വർണാഭമായി ഇടുക്കി ജില്ലാതല ശിശുദിനാഘോഷം
Mail This Article
ചെറുതോണി ∙ ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ ജില്ലാതല ശിശുദിനാഘോഷം കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ബസ് സ്റ്റാൻഡ് പരിസരത്ത് കലക്ടർ വി.വിഘ്നേശ്വരി പതാക ഉയർത്തി. വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ ശിശുദിന റാലി ഫ്ലാഗ് ഓഫ് ചെയ്തു. കുട്ടികളുടെ പ്രധാനമന്ത്രി കുമാരി ദയാ മോനിഷ് റാലി നയിച്ചു. സമാപന സമ്മേളനം ദയാ മോനിഷ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സ്പീക്കർ അന്ന മനോജ് അധ്യക്ഷത വഹിച്ചു.
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ് ശിശുദിന സ്റ്റാംപ് പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം കെ.ജി.സത്യൻ ശിശുദിന സന്ദേശം നൽകി. വനിതാ ശിശു വികസന വകുപ്പ് ജില്ലാ ഓഫിസർ എസ്.ഗീതാകുമാരി പ്രതിഭകളെ ആദരിച്ചു. വർണോത്സവ വിജയികൾക്കുള്ള സമ്മാനദാനം വാർഡ് അംഗം നിമ്മി ജയൻ നിർവഹിച്ചു. ആഷ് വിൻ ബെന്നി പ്രസംഗിച്ചു. ഇടുക്കി ജില്ലയിലെ ടൂറിസം മേഖലയെ പരിചയപ്പെടുത്തുന്ന ഫോട്ടോ പ്രദർശനം, കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവയും നടന്നു. ശിശുദിന റാലിയിൽ ന്യൂമാൻ എൽപി സ്‌കൂളിനാണ് ഒന്നാം സ്ഥാനം.
ചൈൽഡ് ഹെൽപ് ലൈൻ തുടങ്ങി; 1098 എന്ന ടോൾ ഫ്രീ നമ്പറിൽ 24 മണിക്കൂർ സേവനം
ചെറുതോണി ∙ ജില്ലയിൽ ചൈൽഡ് ഹെൽപ് ലൈൻ പ്രവർത്തനം ആരംഭിച്ചു. 1098 എന്ന ടോൾ ഫ്രീ നമ്പറിൽ ഇനി 24 മണിക്കൂറും സേവനം ലഭിക്കും. പൈനാവിൽ ആരംഭിച്ച ഹെൽപ് ലൈൻ ഓഫിസിന്റെ പ്രവർത്തനം ജില്ലാ കലക്ടർ വി.വിഘ്നേശ്വരി ഉദ്ഘാടനം ചെയ്തു. കുട്ടികളുമായി ബന്ധപ്പെട്ട ഏതു വിഷയങ്ങൾക്കും പൊതുജനങ്ങൾക്കും രക്ഷിതാക്കൾക്കും സെന്ററിന്റെ സേവനം പ്രയോജനപ്പെടുത്താമെന്ന് കലക്ടർ പറഞ്ഞു. ബാലാവകാശ സംരക്ഷണ വാരാചരണത്തിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. പരിപാടിയിൽ വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ അധ്യക്ഷനായിരുന്നു.