എസ്റ്റേറ്റ് പിടിച്ചെടുത്ത് തൊഴിലാളികൾക്ക് വീതിച്ചു നൽകുന്നു
Mail This Article
മേരികുളം∙ മൂന്നു മാസമായി എസ്റ്റേറ്റ് പ്രവർത്തിക്കാത്തതിനാൽ തൊഴിലാളികൾ പട്ടിണിയിലായ സാഹചര്യത്തിൽ സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ അയ്യരുപാറ നെടുംപറമ്പിൽ എസ്റ്റേറ്റ് പിടിച്ചെടുത്ത് തൊഴിലാളികൾക്കു വീതിച്ചു നൽകുന്നു. ആദ്യഘട്ടമെന്ന നിലയിൽ ഒരേക്കർ വീതം 5 പ്ലോട്ടുകൾ തിരിച്ച് കുടിൽകെട്ടി. 315 തൊഴിലാളികളാണ് ഈ എസ്റ്റേറ്റിൽ ജോലി ചെയ്തിരുന്നത്.
തോട്ടമുടമ സാമ്പത്തിക തട്ടിപ്പു കേസിൽപെട്ട് ജയിലിലായതോടെ എസ്റ്റേറ്റിന്റെ പ്രവർത്തനം താളം തെറ്റുകയും മൂന്നുമാസം മുൻപു പ്രവർത്തനം നിലയ്ക്കുകയുമായിരുന്നു. പത്തുമാസത്തോളമായി ശമ്പള കുടിശിക, ഗ്രാറ്റുവിറ്റി, പിഎഫ്, ചികിത്സാ ബില്ലുകൾ എന്നിവയൊന്നും കിട്ടാതെ മുന്നോട്ടുപോയ തൊഴിലാളികൾക്ക് ഇത് ഇരുട്ടടിയായി. തോട്ടത്തിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ തൊഴിലാളികൾ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. എസ്റ്റേറ്റ് മാനേജ്മെന്റ് ചർച്ചയ്ക്കുപോലും തയാറാകാതെ വന്നതോടെ സംയുക്ത സമര സമിതി രൂപീകരിച്ച് തോട്ടം പിടിച്ചെടുത്തിരുന്നു.
അതിനുശേഷവും നടപടികൾ ഉണ്ടാകാതെ വന്നതോടെയാണ് എസ്റ്റേറ്റ് തൊഴിലാളികൾക്കു വീതിച്ചു നൽകാൻ ആരംഭിച്ചിരിക്കുന്നത്. മാനേജ്മെന്റ് അടിയന്തര നടപടിയെടുത്തില്ലെങ്കിൽ 420 ഏക്കർ ഭൂമിയും തൊഴിലാളികൾക്കു വീതിച്ചു നൽകുമെന്ന് സംയുക്ത തൊഴിലാളി യൂണിയൻ നേതാക്കളായ ബി.വിജയൻ, കെ.എസ്.വിജയൻ, വി.എൻ.മോഹനൻ, ബാബു, ചാക്കോ ജോസഫ് തുടങ്ങിയവർ മുന്നറിയിപ്പു നൽകി.