ശബരിമല തീർഥാടനം: കുമളി– മുണ്ടക്കയം റൂട്ട് സേഫ് സോൺ
Mail This Article
പീരുമേട് ∙ ശബരിമല തീർഥാടകർക്ക് ഗതാഗത ക്രമീകരണത്തിനും മാർഗനിർദേശങ്ങൾ നൽകാനുമായി കുമളി –മുണ്ടക്കയം റൂട്ടിൽ 24 മണിക്കൂർ സേവനവുമായി മോട്ടർ വാഹന വകുപ്പിന്റെ സേഫ് സോൺ പദ്ധതിക്ക് തുടക്കം കുറിച്ചു. പശ്ചിമഘട്ട റോഡിന്റെ പ്രത്യേകതകൾ, ദീർഘദൂര വാഹനങ്ങളിലെ ഡ്രൈവർമാർക്ക് അപകടസാധ്യത എന്നിവ സംബന്ധിച്ച വിവരങ്ങൾ നൽകുക, അമിതവേഗം നിയന്ത്രിക്കുക, കെകെ റോഡിലെ അശാസ്ത്രീയമായ പാർക്കിങ്ങുകൾ ഒഴിവാക്കി ഗതാഗതം സുഗമമാക്കുക, തകരാറിലാകുന്ന വാഹനങ്ങൾക്ക് അറ്റകുറ്റപ്പണികൾക്ക് ആവശ്യമായ സഹായം ഉറപ്പാക്കുക, ഡ്രൈവർമാർക്ക് സുരക്ഷാ നിർദേശം, അപകടവളവുകളിൽ ജീവനക്കാരുടെ സാന്നിധ്യം എന്നിവയാണ് സേഫ് സോൺ പദ്ധതി വഴി നടപ്പിലാക്കുന്നത്.
പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആർ.ദിനേശൻ സേഫ് സോൺ പദ്ധതി ഉദ്ഘാടനം ചെയ്തു. ഇടുക്കി റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ പി.എം.ഷബീർ അധ്യക്ഷത വഹിച്ചു. ഇടുക്കി ജില്ലാ എൻഫോഴ്സ്മെന്റ് ഓഫിസർ കെ.കെ.രാജീവ്, പഞ്ചായത്ത് അംഗം ജെ.തോമസ്, അസിസ്റ്റന്റ് മോട്ടർ ഇൻസ്പെക്ടർ ഉല്ലാസ് ഡി.ചരളേൽ എന്നിവർ പ്രസംഗിച്ചു.
രണ്ടു പേർ വീതമുളള നാലംഗ ടീം മുഴുവൻ സമയവും പട്രോളിങ് നടത്തും. കൂടാതെ കൺട്രോൾ മുറിയിൽ 24 മണിക്കൂറും ജീവനക്കാരുടെ സേവനവും ഉണ്ടാകും. കുട്ടിക്കാനത്തിനു പുറമേ എരുമേലി, ഇലവുങ്കൽ എന്നിവിടങ്ങളിലും സേഫ് സോൺ പദ്ധതിയുണ്ട്. എരുമേലിയിൽ ആറ്, ഇലവുങ്കൽ എട്ട് എന്നിങ്ങനെ ടീമിനെ നിയോഗിച്ചിട്ടുണ്ട്.
തീർഥാടകരുടെ സുരക്ഷയ്ക്കായി പൊലീസിന്റെ 10 ക്ലസ്റ്ററുകൾ
വണ്ടിപ്പെരിയാർ ∙ ശബരിമല തീർഥാടകരുടെ സുരക്ഷയ്ക്കായി പൊലീസിന്റെ 10 ക്ലസ്റ്ററുകൾ ആദ്യഘട്ടത്തിൽ നിലവിൽ വന്നു. കുമളി, വണ്ടിപ്പെരിയാർ, പുല്ലുമേട്, സത്രം, പീരുമേട്, കുട്ടിക്കാനം, പെരുവന്താനം എന്നിവിടങ്ങളിൽ ഉൾപ്പെടെയാണു ക്ലസറ്ററുകൾ. ഒരു ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ 412 സേനാ അംഗങ്ങൾ, 150 സ്പെഷൽ പൊലീസ് അംഗങ്ങൾ എന്നിവരെയും നിയോഗിച്ചു. സത്രത്തിൽ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ അടുത്ത ഘട്ടത്തിൽ നിയോഗിക്കും. ഗതാഗതക്കുരുക്ക് ഒഴിവാക്കുകയാണ് ലക്ഷ്യം. എറണാകുളം റേഞ്ച് ഐജി തോംസൺ ജോസിന്റെ നേതൃത്വത്തിൽ ഇതുമായി ബന്ധപ്പെട്ട അവലോകനയോഗം ചേർന്നു. ജില്ലാ പൊലീസ് മേധാവി ടി.കെ.വിഷ്ണുപ്രദീപ്, എഎസ്‌പി രാജേഷ്‌കുമാർ, ഡിവൈഎസ്‌പിമാരായ സജീവ് ചെറിയാൻ, വിശാൽ ജോൺസൺ, കെ.ആർ.ബിജു എന്നിവർ പങ്കെടുത്തു.
ക്രാഷ് ബാരിയറുകൾ മാറ്റി സ്ഥാപിക്കുന്നു
പീരുമേട് ∙ കെകെ റോഡിൽ തകർന്ന ക്രാഷ് ബാരിയറുകൾ മാറ്റി സ്ഥാപിച്ചുതുടങ്ങി. കുട്ടിക്കാനം മുതൽ പെരുവന്താനം വരെയുളള പ്രദേശങ്ങളിൽ വാഹനങ്ങൾ ഇടിച്ചും കാലപ്പഴക്കം കൊണ്ടും നശിച്ച ക്രാഷ് ബാരിയറുകൾക്കു പകരം പുതിയവ സ്ഥാപിക്കുന്നതിനൊപ്പം റോഡിലേക്കു വളർന്നുകിടക്കുന്ന മരത്തിന്റെ ശിഖരങ്ങൾ, കാട്ടുചെടികൾ എന്നിവയും വെട്ടിനീക്കിത്തുടങ്ങി. ഡ്രൈവർമാർക്കു റോഡിലെ കാഴ്ചകൾ കാണുന്നതിനു കഴിയാത്ത സാഹചര്യത്തിൽ കാട്ടുചെടികൾ വളർന്ന് മുന്നറിയിപ്പ് സംവിധാനങ്ങൾ, അടയാള ബോർഡുകൾ എന്നിവയെ മറച്ചിരുന്നു.