റോഡിലെ കുഴി അപകടഭീഷണി; കുഴി രൂപപ്പെട്ടത് വെങ്ങല്ലൂർ-മങ്ങാട്ടുകവല നാലുവരിപ്പാതയിൽ
Mail This Article
തൊടുപുഴ ∙ വെങ്ങല്ലൂർ – മങ്ങാട്ടുകവല നാലുവരിപ്പാതയിൽ വടക്കുംമുറി റോഡിലേക്കു തിരിയുന്ന ഭാഗത്തെ കുഴി യാത്രക്കാർക്ക് അപകടഭീഷണിയാകുന്നു. കുഴിയുള്ള ഭാഗത്ത് ചെറിയ വളവ് ഉള്ളതിനാൽ അടുത്തെത്തുമ്പോഴാണ് അപകടം അറിയാൻ സാധിക്കുക. കുഴിയുള്ള ഭാഗം മുതൽ ഏകദേശം 2 മീറ്ററോളം റോഡ് വിണ്ടുകീറി കിടക്കുന്നതിനാൽ വൈകാതെ സമാന കുഴികൾ രൂപപ്പെടാൻ സാധ്യതയുണ്ട്. അശാസ്ത്രീയ റോഡ് നിർമാണമാണ് ഇതിനു കാരണം. രണ്ടാഴ്ച മുൻപ് ഈ ഭാഗത്തുണ്ടായിരുന്ന മറ്റൊരു കുഴി അടച്ചതിനു പിന്നാലെയാണ് പുതിയ കുഴി രൂപപ്പെട്ടത്.
നിലവിൽ കുഴികൾ അടയ്ക്കുന്നതിന്റെ കാലാവധി മിനിമം രണ്ടാഴ്ചത്തേക്കു മാത്രമാണ്. പിന്നാലെ ശക്തമായ മഴയിൽ വീണ്ടും കുഴി രൂപപ്പെടും. നാലുവരിപ്പാത എന്നു പേരു മാത്രമേയുള്ളെന്നും ഇതുവഴിയുള്ള യാത്ര അത്ര സുഗമമല്ലെന്നും യാത്രക്കാർ പറയുന്നു. വഴിവിളക്കുകൾ പ്രകാശിക്കാത്തതിനാൽ കുഴികൾ വലിയ അപകടഭീഷണിയാണ് ഉണ്ടാക്കുന്നത്. ഇരുചക്ര വാഹനങ്ങൾക്കാണ് കൂടുതൽ പ്രശ്നം. അപകടങ്ങൾ ഉണ്ടാകുന്നതിനു മുൻപ് കുഴി അടയ്ക്കാനുള്ള നടപടി അധികൃതർ സ്വീകരിക്കണമെന്നാണു യാത്രക്കാരുടെ ആവശ്യം. ഒപ്പം വഴിവിളക്കുകൾ പ്രകാശിപ്പിക്കാനുള്ള നടപടിയും എടുക്കണം.