കുട്ടികളെ കാട്ടാന ഓടിച്ച സംഭവം: പ്രതിഷേധം ശക്തം
Mail This Article
പീരുമേട് ∙ സ്കൂളിന് മുന്നിൽ ബസ് കാത്തുനിന്ന കുട്ടികളെ കാട്ടാന ഓടിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. വനം വകുപ്പിനെതിരെ പ്രതിഷേധവുമായി ജനപ്രതിനിധികളും രാഷ്ട്രീയപാർട്ടികളും രംഗത്തെത്തി.ഏതാനും മാസങ്ങളായി പീരുമേട്, കുട്ടിക്കാനം ജനവാസമേഖലകളിൽ തമ്പടിച്ചിരുന്ന ആന കഴിഞ്ഞ ദിവസം ദേശീയപാതയോരത്ത് സ്കൂളിനു സമീപം ബസ് കാത്തുനിന്ന വിദ്യാർഥികൾക്കു സമീപത്തുവരെ എത്തിയത് വലിയ ആശങ്കയാണ് ഉയർത്തിയത്.
മരിയഗിരി ഇഎം എച്ച്എസ്എസിലെ സ്കൂളിലെ വിദ്യാർഥികൾക്കു നേരെയാണ് ആന പാഞ്ഞെത്തിയത്. കുട്ടികൾ സ്കൂൾ വളപ്പിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു. പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ വാഴൂർ സോമൻ എംഎൽഎ, പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആർ.ദിനേശൻ, വൈസ് പ്രസിഡന്റ് ലക്ഷണി ഹെലൻ, പഞ്ചായത്ത് അംഗം ജെ.തോമസ്, വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സ്കൂളിലെത്തി മാനേജ്മെന്റുമായി ചർച്ച നടത്തി.
വാഹനമില്ലെന്ന് വനംവകുപ്പ്
വന്യമൃഗശല്യവുമായി ബന്ധപ്പെട്ട് ജനങ്ങളിൽനിന്നു ലഭിക്കുന്ന പരാതി അറിയിക്കുന്നതിനായി ഫോണിൽ വിളിക്കുമ്പോൾ പലപ്പോഴും എരുമേലി റേഞ്ച് ഓഫിസർ ഫോൺ എടുക്കുന്നില്ലെന്ന് എംഎൽഎ ആരോപിച്ചു. സ്കൂൾ പരിസരത്ത് ആന എത്തിയ വിവരം അറിയിക്കാൻ വിളിച്ചപ്പോൾ വാഹനമില്ല എന്നു മറുപടി ലഭിച്ചെന്നും പിന്നീട് പഞ്ചായത്തിന്റെ വാഹനത്തിലാണ് ആർആർടി അംഗങ്ങളെ സ്ഥലത്ത് എത്തിച്ചതെന്നും പഞ്ചായത്ത് പ്രസിഡന്റ് ദിനേശനും പറഞ്ഞു.
സർക്കാർ അതിഥി മന്ദിരം, ട്രഷറി ക്വാർട്ടേഴ്സ്, തട്ടാത്തിക്കാനം, എംബിസി കോളജ് പരിസരം, തോട്ടാപ്പുര, ബഥേൽ പ്ലാന്റേഷന്റെ ഗ്ലെൻമേരിയിലെ ഏലത്തോട്ടം എന്നിവിടങ്ങളിലാണ് ആന കൂടുതൽ നാശം വിതച്ചിരിക്കുന്നത്. ആന നിലയുറപ്പിച്ചതിന്റെ തൊട്ടരികിൽ വരെ പടക്കം പൊട്ടിച്ചിട്ടും ആന പിന്തിരിയുന്നില്ല. പിടിയാനയ്ക്കു കേൾവിക്കുറവുള്ളതാണ് ഇതിനു കാരണമെന്നാണ് വനം വകുപ്പിന്റെ വിശദീകരണം.
ശിശുദിനറാലി ഉപേക്ഷിച്ചു
മരിയഗിരി സ്കൂളിന്റെ നേതൃത്വത്തിൽ ദേശീയപാത വഴി നടത്താനിരുന്ന ശിശുദിന റാലി കാട്ടാന ഭീഷണിയെ തുടർന്ന് ഉപേക്ഷിച്ചു. വ്യാഴാഴ്ച രാവിലെയാണ് റാലി നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ ബുധനാഴ്ച വൈകിട്ട് ആന സ്കൂളിന്റെ മുന്നിൽ എത്തുകയും പിന്നീട് സമീപത്തെ യൂക്കാലിത്തോട്ടത്തിലേക്കു പോവുകയും ചെയ്ത സാഹചര്യത്തിൽ ശിശുദിന പരിപാടി സ്കൂൾ ഓഡിറ്റോറിയത്തിലേക്കു മാറ്റുകയായിരുന്നു.
കോൺഗ്രസ് ധർണ നടത്തി
വന്യമൃഗശല്യം അമർച്ച ചെയ്യാൻ വനം വകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചു കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വനം വകുപ്പിന്റെ ദ്രുതകർമ സേന ഓഫിസിലേക്ക് മാർച്ച് നടത്തി. തുടർന്ന് നടന്ന സമരം ഡിസിസി സെക്രട്ടറി ബെന്നി പെരുവന്താനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.രാജൻ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ പി.കെ.രാജൻ, സി.യേശുദാസ്, നിക്സൺ ജോർജ്, പി.സെയ്താലി, മനോജ് രാജൻ, അനൂപ് ചേലക്കൽ, ജി.വിനിഷ്, സാലമ്മ വർഗീസ് എന്നിവർ പ്രസംഗിച്ചു. 24 മണിക്കൂറും പട്രോളിങ് നടത്തും, ആർആർടി സംഘത്തിൽ കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്തും എന്നീ ഉറപ്പുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചതെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
സിപിഎം ഉപരോധം ഇന്ന്
ആന ശല്യത്തിൽ വനം വകുപ്പിന് എതിരെ പ്രതിഷേധവുമായി സിപിഎമ്മും. സിപിഎം നേതൃത്വത്തിൽ ഇന്ന് പീരുമേട്ടിൽ ദേശീയപാത ഉപരോധിക്കും. രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ബിനു സമരം ഉദ്ഘാടനം ചെയ്യും.
18ന് യോഗം
പീരുമേട് നിയോജകമണ്ഡലത്തിലെ വ്യാപകമായ വന്യമൃഗല്യത്തെ സംബന്ധിച്ചു ചർച്ച ചെയ്യാൻ തിങ്കളാഴ്ച 10ന് പീരുമേട് താലൂക്ക് ഓഫിസിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ,രാഷ്ട്രീയ പാർട്ടികൾ, സംഘടനകൾ എന്നിവരുടെ യോഗം ചേരും.