ADVERTISEMENT

പീരുമേട് ∙ ജനവാസകേന്ദ്രങ്ങളിൽ നിന്നു കാട്ടാനയെ തുരത്തുന്നതിനു വേണ്ടി പീരുമേട്ടിൽ നിന്നു മൂന്നു കിലോമീറ്റർ അകലെ പ്ലാക്കത്തടത്ത് വനാതിർത്തിയിൽ 5.5 കിലോമീറ്റർ ദൂരത്തിൽ സോളർ വേലി നിർമിക്കുന്നു. നബാർഡ് അനുവദിച്ച 56 ലക്ഷം രൂപ ഉപയോഗിച്ചാണു വേലി നിർമിക്കുക. പൊലീസ് കൺസ്ട്രക്ഷൻ കോർപറേഷനാണു വേലി നിർമാണത്തിന്റെ ചുമതല. ഇവർ ഇതു സംബന്ധിച്ചു കരാർ നടപടികൾ പൂർത്തിയാക്കി. വനത്തിൽ നിന്നു കാട്ടാനകളും മറ്റു വന്യജീവികളും പ്ലാക്കത്തടത്തെ ആനത്താരകൾ വഴിയാണു ജനവാസകേന്ദ്രങ്ങളിലേക്കു പ്രവേശിക്കുന്നത് എന്ന കണ്ടെത്തലിനെ തുടർന്നാണ് ആദ്യ ഘട്ടത്തിൽ തന്നെ ഇവിടെ സോളർ വേലി സ്ഥാപിക്കുന്നത്. 

എന്നാൽ കാട്ടാന ഉൾപ്പെടെ വന്യമൃഗങ്ങൾ ജനവാസമേഖലകളിൽ തമ്പടിച്ചിരിക്കുന്ന സാഹചര്യത്തിൽ തിടുക്കപ്പെട്ട് സോളർ വേലി പ്ലാക്കത്തടത്ത് സ്ഥാപിക്കരുതെന്ന് പ്രദേശവാസികളും, ജനപ്രതിനിധികളും ആവശ്യപ്പെടുന്നു. ജനങ്ങളെ നെട്ടോട്ടം ഓടിക്കുന്ന കാട്ടാനയെ വനത്തിലേക്കു തുരത്തിയ ശേഷം മാത്രം വേലി സ്ഥാപിക്കാവൂ എന്ന് പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആർ.ദിനേശൻ ആവശ്യപ്പെട്ടു.

∙ സിപിഎം ഉപരോധം
ആന ശല്യത്തിൽ പരിഹാര നടപടികൾ വനംവകുപ്പ് സ്വീകരിക്കുന്നില്ല എന്ന് ആരോപിച്ച് സിപിഎം വനം വകുപ്പിന്റെ ദ്രുത കർമസേനയുടെ ഓഫിസ് ഉപരോധിച്ചു. കാട്ടാന ദിവസങ്ങളായി നാട്ടിൽ തമ്പടിച്ചിട്ടും വനപാലകർ ഇതിനെ തുരത്താൻ തയാറാവുന്നില്ല എന്ന് ആരോപിച്ചു നടന്ന സമരം പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആർ.ദിനേശൻ ഉദ്ഘാടനം ചെയ്തു. സിപിഎം ഏരിയ സെക്രട്ടറി എസ്.സാബു, ഭാരവാഹികളായ വൈ.എം.ബെന്നി, വി.എസ്.പ്രസന്നൻ,സി.ആർ.സോമൻ,പി.എ.ജേക്കബ്, കെ.ബി.സിജിമോൻ,വി.ഷൈജൻ, ടി.കെ.മോഹനൻ എന്നിവർ പ്രസംഗിച്ചു.

ആന തൊട്ടടുത്ത്; ഭയം വിട്ടുമാറാതെ വേണി
പീരുമേട്∙ റോഡിൽ കൂടി തങ്ങൾക്ക് നേരെ പാഞ്ഞു വന്ന കാട്ടാനയെ കുറിച്ചു പറയുമ്പോൾ പ്ലസ് വൺ വിദ്യാർഥിനി വേണിയുടെ മനസ്സിൽ നിന്നു ഇനിയും അങ്കലാപ്പ് വിട്ടൊഴിഞ്ഞിട്ടില്ല. 
വേണി സംസാരിക്കുന്നു :‘സ്കൂളിൽ നിന്നു വീട്ടിലേക്കു പോകാൻ പതിവു പോലെ ബസ് കാത്തു നിൽക്കുകയായിരുന്നു ഞങ്ങൾ കൂട്ടുകാർ. പെട്ടെന്നാണ് തൊട്ടടുത്ത് ആനയെ കാണുന്നത്. ആനയെ കണ്ടതിനു പിന്നാലെ കൂട്ടുകാരി അലറി വിളിച്ചു റോഡിനു കുറുകെ ഓടി.

പിന്നാലെ ഞങ്ങളും ഓടി. ഈ സമയം എന്റെ തൊട്ടു പിന്നിൽ ആന ഉണ്ടായിരുന്നു. സ്കൂൾ ഗേറ്റ് കടന്നു തങ്ങൾ അകത്തേക്ക് ഓടിക്കയറി. പിന്നീടാണ് ശ്വാസം വലിച്ചു വിട്ടത്. സ്കൂൾ വളപ്പിൽ കയറിയ ശേഷം തിരിഞ്ഞു നോക്കുമ്പോൾ ആന ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ സമീപത്തു കൂടി പോകുന്നതു കണ്ടു. പിന്നാലെ കുട്ടികൾ എല്ലാം മടങ്ങി വന്നു. പക്ഷേ എല്ലാവരുടെയും മുഖത്ത് കൺമുന്നിൽ ആനയെ കണ്ടതിന്റെ ഭയം തെളിഞ്ഞിരുന്നു.’ – വേണി പറഞ്ഞു. പള്ളിക്കുന്ന് സ്വദേശിയും ഫിഷറീസ് വകുപ്പ് ജീവനക്കാരനുമായ ഗിരീഷിന്റെ മകളാണ് വേണി.

200 ഏക്കറിലധികം ഏലക്കൃഷി നശിപ്പിച്ച് കാട്ടാന
രാജകുമാരി∙ ശാന്തൻപാറ പഞ്ചായത്തിലെ ചുണ്ടൽ, ചിന്നക്കനാൽ പഞ്ചായത്തിലെ ബിഎൽ റാം എന്നിവിടങ്ങളിൽ കാട്ടാനക്കൂട്ടം 200 ഏക്കറിലധികം സ്ഥലത്തെ ഏലക്കൃഷി നശിപ്പിച്ചു. ഇരുപതോളം കർഷകരുടെ കൃഷി നശിച്ചിട്ടുണ്ടെന്നാണു വിവരം. ഒരാഴ്ചയായി ഈ മേഖലയിൽ തമ്പടിച്ചിരിക്കുന്ന എട്ടും അഞ്ചും അംഗങ്ങളുള്ള 2 കാട്ടാനക്കൂട്ടമാണ് വ്യാപകമായി കൃഷി നശിപ്പിച്ചത്. അരയേക്കർ മുതൽ 10 ഏക്കർ വരെ ഏലം കൃഷി ചെയ്യുന്ന ഇടത്തരം കർഷകരുടെ ഭൂമിയിലും വൻകിട എസ്റ്റേറ്റുകളിലും കാട്ടാനക്കൂട്ടം നാശനഷ്ടമുണ്ടാക്കി.

വിളവെടുക്കാറായ ഏലച്ചെടികൾ ചവിട്ടിയൊടിച്ചും ഏലത്തിന്റെ ഇളം നാമ്പുകൾ തിന്നുമാണ് കാട്ടാനകൾ കർഷകർക്ക് നഷ്ടം വരുത്തിയത്. 2 കോടിയിലധികം രൂപയുടെ കൃഷിനാശമുണ്ടായതായാണു പ്രാഥമിക വിലയിരുത്തൽ. കർഷകർ അറിയിച്ചതിനെ തുടർന്നു 2 ദിവസം മുൻപ് ആർആർടി സംഘം സ്ഥലത്തെത്തിയിരുന്നു. എന്നാൽ കാട്ടാനക്കൂട്ടത്തെ പൂർണമായും തുരത്താൻ കഴിഞ്ഞില്ല. ചിന്നക്കനാൽ മേഖലയിൽ നിന്നെത്തിയ കാട്ടാനക്കൂട്ടങ്ങളാണു തങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി സൃഷ്ടിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.

∙ നഷ്ടം കോടികൾ, കണ്ണീരുമായി കർഷകർ
ഏലയ്ക്കയുടെ വില 2800 എത്തിയതോടെ ഈ സീസണിലെങ്കിലും പിടിച്ചുനിൽക്കാൻ കഴിയുമെന്നു പ്രതീക്ഷയായിരുന്നു ചുണ്ടൽ മേഖലയിലെ കർഷകർക്ക്. വരൾച്ചയെ തുടർന്ന് മേഖലയിൽ വ്യാപകമായി ഏലം കൃഷി നശിച്ചിരുന്നു. അതിനുശേഷം മഴക്കാലത്ത് കാറ്റു വീശിയും കൃഷി നശിച്ചു. ഇതൊക്കെ അതിജീവിച്ച് ഏലം കൃഷിയുമായി മുന്നോട്ടു പോയ കർഷകർക്കാണ് ഇപ്പോൾ വീണ്ടും കനത്ത നഷ്ടമുണ്ടായത്. കാട്ടാനകൾ മൂലം കൃഷി നശിച്ച ഭൂരിഭാഗം കർഷകരും കടക്കെണിയിലാണ്. മുൻപും കാട്ടാനയുടെ ശല്യമുണ്ടെങ്കിലും ഇത്രയും വ്യാപകമായി കൃഷിനാശമുണ്ടാകുന്നത് ആദ്യമാണെന്നു കർഷകനും ശാന്തൻപാറ പഞ്ചായത്ത് അംഗവുമായ പി.ടി.മുരുകൻ പറയുന്നു. കോടിക്കണക്കിന് രൂപയുടെ കൃഷിനാശം ഉണ്ടായെങ്കിലും നഷ്ടപരിഹാരം തുച്ഛമായതിനാൽ കർഷകർക്ക് മുന്നോട്ടുപോകാനാവില്ലെന്ന് ഒരേക്കറിലധികം കൃഷി നശിച്ച പി.എസ്.വില്യംസ് പറഞ്ഞു. 

English Summary:

In an effort to mitigate human-wildlife conflict, a 5.5 km solar fence is being constructed in Peerumedu, Kerala. This project, funded by NABARD, aims to deter wild elephants from entering populated areas and protect both communities and wildlife.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com