ADVERTISEMENT

രാജകുമാരി∙ ഹൈറേഞ്ചിൽ മുദ്രപ്പത്ര ക്ഷാമം രൂക്ഷം. 500 രൂപയിൽ താഴെ മൂല്യമുള്ള മുദ്രപ്പത്രങ്ങൾക്ക് ക്ഷാമം സൃഷ്ടിച്ച് സാധാരണക്കാരെ കൊള്ളയടിക്കുകയാണെന്ന് ആരോപണം. 50, 100 രൂപ മുദ്രപ്പത്രങ്ങൾ ഉപയോഗിക്കേണ്ട ഇടപാടുകൾക്ക് 500 രൂപ ചെലവാക്കേണ്ടി വരുന്നു. ‍ജനന സർട്ടിഫിക്കറ്റ്, വിവാഹ സർട്ടിഫിക്കറ്റ്, വിവിധങ്ങളായ എഗ്രിമെന്റ്, മുക്ത്യാർ, ആധാരങ്ങളുടെ പകർപ്പ്, വാടക ചീട്ട് തുടങ്ങിയ ആവശ്യങ്ങൾക്കെല്ലാം 50 അല്ലെങ്കിൽ 100 രൂപയുടെ മുദ്രപ്പത്രങ്ങളാണ് ആവശ്യം. എന്നാൽ ഇത്തരം മുദ്രപ്പത്രങ്ങളുടെ ക്ഷാമം മൂലം അഞ്ചിരട്ടി വില നൽകി മുദ്രപ്പത്രങ്ങൾ വാങ്ങേണ്ട അവസ്ഥയാണ്. 

ആധാരം എഴുത്ത് ജീവനക്കാരുടെ സംഘടനകൾ ഇക്കാര്യം പലതവണ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവന്നെങ്കിലും നടപടിയുണ്ടായില്ല. പല ട്രഷറികളിലും 1000 രൂപയുടെ മുദ്രപ്പത്രങ്ങൾ പോലും കിട്ടാനില്ല. റജിസ്ട്രേഷൻ വകുപ്പ് 5, 10, 20 രൂപയുടെ മൂല്യമുള്ള മുദ്രപ്പത്രങ്ങൾ 50, 100 രൂപയുടെ മുദ്രപ്പത്രങ്ങളായി പുനർമൂല്യം ചെയ്തു നൽകുന്നുണ്ടെങ്കിലും ഇത് ആവശ്യത്തിന്റെ ചെറിയൊരു ഭാഗം പോലുമാകുന്നില്ല. സംസ്ഥാനത്ത് റജിസ്ട്രേഷൻ ഇതര ആവശ്യങ്ങൾക്കുള്ള നോൺ ജുഡീഷ്യൽ മുദ്രപ്പത്രങ്ങൾ 2023 ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

ഇതെത്തുടർന്ന് എല്ലാ സ്റ്റാംപ് വെണ്ടർമാരും കംപ്യൂട്ടർ പ്രിന്റർ, നെറ്റ് കണക്‌ഷൻ തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പെടുത്തി. സ്റ്റാംപ് വെണ്ടർമാർക്ക് രണ്ടു തവണ ട്രഷറി വകുപ്പ് ഇ-സ്റ്റാമ്പ് എടുക്കുന്നതിനുള്ള പരിശീലനവും നൽകി. ഇ-സ്റ്റാമ്പ് വരുന്നതു പ്രമാണിച്ച് നാസിക്, ഹൈദരാബാദ് എന്നിവിടങ്ങളിലെ സെക്യൂരിറ്റി പ്രസുകളിൽ മുദ്രപ്പത്രങ്ങളുടെ പ്രിന്റിങ് നിർത്തിവച്ചതായാണ് വിവരം. ഇതോടെയാണ് 500 രൂപയിൽ താഴെയുള്ള മുദ്രപ്പത്രങ്ങൾക്ക് ക്ഷാമം നേരിട്ടു തുടങ്ങിയത്.

English Summary:

A severe shortage of stamp papers, particularly those valued below ₹500, is plaguing Rajakumari in Kerala. This scarcity has created an opportunity for exploitation, forcing people to purchase higher denomination stamps for transactions requiring significantly lower values. Despite pleas from document writers, authorities are yet to address the issue. While the recent introduction of e-stamps aims to modernize the system, it has inadvertently contributed to the shortage.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com