കാട്ടുപോത്തിനെന്താ മൂന്നാർ ടൗണിൽ കാര്യം? കാൽനടയാത്രക്കാർ ഓടി രക്ഷപ്പെട്ടു– വിഡിയോ
Mail This Article
മൂന്നാർ∙ മൂന്നാർ ടൗണിൽ കാട്ടുപോത്തിറങ്ങി. തിങ്കൾ വൈകിട്ട് 5.45നാണ് ജനറൽ ആശുപത്രി (ജിഎച്ച്) റോഡിൽ കൂറ്റൻ കാട്ടുപോത്ത് വന്നത്. ജിഎച്ച് റോഡ് വഴിയെത്തിയ കാട്ടുപോത്ത് ഇവിടെ പ്രവർത്തിക്കുന്ന ബിസ്മി എന്ന സ്ഥാപനത്തിന്റെ മുൻപിൽ വന്നുനിന്നു. കാട്ടുപോത്ത് എത്തിയതോടെ കാൽനടയാത്രക്കാർ അടക്കമുള്ളവർ ഓടി രക്ഷപ്പെട്ടു. ഈ ഭാഗത്തുള്ള വ്യാപാരികളും ജീവനക്കാരും ബഹളം വച്ചതിനെ തുടർന്ന് കാട്ടുപോത്ത് വന്ന വഴി മടങ്ങിപ്പോയി. ഏറെ വർഷങ്ങൾക്കു ശേഷം ഇതാദ്യമായാണ് മൂന്നാർ ടൗണിൽ കാട്ടുപോത്ത് എത്തുന്നത്. പടയപ്പ എന്ന കാട്ടാന മുൻപ് പലതവണ ജിഎച്ച് റോഡിലെ പലചരക്ക് കടയിലെത്തി പച്ചക്കറികളും പഴങ്ങളും തിന്നിരുന്നു.
കാട്ടുപോത്ത് തൂക്കിയെറിഞ്ഞത് കൊമ്പിൽ കോർത്ത്...
മൂന്നാർ∙ കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റ തൊഴിലാളി സ്ത്രീ അപകടനില തരണം ചെയ്തു. കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന തെന്മല എസ്‌റ്റേറ്റ് ലോവർ ഡിവിഷനിൽ സൂസൈയുടെ ഭാര്യ മീന (45)യെ ഇന്നലെ മുറിയിലേക്കു മാറ്റി. കാട്ടുപോത്ത് കൊമ്പ് കൊണ്ട് ഇവരുടെ ഇടത് ഇടുപ്പെല്ലിന് താഴ്ഭാഗത്തുള്ള മാംസത്തിൽ കുത്തി ദൂരേക്ക് എറിയുകയായിരുന്നു. ഈ ഭാഗത്ത് ആഴത്തിലുള്ള മുറിവാണുണ്ടായത്.
ശക്തിയിൽ ദൂരേക്ക് എറിഞ്ഞപ്പോഴുണ്ടായ വീഴ്ചയിൽ ഇവരുടെ മൂക്കിൽ നിന്നു രക്തം വാർന്നിരുന്നു. ശരീരം മുഴുവൻ ചെറിയ മുറിവുകളുമുണ്ട്. ഞായർ രാവിലെ 9നാണ് സംഭവം. ലോവർ ഡിവിഷനിലെ ഒന്നാം നമ്പർ ഫീൽഡിൽ 5 സ്ത്രീ തൊഴിലാളികൾ ചേർന്നു വളമിടുന്നതിനിടെയാണ് വനമേഖലയിൽ നിന്നു പാഞ്ഞെത്തിയ കാട്ടുപോത്ത് കൊമ്പു കൊണ്ട് മീനയെ കുത്തി ദൂരേക്ക് എറിഞ്ഞത്. മറ്റു നാലു സ്ത്രീകൾ തേയിലച്ചെടികൾക്കടിയിൽ കയറി രക്ഷപ്പെടുകയായിരുന്നു. സ്ത്രീകളുടെ അലർച്ച കേട്ടെത്തിയ മറ്റ് തൊഴിലാളികളാണ് മീനയെ ആശുപത്രിയിലെത്തിച്ചത്.