വഴിവിളക്ക് തെളിഞ്ഞു; കാഞ്ഞിരമറ്റം–മങ്ങാട്ടുകവല ബൈപാസ് ജംക്‌ഷനിൽ ഇനി രാത്രിയെ ഭയക്കേണ്ട
Mail This Article
തൊടുപുഴ ∙ കാഞ്ഞിരമറ്റം – മങ്ങാട്ടുകവല ബൈപാസ് ജംക്‌ഷനിൽ വഴിവിളക്ക് തെളിഞ്ഞു. ജംക്‌ഷനിൽ വെളിച്ചം ഇല്ലാത്തതിനെ തുടർന്ന് ഏറെക്കാലമായി യാത്രക്കാർ ബുദ്ധിമുട്ടുന്നതിനെ കുറിച്ച് ‘മനോരമ’ വാർത്ത നൽകിയിരുന്നു. ദിവസേന ഒട്ടേറെ വാഹനങ്ങൾ സഞ്ചരിക്കുന്ന പ്രധാന ബൈപാസായ ഇവിടെ വെളിച്ചമാല്ലാത്തത് കാൽനടക്കാരെയും ഡ്രൈവർമാരെയും ഒരുപോലെ ബാധിച്ചിരുന്നു. രാത്രി കടകൾ അടച്ചു കഴിഞ്ഞാൽ ജംക്‌ഷൻ പൂർണമായും ഇരുട്ടിലാകും. പിന്നീട് മൊബൈൽ, ടോർച്ച് എന്നിവയുടെ വെളിച്ചമാണ് കാൽനടക്കാർക്ക് ആശ്രയം. രാത്രി 8 കഴിഞ്ഞാൽ സ്ത്രീകൾക്ക് ഒറ്റയ്ക്കു നടന്നുപോകാൻ ഭയമായിരുന്നു.
ഇരുട്ടിന്റെ മറവിൽ സാമൂഹിക വിരുദ്ധരുടെ ശല്യം ഉണ്ടാകുമോ എന്ന പേടിയായിരുന്നു പ്രധാന കാരണം. നിലവിൽ വെളിച്ചം തെളിഞ്ഞതോടെ ഇതിനെല്ലാം പരിഹാരമായതിന്റെ ആശ്വാസത്തിലാണ് ജനം. അതേസമയം നഗരത്തിലെ മിക്ക റോഡുകളും വഴിവിളക്ക് ഇല്ലാതെ ഇപ്പോഴും ഇരുട്ടിലാണ്. ഇടുക്കി റോഡ്, കോതായിക്കുന്ന് ബൈപാസ്, മൂപ്പിൽക്കടവ് പാലം എന്നിവിടങ്ങളിലൊന്നും വെളിച്ചമില്ല. തൊടുപുഴ ഗാന്ധി സ്ക്വയർ മുതൽ കെഎസ്ആർടിസി ഡിപ്പോ വരെയുള്ള റോഡിൽ ആകെയുള്ളത് 4 വഴിവിളക്കു മാത്രം. ബാക്കി ഭാഗം ഇരുട്ടിലാണ്. അതിനാൽ നഗരത്തിലെ പ്രധാന ഇടങ്ങളിലെല്ലാം വിളക്കുകൾ തെളിക്കാനുള്ള നടപടി സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.