വൈദ്യുതിയില്ലാതെ ചിന്നക്കനാൽ; വിനോദസഞ്ചാരികൾക്ക് ദുരിതം: കാട്ടാനകളെ ഭയന്ന് നാട്ടുകാർ
Mail This Article
ചിന്നക്കനാൽ ∙ രാപകൽ വ്യത്യാസമില്ലാതെ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുന്ന സംസ്ഥാനത്തെ ഏക വിനോദസഞ്ചാര കേന്ദ്രമായി ചിന്നക്കനാൽ. 12 മണിക്കൂർ വരെ വൈദ്യുതി മുടങ്ങുന്നത് സാധാരണക്കാരെ മാത്രമല്ല ഓഫിസുകളെയും റിസോർട്ടുകളെയും ബാധിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ രാത്രികാലത്തു മണിക്കൂറുകളോളമാണ് വൈദ്യുതി മുടങ്ങിയത്.
ഗവ.ആശുപത്രിയിൽ ശീതീകരിച്ചു സൂക്ഷിക്കേണ്ട മരുന്നുകൾ പോലും കേടാവുന്ന അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. വൈദ്യുതി ഇല്ലാത്തതുമൂലം പരീക്ഷാക്കാലത്ത് വിദ്യാർഥികളുടെ പഠനവും അനിശ്ചിതത്വത്തിലായെന്ന് രക്ഷിതാക്കൾ പറയുന്നു. ദിവസവും ഒട്ടേറെ സഞ്ചാരികൾ എത്തുന്ന ചിന്നക്കനാലിൽ അൻപതിലധികം ചെറുതും വലുതുമായ ഹോംസ്റ്റേകളും റിസോർട്ടുകളുമുണ്ട്. പതിവായി വൈദ്യുതി മുടങ്ങുന്നതിനാൽ ഇവയുടെ പ്രവർത്തനവും അവതാളത്തിലാണ്.
വൈകുന്നേരങ്ങളിൽ വൈദ്യുതി മുടങ്ങുന്നതിനാൽ ഇരുട്ടു വീണ ടൗണിലേക്ക് സഞ്ചാരികൾ എത്തുന്നില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. ഇത് ചിന്നക്കനാലിലെ ടൂറിസം രംഗത്തെയാകെ പ്രതികൂലമായി ബാധിക്കുന്നു. ചിന്നക്കനാൽ പഞ്ചായത്തിലെ സിങ്കുകണ്ടം, എൺപതേക്കർ, 301 കോളനി, മുത്തമ്മ കോളനി, അപ്പർ സൂര്യനെല്ലി തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കാട്ടാന ശല്യവും രൂക്ഷമാണ്. രാത്രി സമയത്ത് വെളിച്ചമില്ലാത്തതാണ് ജനവാസ മേഖലകളിലേക്ക് കാട്ടാനകളിറങ്ങാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. കാട്ടാനകളെ ഭയന്ന് വീട്ടുമുറ്റത്ത് ആഴിപൂട്ടിയാണ് പലരും നേരം വെളുപ്പിക്കുന്നത്. കെഎസ്ഇബി രാജകുമാരി സെക്‌ഷന്റെ പരിധിയിലാണ് ചിന്നക്കനാൽ ഉൾപ്പെടുന്നത്.
ചിന്നക്കനാലിൽ നിന്നു 22 കിലോമീറ്റർ അകലെയാണ് കെഎസ്ഇബി രാജകുമാരി സെക്‌ഷൻ ഓഫിസ്. വൈദ്യുതി മുടങ്ങുമ്പോൾ കെഎസ്ഇബി അധികൃതരെ വിവരമറിയിച്ചാലും ഫലമില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. മഴക്കാലത്ത് മരച്ചില്ലകൾ ഒടിഞ്ഞു വീണ് വൈദ്യുതലൈൻ പൊട്ടിയും മറ്റും വൈദ്യുതി മുടങ്ങാറുണ്ട്. എന്നാൽ, മഴയില്ലാത്തപ്പോഴും പതിവായി വൈദ്യുതി തടസ്സം ഉണ്ടാകുന്നത് എങ്ങനെയെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.