‘ചിന്ന ചിന്ന ആശൈ’ വൻ വിജയം; കൊച്ചുകൊച്ചു സമ്മാനങ്ങളുമായി വലിയ മനസ്സുകൾ
Mail This Article
തൊടുപുഴ ∙ ‘ചിന്ന ചിന്ന ആശൈ’ പദ്ധതി കുട്ടികളുടെ വലിയ സന്തോഷങ്ങൾക്ക് വാതിൽ തുറക്കുന്നതായി. ജില്ലയിലെ ചൈൽഡ് ഹോമിലെ കുട്ടികൾക്ക് ശിശുദിനത്തിൽ സമ്മാനമെത്തിക്കുന്ന പദ്ധതിയാണ് ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ വൻ വിജയമായത്. വയോജനങ്ങളുടെ ആഗ്രഹങ്ങളും പദ്ധതിയിലൂടെ നിറവേറ്റാൻ ശ്രമിക്കുമെന്ന് കലക്ടർ പറഞ്ഞു. പലർക്കും സഹായിക്കാനുള്ള മനസ്സുണ്ടെങ്കിലും അർഹമായ കൈകളിൽ എങ്ങനെ എത്തിക്കും എന്നറിയില്ല. അത് മനസ്സിലാക്കിയാണ് ജില്ലാ ഭരണകൂടം ചിന്ന ചിന്ന ആശൈ ആസൂത്രണം ചെയ്തതെന്നും കലക്ടർ പറഞ്ഞു.
പദ്ധതിയിങ്ങനെ: വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് പരിശോധിച്ച ശേഷം ചൈൽഡ് ഹോമുകളെ തിരഞ്ഞെടുത്തു. സമ്മാനങ്ങൾ കൃത്യമായി കുട്ടികളുടെ കൈകളിൽ കിട്ടുമെന്ന് ഉറപ്പാക്കി. വസ്ത്രങ്ങൾ, വാച്ചുകൾ, സ്‌കൂൾ ബാഗുകൾ, കുട, ഷൂസ്, സ്പോർട്സ് ഉപകരണങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിങ്ങനെ 27 ഇനങ്ങളിലായുള്ള കുട്ടികളുടെ ആഗ്രഹങ്ങൾ പൊതുജനങ്ങൾക്കായി ലിസ്റ്റ് ചെയ്ത് നൽകി.
448 പേർ ഓൺലൈൻ ഇ കാർട്ടിലൂടെയും 274 പേർ ചൈൽഡ് ഹോമുകളിൽ നേരിട്ടും 189 പേർ കൊറിയർ മുഖേനയും 169 പേർ കലക്ടറേറ്റ്, താലൂക്കുകൾ എന്നിവിടങ്ങളിലെ കലക്‌ഷൻ സെന്റർ മുഖേനയും സമ്മാനങ്ങൾ എത്തിച്ചു. ഇനിയും സമ്മാനങ്ങൾ നൽകണമെന്ന് ആഗ്രഹമുള്ളവർക്ക് ടെലിവിഷൻ, സൈക്കിൾ പോലെ ചൈൽഡ് ഹോമുകളിലെ കുട്ടികൾക്ക് പൊതുവിൽ ഉപയോഗിക്കാൻ കഴിയുന്നവ കലക്ടറേറ്റിലോ താലൂക്കുകളിലെ കലക്‌ഷൻ സെന്ററുകളിലോ നേരിട്ട് എത്തിക്കാം.