വട്ടവടയിലെത്തുന്ന സഞ്ചാരികൾ പറയുന്നു: ഹാ... കഷ്ടം!!!
Mail This Article
മൂന്നാർ∙ ‘എന്ത് വിധിയിത് !!!’ പ്രകൃതി ഭംഗി ആസ്വദിക്കാനായി വട്ടവടയിലെത്തുന്ന സഞ്ചാരികൾ മാലിന്യക്കൂമ്പാരം കണ്ട് ചോദിക്കുന്ന ചോദ്യമാണിത്. കാർഷിക മേഖലയും വിനോദ സഞ്ചാര കേന്ദ്രവുമായ വട്ടവട പഞ്ചായത്തിൽ വിവിധ ഭാഗങ്ങളിൽ നിന്നു ശേഖരിക്കുന്ന മാലിന്യങ്ങൾ തരം തിരിച്ച് സംസ്കരിക്കുന്നതിനുള്ള സംവിധാനമില്ല. പഞ്ചായത്ത് ശുചീകരണ തൊഴിലാളികൾ ശേഖരിക്കുന്ന മാലിന്യങ്ങൾ വർഷങ്ങളായി ജനവാസ മേഖലയിലും സ്കൂൾ പരിസരങ്ങളിലും കൃഷിയിടങ്ങളിലുമാണ് തള്ളുന്നത്.
വിദേശികളടക്കം നൂറുകണക്കിനു വിനോദസഞ്ചാരികൾ ദിവസവുമെത്തുന്ന സ്ഥലമാണ് വട്ടവട പഞ്ചായത്ത്. നൂറു കണക്കിന് റിസോർട്ടുകളാണിവിടെ പ്രവർത്തിക്കുന്നത്. പ്രധാന സ്ഥലങ്ങളായ വട്ടവട, കോവിലൂർ, കൊട്ടാക്കമ്പൂർ, ചിലന്തിയാർ എന്നിവിടങ്ങളിൽ നിന്നു പഞ്ചായത്ത് മാലിന്യങ്ങൾ ശേഖരിക്കുന്നുണ്ടെങ്കിലും ഇവ തരം തിരിക്കാതെ വാഹനങ്ങളിലെത്തിച്ച് ജനവാസ മേഖല, കൃഷിയിടങ്ങൾ, പുഴയോരം എന്നിവിടങ്ങളിൽ തള്ളുകയാണ്. വട്ടവടയിൽ നിന്നു ശേഖരിക്കുന്നവ ഊർക്കാട് അടുത്തുള്ള ഞാവലാറിലെ കൃഷിയിടത്തിലും കോവിലൂരിൽ നിന്നു ശേഖരിക്കുന്നവ ഇടമണൽ പുഴയിലും കൊട്ടാക്കമ്പൂരിൽ നിന്നു ശേഖരിക്കുന്നവ ശ്മശാനത്തിനു സമീപമുള്ള തോട്ടിലുമാണ് തള്ളുന്നത്. പുഴകളിൽ മാലിന്യങ്ങൾ തള്ളുന്നതിനെതിരെ ഹരിത ട്രൈബ്യൂണൽ കർശന നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും ഇതെല്ലാം അവഗണിച്ചാണ് ഇവ പുഴയിലും പരിസരങ്ങളിലുമായി തള്ളുന്നത്. മികച്ച വരുമാനമുള്ള പഞ്ചായത്തിന് ഇതുവരെ ഒരു പൊതു സംസ്കരണ സംവിധാനമൊരുക്കാനായിട്ടില്ല. മാലിന്യങ്ങൾ തിന്നാനെത്തുന്ന കുരങ്ങ് ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ കൃഷിയിടങ്ങളിലിറങ്ങി പച്ചക്കറികൾ നശിപ്പിക്കുന്നത് വ്യാപകമായിരിക്കുകയാണ്.