മനുഷ്യന്റെ സ്വൈരജീവിതത്തിനും സ്വപ്നങ്ങൾക്കും മേൽ ആറാടുകയാണ് കാട്ടാന
Mail This Article
ജില്ലയിൽ ആകെ വന്യമൃഗശല്യം ഉണ്ടെങ്കിലും നിലവിൽ പീരുമേട്, രാജകുമാരി മേഖലയിൽ കാട്ടാനശല്യം അതിരൂക്ഷമാണ്. പീരുമേട്ടിൽ കാട്ടാനകൾ ജനങ്ങൾക്കു നേരെ കുതിച്ചെത്തുമെങ്കിൽ രാജകുമാരിയിൽ ഇരുന്നൂറോളം ഏക്കറിലെ കൃഷി ഇതിനോടകം കാട്ടാന നശിപ്പിച്ചു കഴിഞ്ഞു. കഴിഞ്ഞ ഒരാഴ്ചയിൽ രണ്ടു പ്രദേശങ്ങളിലും കാട്ടാനകൾ വരുത്തിയ നഷ്ടങ്ങൾ ഇങ്ങനെ:
പീരുമേട്ടിലെ കാട്ടാനയുടെ ഒരാഴ്ച
കഴിഞ്ഞ ഞായറാഴ്ചയാണ് പീരുമേട്ടിൽ ജനവാസമേഖലയിലേക്ക് കാട്ടാന എത്തുന്നത്. തുടർന്ന് ഇന്നലെ വരെ സംഭവിച്ചത് :
∙10 – തട്ടാത്തിക്കാനത്ത് നിന്ന് എംബിസി കോളജ് റോഡ് വഴി ആന ഗ്ലെൻമേരിയിൽ, ഇവിടെ നിന്ന് കോഴിക്കാനം എസ്റ്റേറ്റിലേക്ക്. പന ഉൾപ്പെടെ തകർത്ത് ഇവിടെ നിലയുറപ്പിച്ചു.
∙11 – തിരികെ ഗ്ലെൻമേരി എസ്റ്റേറ്റിന്റെ ഏലക്കാട്ടിൽ ഇവിടെ വ്യാപകമായി നാശം വിതച്ചു.
∙12 – സർക്കാർ അതിഥി മന്ദിരത്തിന്റെ പരിസരത്ത്, ഇവിടെ നിന്നു യൂക്കാലിത്തോട്ടത്തിൽ.
∙13 – യൂക്കാലിത്തോട്ടത്തിൽ നിന്നു ദേശീയപാതയിലേക്ക് ചാടിയ ആന മരിയഗിരി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്കു നേരെ പാഞ്ഞടുത്തു. തുടർന്ന് തട്ടാത്തിക്കാനം ഭാഗത്തെ ജനവാസമേഖലയിലേക്ക്.
∙14 – തട്ടാത്തിക്കാനത്ത് നിന്ന് വുഡ് ലാൻസ് എസ്റ്റേറ്റിന്റെ പരിസര പ്രദേശങ്ങളിൽ ചുറ്റിയടിച്ച ശേഷം രാത്രി വീണ്ടും തേയിലത്തോട്ടത്തിൽ.
∙15 – തട്ടാത്തിക്കാനത്ത് നിന്നു രാവിലെ 8നു ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് യാത്രക്കാരനു നേരെ പാഞ്ഞടുത്തു. തുടർന്ന് യൂക്കാലിത്തോട്ടത്തിലേക്ക്. രാത്രി 7 മണിയോടെ വീണ്ടും ദേശീയപാതയിലേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും വനപാലകർ തുരത്തി. ഇതിനിടെ ആനയെ കണ്ട്, തമിഴ്‌നാട് സ്വദേശികളായ സ്കൂട്ടർ യാത്രക്കാർ റോഡിൽ വീണു. പരുക്കേറ്റ, ഒരു കുടുംബത്തിലെ 3 പേരെ വനപാലകർ തന്നെ ആശുപത്രിയിൽ എത്തിച്ചു.
∙16 – ദേശീയപാതയോരത്തെ യൂക്കാലിത്തോട്ടത്തിൽ നിന്നു പിൻവാങ്ങാതെ കാട്ടാന; റോഡിൽ നിലുറപ്പിച്ച് വനപാലകർ. പീരുമേട് മരിയഗിരി ഹയർസെക്കൻഡറി സ്കൂളിനു സമീപം തുടർച്ചയായി മൂന്നാം ദിവസത്തെയും കാഴ്ചയാണിത്. സ്കൂൾ വിദ്യാർഥികളുടെയും യാത്രക്കാരുടെയും സുരക്ഷ കണക്കിലെടുത്ത് ദ്രുതകർമ സേനയെയും വിവിധ ഫോറസ്റ്റ് സ്റ്റേഷനുകളിൽ നിന്നെത്തിയ വനപാലകരെയും പട്രോളിങ്ങിനായി 24 മണിക്കൂറും ഇവിടെ നിയോഗിച്ചിരിക്കുകയാണ്. കഴിഞ്ഞ ഏഴു ദിവസങ്ങളായി തുടർച്ചയായി ആന പ്രദേശവാസികളുടെയും വനപാലകരുടെയും ഉറക്കം കെടുത്തുകയാണ്.
കണ്ണീരിൽ മുങ്ങിയ കൃഷിയിടം
രാജാക്കാട്∙ ‘ഇനി എങ്ങനെ ജീവിക്കും’ – കഴിഞ്ഞ ആഴ്ചയിലെ കാട്ടാനക്കലിയിൽ ആകെയുള്ള 2 ഏക്കർ സ്ഥലത്തെ ഏലം മുഴുവൻ നശിച്ചതോടെ ചൂണ്ടൽ സ്വദേശി ശക്തിവേൽ ചോദിക്കുന്നു. 3 മക്കളുടെ വിദ്യാഭ്യാസം, വീട്ടുചെലവ് എല്ലാം മുന്നോട്ടു പോകുന്നത് ഏലത്തിൽ നിന്നുള്ള വരുമാനം കൊണ്ടു മാത്രമാണ്. ജീവിതമാർഗം നശിച്ച അവസ്ഥയാണ് ശക്തിവേലിന്റേത്. ചൂണ്ടൽ, തോണ്ടിമല, ബിഎൽ റാം, ഈട്ടിത്തേരി എന്നിവിടങ്ങളിലാണ് ഒരാഴ്ചയിലധികമായി കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നത്. 2 സംഘങ്ങളായുള്ള 13 കാട്ടാനകളാണ് കർഷകരുടെ സ്വപ്നങ്ങൾ ചവിട്ടിമെതിച്ചത്. എഴുപതിലധികം കർഷകരുടെ 200 ഏക്കറോളം സ്ഥലത്തെ ഏലം കൃഷി കാട്ടാന നശിപ്പിച്ചെന്നാണ് നാട്ടുകാർ പറയുന്നത്.
കാട്ടാനകൾ ഏലച്ചെടിയുടെ ഇളം നാമ്പുകൾ തിന്നുന്നതോടൊപ്പം ഏലച്ചെടികൾ ചവിട്ടിയരച്ചാണ് ഒരിടത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് പോകുന്നത്. ഇതാണ് കൃഷിനാശത്തിന്റെ അളവ് വർധിക്കാൻ കാരണം. ഏലച്ചെടികൾ മെത്തയാക്കി കൊണ്ടുള്ള കുട്ടിയാനകളുടെ കളിയും കുസൃതികളും കർഷകരുടെ നഷ്ടം ഇരട്ടിയാക്കി. ഏറെക്കാലത്തിനു ശേഷമാണ് ഏലം വില 2800 രൂപയിൽ എത്തിയത്. വിളവെടുപ്പിന്റെ സമയത്ത് കാട്ടാനക്കൂട്ടം ഏലച്ചെടികൾ നശിപ്പിച്ചതോടെ ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ് കർഷകർക്കുണ്ടായത്.
തീർഥാടകരുടെ സുരക്ഷയിൽ ആശങ്ക
പീരുമേട് ∙ കെകെ റോഡിൽ വരെ കാട്ടാന ഇറങ്ങിയ സാഹചര്യത്തിൽ രാത്രി ഇതര സംസ്ഥാനങ്ങളിൽ നിന്നു കാൽനടയായി എത്തുന്ന ശബരിമല തീർഥാടകരുടെ സുരക്ഷയിൽ ആശങ്ക ഉയരുന്നു. കുമളി - മുണ്ടക്കയം റോഡിൽ തീർഥാടകരുടെ കാൽനടയാത്ര സംബന്ധിച്ചു ജാഗ്രതാ നിർദേശം വേണമെന്നു ചൂണ്ടിക്കാട്ടി പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗങ്ങൾ റിപ്പോർട്ട് നൽകി.
പീരുമേടിനും കുട്ടിക്കാനത്തിനും ഇടയിൽ കാട്ടാനയാണ് ഭീതി ഉയർത്തുന്നതെങ്കിൽ കാട്ടുപന്നികൾ കൂട്ടമായി കെകെ റോഡിനു കുറുകെ ചാടുന്നത് പതിവാണ്. കൂടാതെ കരടി മുതൽ പുലി വരെ ദേശീയപാതയോടു ചേർന്ന ജനവാസ കേന്ദ്രങ്ങളിൽ അടുത്തയിടെ പ്രത്യക്ഷപ്പെട്ടിരുന്നു. മുൻ വർഷങ്ങളിൽ നിന്നു വ്യത്യസ്തമായി വന്യമൃഗങ്ങൾ റോഡിൽ വിലസുന്നതു സംബന്ധിച്ച് ഇതര സംസ്ഥാന തീർഥാടകർക്കു ധാരണയില്ലാത്തതിനാൽ ചെക്പോസ്റ്റിൽ നിർദേശം നൽകണമെന്നാണ് ആവശ്യം.