ഢായി ആഖർ പദ്ധതി: തപാൽ ഉദ്യോഗസ്ഥർ നല്ലതണ്ണി ലിറ്റിൽ ഫ്ലവർ സ്കൂളിലെത്തി
Mail This Article
മൂന്നാർ ∙ യുവതലമുറയിലെ കുട്ടികളിൽ തപാൽ വഴി കത്തുകളെഴുതി അയയ്ക്കുക, സ്റ്റാംപ് ശേഖരണം വളർത്തുക എന്നിവ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ഢായി ആഖർ പദ്ധതിയുടെ ഭാഗമായി തപാൽ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ മൂന്നാർ നല്ലതണ്ണി ലിറ്റിൽ ഫ്ലവർ സ്കൂളിലെത്തി. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തു നിന്നു തിരഞ്ഞെടുക്കപ്പെട്ട ഏക സ്കൂളാണ് നല്ലതണ്ണി ലിറ്റിൽ ഫ്ലവർ സ്കൂൾ. തപാൽ വകുപ്പിന്റെ ബെംഗളൂരു സോണിൽ നിന്നുള്ള 17 അംഗ ടീമാണ് ഇന്നലെ സ്കൂളിലെത്തിയത്.
തിരഞ്ഞെടുക്കപ്പെട്ട 50 കുട്ടികൾക്ക് കത്തെഴുത്തു മത്സരം, മുഴുവൻ കുട്ടികൾക്കും സമൂഹമാധ്യമങ്ങൾക്കു പകരം കത്തുകളും പോസ്റ്റുകാർഡുകളും ഉപയോഗിക്കുന്നതിന്റെ ഗുണഫലങ്ങൾ സംബന്ധിച്ചുള്ള ബോധവൽക്കരണ ക്ലാസുകൾ എന്നിവ നടത്തി. ഡയറക്ടർ ഓഫ് പോസ്റ്റൽ സർവീസ് ദിൽഷ പന്നു ഹണിയുടെ നേത്യത്യത്തിലുള്ള സംഘമാണ് സ്കൂളിലെത്തിയത്.
ബെംഗളൂരുവിൽ നിന്നു ബുള്ളറ്റിൽ യാത്ര ചെയ്യുന്ന സംഘം പുതുച്ചേരി, രാമേശ്വരം, കന്യാകുമാരി, മൂന്നാർ, മൈസൂരു എന്നിവിടങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. വ്യത്യസ്ത ഭാഷകളിലുള്ള വിദ്യാർഥികൾ പഠിക്കുന്നയിടമെന്ന നിലയിലാണ് മൂന്നാർ ലിറ്റിൽ ഫ്ലവർ സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടത്. പ്രധാനാധ്യാപിക സിസ്റ്റർ ജയന്തി സേവ്യറിന്റെ നേതൃത്വത്തിലുള്ള അധ്യാപകർ സംഘത്തെ സ്വീകരിച്ചു. ചടങ്ങിൽ മൂന്നാർ പോസ്റ്റ് ഓഫിസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.