ADVERTISEMENT

നെല്ലാപ്പാറ∙ കുരിശുപള്ളി വളവിൽ അപകടമൊഴിയുന്നില്ല. ബുധൻ രാത്രി ഒൻപതരയോടെ തടി കയറ്റി വന്ന ട്രക്ക് വളവിൽ തലകീഴായി മറിഞ്ഞതാണ് ഒടുവിലത്തെ അപകടം. തമിഴ്നാട് റജിസ്ട്രേഷനിലുള്ള ട്രക്കാണ് അപകടത്തിൽപെട്ടത്. കൊടുംവളവ് തിരിയുമ്പോൾ, തടി കയറ്റിയ പ്ലാറ്റ്ഫോം വാഹനവുമായി ബന്ധിപ്പിക്കുന്ന ബോൾട്ട് ഊരിയപ്പോയതാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു. പ്ലാറ്റ്ഫോം മാത്രമാണ് തലകീഴായി മറിഞ്ഞത്. മാസങ്ങൾക്കു മുൻപ് ഇതേ സ്ഥലത്ത് ലോഡുമായി വളവുതിരിയുന്നതിനിടെ ലോറി തലകീഴായി മറിഞ്ഞിരുന്നു.

റോഡ് നിർമാണത്തിലെ തകരാറാണ് അപകടം പതിവാകുന്നതിനു കാരണമെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.  കൊടുംവളവിൽ നിറയെ ചെറുകുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ഇറക്കമിറങ്ങി വരുന്ന വാഹനങ്ങൾക്ക് നിയന്ത്രണം നഷ്ടപ്പെടാൻ ഇതൊരു പ്രധാന കാരണമാണ്. നിലവിൽ റോഡിന്റെ ഉത്തരവാദിത്തം ആർക്കാണെന്ന് വ്യക്തമാകാത്ത നിലയിലാണ് അധികൃതരിൽനിന്നു ലഭിക്കുന്ന മറുപടികൾ. പൊൻകുന്നം മുതൽ വെങ്ങല്ലൂർ വരെയുള്ള ഭാഗം കെഎസ്ടിപി പൊൻകുന്നം ഡിവിഷന്റെ പരിധിയിലാണ് എന്നാണ് പിഡബ്ല്യുഡി നിരത്തുവിഭാഗം തൊടുപുഴ ഓഫിസ് നൽകുന്ന വിശദീകരണം.

എന്നാൽ നിർമാണത്തോടെ തങ്ങളുടെ കടമ കഴിഞ്ഞുവെന്നും അറ്റകുറ്റപ്പണികൾ പൊതുമരാമത്ത് വകുപ്പ് മെയിന്റനൻസ് വിഭാഗം കോട്ടയത്തിനാണെന്നുമാണ് കെഎസ്‌ടിപി നൽകുന്ന മറുപടി. മാസങ്ങൾക്കു മുൻപ് കുരിശുപള്ളി വളവിൽ ലോഡ് കണക്കിന് സിമന്റ് ടൈലുകൾ ഇറക്കിയിരുന്നു. എന്നാൽ ഇപ്പോൾ അതു കാടുകയറിയ അവസ്ഥയിലാണ്. ഇത് എന്തിനാണ് ഇവിടെ ഇറക്കിയിരിക്കുന്നതെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം അധികൃതരിൽനിന്നു ലഭിക്കുന്നില്ലെന്ന് പ്രദേശവാസികളും പറയുന്നു.

English Summary:

Kurisupally Curve was once again the site of an accident, raising concerns about its safety. A timber truck overturned on Wednesday night, with eyewitnesses reporting that the platform detached from the vehicle. This incident follows a similar one just months ago, fueling local accusations of faulty road construction.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com