സത്രം - പുല്ലുമേട് കാനനപാത തുറന്നു
Mail This Article
കുമളി ∙ മണ്ഡലകാല ഉത്സവത്തിനായി ശബരിമല നട തുറന്നതോടെ സത്രം - പുല്ലുമേട് കാനനപാതയും അയ്യപ്പഭക്തർക്കായി തുറന്നു. ആദ്യദിനം കാനന പാതയിലൂടെ 412 അയ്യപ്പഭക്തർ മലകയറി. രാവിലെ ആറരയോടെ പൊലീസ് അയ്യപ്പഭക്തർക്ക് ടോക്കൺ നൽകി. തുടർന്ന് വനം, പൊലീസ് വകുപ്പുകളുടെ പരിശോധനകൾ കഴിഞ്ഞാണ് ഭക്തർ യാത്ര തിരിച്ചത്. ഇവിടെ ദേവസ്വം ബോർഡ് വെർച്വൽ ക്യൂ ബുക്ക് ചെയ്യുന്നതിനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
കാനന പായിൽ വന്യമൃഗങ്ങളുടെ സാന്നിധ്യമില്ലെന്ന് ഉറപ്പാക്കിയ ശേഷം ഏഴരയോടെയാണ് വനം വകുപ്പ് ഭക്തർക്ക് ഇതുവഴി യാത്ര ചെയ്യാൻ അനുമതി നൽകിയത്. കാനന പാതയിലേക്കുള്ള പ്രവേശന കവാടത്തിൽ സത്രം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം മേൽശാന്തി കെ.ഹരിലാലിന്റെ നേതൃത്വത്തിൽ പൂജയും ശരണം വിളികളും നടത്തി. തൃശൂർ സ്വദേശിയായ അയ്യപ്പഭക്തനാണ് ഇക്കുറി ആദ്യം കാനപാതയിലേക്ക് കാലെടുത്ത് വച്ചത്. ബീറ്റ് ഫോറസ്റ്റർ ഉൾപ്പെടെയുള്ള ദ്രുതകർമ സേനാഗംങ്ങളും ഭക്തരെ അനുഗമിച്ചു. വാഴൂർ സോമൻ എംഎൽഎ, പെരിയാർ കടുവ സങ്കേതം വെസ്റ്റ് ഡിവിഷൻ ഡപ്യൂട്ടി ഡയറക്ടർ എസ്.സന്ദീപ്, അഴുത റേഞ്ച് ഫോറസ്റ്റ് ഓഫിസർ ജ്യോതിഷ് ജെ.ഒഴാക്കൽ സത്രം ഫോറസ്റ്റർ പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിൽ അയ്യപ്പഭക്തരെ സ്വീകരിച്ചു. കഴിഞ്ഞ വർഷം ആദ്യ ദിനത്തിൽ 294 ഭക്തരാണ് ഇതുവഴി കടന്നുപോയത്.