ആന ഇവിടെ നിന്നു നീങ്ങുന്നില്ല എന്നാണ് ഇവർ പറയുന്നത്. പിടിയാന സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധിയെ മറികടക്കുന്നതിനു കഴിയാതെ വനം വകുപ്പ് വട്ടം ചുറ്റുകയാണ്.
പ്ലാക്കത്തടത്ത് പുള്ളിപ്പുലി
∙ കഴിഞ്ഞ ദിവസം പ്ലാക്കത്തടത്ത് വീടിനു സമീപത്തെ തിട്ടപ്പുറത്ത് പുള്ളിപ്പുലിയെ കണ്ടതായി ഗൃഹനാഥൻ. കഴിഞ്ഞ ദിവസം രാത്രി എഴിനാണു വീടിനു പിൻവശത്തെ കയ്യാലപ്പുറത്ത് പുള്ളിപ്പുലി നിൽക്കുന്നതു കൊടുങ്ങാശേരിയിൽ കെ.കെ.മോഹനൻ കണ്ടത്. പെട്ടെന്ന് ഇയാൾ വീട്ടിലേക്കു ഓടിക്കയറുകയായിരുന്നു. അടുത്ത ദിവസങ്ങളിൽ ഇവിടെ വീടുകളിൽ നിന്നു നായ്ക്കളെ കാണാതായിരുന്നു.
പ്രദേശവാസികളിൽ മറ്റു ചിലരും പുള്ളിപ്പുലിയെ കണ്ടതായി പറയുന്നു. ബഥേൽ പ്ലാന്റേഷന്റെ തെപ്പക്കുളം, ലാൻഡ്രം, തങ്കമല, മൗണ്ട് എന്നിവിടങ്ങളിലും പുലി, കരടി എന്നിവ തുടർച്ചയായി എത്തുന്നുണ്ട്. ഏതാനും ദിവസം മുൻപു കരടിയെക്കണ്ട് ഓടിയ എസ്റ്റേറ്റിലെ ഉദ്യോഗസ്ഥനു വീണു പരുക്കേറ്റിരുന്നു.