വട്ടിപ്പലിശക്കാരുടെ പിടിയിൽ ഹൈറേഞ്ച്; ചുരുളിയിൽ വമ്പൻബ്ലേഡ് മാഫിയ സംഘങ്ങൾ
Mail This Article
ചെറുതോണി ∙ ഹൈറേഞ്ചിൽ ഒരു ഇടവേളയ്ക്കു ശേഷം വട്ടിപ്പലിശക്കാർ സജീവമായി. ബ്ലേഡുകാരുടെ മാഫിയ സംഘത്തിന്റെ ഭീഷണിക്കു മുന്നിൽ പിടിച്ചു നിൽക്കാനാവാതെ വീട്ടമ്മയ്ക്കു കൊടുക്കേണ്ടി വന്നതു സ്വന്തം ജീവൻ. കഞ്ഞിക്കുഴി പഞ്ചായത്തിലെ ചുരുളിയിൽ ഒരാഴ്ച മുൻപ് യുവതിയായ വീട്ടമ്മ ജീവനൊടുക്കിയത് ബ്ലേഡ് പലിശക്കാരുടെ ഭീഷണിയെ തുടർന്നാണെന്നു നാട്ടുകാർ ആരോപിക്കുന്നു. ഇവർക്ക് വൻതുക കട ബാധ്യതയുണ്ടെന്നാണു വിവരം. സ്വന്തമായി പശുക്കളെ വളർത്തിയും തൊഴിലുറപ്പു ജോലി ചെയ്തുമായിരുന്നു ഇവർ കുടുംബം നോക്കിയിരുന്നത്.
ദിവസേന 80 ലീറ്റർ പാൽ അളന്നിരുന്ന ഇവർ മികച്ച കർഷകയുമായിരുന്നു. നാട്ടിലുള്ള ഏതാനും പേരിൽ നിന്നും കുടുംബശ്രീയിൽ നിന്നും ഇവർ ലക്ഷക്കണക്കിനു രൂപ കടം വാങ്ങിയിരുന്നു. തവണ മുടങ്ങിയതിനെ തുടർന്ന് പലിശക്കാർ വീട്ടമ്മയെ ഭീഷണിപ്പെടുത്തിയാതായും സൂചനയുണ്ട്. ഇതു സംബന്ധിച്ച് കഞ്ഞിക്കുഴി പൊലീസ് അന്വേഷണമാരംഭിച്ചതായി എസ്എച്ച്ഒ പറഞ്ഞു. ഇവരുടെ മൊബൈൽ ഫോൺ, ബാങ്ക് അക്കൗണ്ടുകൾ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം.
ചുരുളിയിൽ വമ്പൻബ്ലേഡ് മാഫിയ സംഘങ്ങൾ
∙ ചേലച്ചുവട് കഞ്ഞിക്കുഴി പഞ്ചായത്തിലെ ചുരുളി കേന്ദ്രീകരിച്ച് ഒരു ഡസൻ ബ്ലേഡ് മാഫിയ സംഘം ഉണ്ടെന്നു നാട്ടുകാർ. ഇവരെല്ലാവരും ഭാര്യമാർ വഴിയാണ് പലിശയ്ക്കു പണം കൊടുക്കുന്നത്. എൺപതും നൂറും ശതമാനം വരെയാണ് ഇത്തരക്കാരുടെ പലിശ നിരക്ക്. സ്ത്രീകളെ കേന്ദ്രീകരിച്ചാണ് ഇവർ കൊള്ള പലിശയ്ക്ക് തുക നൽകുന്നത്. കുടുബശ്രീ പോലെയുള്ള സ്ഥാപനങ്ങളെ ദുരുപയോഗപ്പെടുത്തിയും ഈ സാമ്പത്തിക തട്ടിപ്പ് നടത്തുന്നവരുണ്ട്.
കുടുംബശ്രീ അംഗങ്ങളെ കൊണ്ട് കുറഞ്ഞ ശതമാനം പലിശയ്ക്ക് ജെഎൽജി വായ്പ തരപ്പെടുത്തി അതിന്റെ പലമടങ്ങ് പലിശയ്ക്ക് മറിച്ച് നൽകിയാണെന്നു പറയുന്നു. ഇതിന് ചില ഭരണ സംവിധാനങ്ങൾ കുട പിടിക്കുന്നതായും ആരോപണമുണ്ട്. പണം സമയത്ത് ലഭിക്കാതെ വരുമ്പോൾ ഇവർ വീടുകളിൽ കയറി സ്ത്രീകളെ ഭീഷണിപ്പെടുത്തും. ഭീമമായ കടബാധ്യത താങ്ങാൻ സാധിക്കാതെ വരുമ്പോൾ വീട്ടമ്മമാർ കടുംകൈ ചെയ്യാൻ നിർബന്ധിതരാകും. ഗ്രാമങ്ങളിലെ ബ്ലേഡ് മാഫിയകൾക്കെതിരെ അധികൃതർ ശക്തമായ നടപടികൾ എടുത്തില്ലെങ്കിൽ ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ സാധ്യത ഉണ്ടെന്നു നാട്ടുകാർ പറയുന്നു.