ജോലി തേടിപ്പോയ യുവാവ് ദുരൂഹ സാഹചര്യത്തിൽ അപകടത്തിൽപ്പെട്ടു; സഹായം തേടുന്നു
Mail This Article
രാജാക്കാട് ∙ ചെന്നൈയിൽ വച്ച് ദുരൂഹ സാഹചര്യത്തിൽ അപകടത്തിൽപ്പെട്ട യുവാവ് ചികിത്സാ ധനസഹായം തേടുന്നു. പന്നിയാർകുട്ടി മൈലാടൂർ സിബി - വത്സമ്മ ദമ്പതികളുടെ മൂത്ത മകൻ ബിന്റു (35) വാണ് ജീവൻ തിരിച്ചു കിട്ടാൻ സഹായം തേടുന്നത്. വിദേശ ജോലിക്കായുള്ള ഇൻറർവ്യൂവിൽ പങ്കെടുക്കാൻ കഴിഞ്ഞ 11 നാണ് ബിന്റു ചെന്നൈയിലേക്ക് പോയത്. എന്നാൽ പ്രായപരിധിയിൽ ഇളവ് ലഭിക്കാത്തതിനാൽ ഇൻറർവ്യൂവിൽ പങ്കെടുക്കാതെ 13 ന് തന്നെ മടങ്ങുകയാണെന്ന് വീട്ടുകാരെ ഫോണിൽ അറിയിച്ചു.
13 ന് രാവിലെ ബസ് ടിക്കറ്റും ബുക്ക് ചെയ്തിരുന്നു. എന്നാൽ ബിന്റുവിന്റെ ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ വീട്ടുകാർക്ക് പിന്നീട് ബന്ധപ്പെടാനായില്ല. യുവാവ് വീട്ടിൽ മടങ്ങിയെത്താത്തതിനെ തുടർന്ന് സിബിയുടെ സഹോദര പുത്രന്റെ ചെന്നൈയിലുള്ള ചില സുഹൃത്തുക്കൾ നടത്തിയ അന്വേഷണത്തിലാണ് അവശനിലയിൽ ലോഡ്ജിൽ താമസിച്ചിരുന്ന ബിന്റുവിനെ കണ്ടെത്തിയത്. മുഖത്തും ദേഹത്തും പരുക്കുകളുണ്ടായിരുന്ന ഇയാളുടെ സംസാരശേഷി പൂർണമായും നഷ്ടപ്പെട്ടിരുന്നു.
തുടർന്ന് സിബിയുടെ സഹോദരൻ ഇവിടെയെത്തി ബിന്റുവിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നു. സംസാരിക്കാൻ കഴിയാതെ പ്രതികരണശേഷി പൂർണമായും നഷ്ടപ്പെട്ട് അവശനിലയിലായ ബിന്റുവിനെ കഴിഞ്ഞ ഞായറാഴ്ചയാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡോക്ടർമാർ നടത്തിയ പരിശോധനയിൽ ക്രൂരമർദനം ഏറ്റിട്ടുണ്ടെന്നും തലച്ചോറിൽ പലഭാഗത്തായി രക്തം കട്ടപിടിച്ചു കിടക്കുന്നതിനാൽ ശസ്ത്രക്രിയ വേണമെന്നും പറഞ്ഞു.
ശസ്ത്രക്രിയയിലൂടെ തലച്ചോറിന്റെ ഒരു ഭാഗം പുറത്തെടുത്ത് സൂക്ഷിച്ചിരിക്കുകയാണ്. ഇയാളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിന് ശേഷം മാത്രമെ വീണ്ടും ശസ്ത്രക്രിയ നടത്തി തലച്ചോറിന്റെ ഭാഗം തിരികെ വയ്ക്കാൻ കഴിയൂ. ഇതുവരെ ചികിത്സയ്ക്കായി ലക്ഷങ്ങളാണ് ചിലവായത്. ഇനിയും മാസങ്ങൾ ആശുപത്രിയിൽ കഴിയേണ്ടി വരും. എന്നാൽ ഇവരുടെ നിർധന കർഷക കുടുംബത്തിന് ഇത് താങ്ങാവുന്നതിലുമധികമാണ്.
6 മാസം മുൻപായിരുന്നു ബിന്റുവിന്റെ വിവാഹം. യുവാവിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാൻ സുമനസ്കരുടെ സഹായം തേടുകയാണ് ഭാര്യ അയോണയും മാതാപിതാക്കളായ സിബിയും വത്സമ്മയും. ചികിത്സ സഹായം സ്വീകരിക്കുന്നതിനായി അമ്മ വത്സമ്മയുടെ പേരിൽ യൂണിയൻ ബാങ്ക് രാജാക്കാട് ശാഖയിൽ അക്കൗണ്ട് ചേർന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ. 372302010015037. IFSC Code. UBIN0537233. ഫോൺ. 9656865737.