ഈ വഴി പോയാൽ, ഒരു വഴിയാകും
Mail This Article
നെടുങ്കണ്ടം ∙ പുഷ്പകണ്ടം-അണക്കരമെട്ട് റോഡ് തകർന്നതോടെ നാട്ടുകാർ ദുരിതത്തിൽ. നെടുങ്കണ്ടം പഞ്ചായത്തിലെ 9, 10 വാർഡുകളിൽകൂടി കടന്നുപോകുന്ന റോഡ് പുഷ്പകണ്ടം, അണക്കരമെട്ട് പ്രദേശവാസികളുടെ ഏക യാത്രാമാർഗമാണ്. നെടുങ്കണ്ടം പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന ഗ്രാമീണ റോഡുകളിലൊന്നായ റോഡ് കാറ്റാടിപ്പാടം പദ്ധതി എത്തിയതോടെ എംപി-എംഎൽഎ, ത്രിതല പഞ്ചായത്തുകൾ എന്നിവരുടെ ഫണ്ടുകൾ ഉപയോഗിച്ച് പൂർണമായും ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കിയിരുന്നു. എന്നാൽ പിന്നീട് അധികൃതർ തിരിഞ്ഞുനോക്കാതായതോടെ റോഡിപ്പോൾ പൂർണമായും തകർന്ന നിലയിലാണ്.
ടാറിങ് പൊളിഞ്ഞ് മെറ്റലുകൾ ഇളകി കുണ്ടുംകുഴിയുമായ റോഡിൽ കൂടി വരാൻ ടാക്സി വാഹനങ്ങൾ പോലും തയാറാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. മുൻപ് ഏഴോളം സ്കൂൾ ബസുകൾ ഇവിടേക്ക് എത്തുന്നുണ്ടായിരുന്നെങ്കിലും റോഡ് തകർന്നതോടെ ഇവയിൽ പലതും ഇവിടേക്ക് എത്താതായി. ഓട്ടോറിക്ഷകളും സവാരി നടത്താൻ മടിക്കുകയാണ്.
വാഹനങ്ങൾക്ക് സൈഡ് നൽകാൻ പോലും സാധിക്കാത്ത അവസ്ഥയിലായിട്ടും റോഡ് നന്നാക്കാൻ അധികാരികൾ തയാറാകുന്നില്ലെന്നാണ് ആക്ഷേപം. കൂടാതെ ഒട്ടേറെ വിനോദ സഞ്ചാരികളുടെ വാഹനങ്ങളും ഇവിടെയെത്തി കുടുങ്ങിപ്പോകുന്നുണ്ട്. റോഡ് പൂർണമായും റീ ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.