പെരുംതൊട്ടി-പ്രകാശ് റോഡിൽ അപകടങ്ങൾ പതിവാകുന്നു
Mail This Article
തോപ്രാംകുടി ∙ ഇരുവശങ്ങളിലും കാടുകയറിയ പെരുംതൊട്ടി-പ്രകാശ് റോഡിൽ അപകടങ്ങൾ പതിവാകുന്നു. കഴിഞ്ഞയാഴ്ച മാത്രം മൂന്ന് ഇരുചക്ര വാഹനങ്ങളാണ് ഈ നിരത്തിൽ അപകടത്തിൽപെട്ടത്. പരുക്കേറ്റ യാത്രക്കാർ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ഇപ്പോഴും ചികിത്സയിലാണ്. രാജമുടി റോഡിൽ നിന്നും ഈ റോഡിന്റെ വളവുള്ള ഭാഗത്തേക്ക് വന്നുചേരുന്ന ഇരുചക്ര യാത്രികരാണ് ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത്. റോഡിന്റെ വശങ്ങളിൽ കാട് വളർന്നു നിൽക്കുന്നതിനാൽ വളവിനപ്പുറമുള്ള വാഹനങ്ങൾ കാണാൻ കഴിയാതെ വരും.
ഇങ്ങനെയാണ് ഇവിടെ മിക്ക അപകടങ്ങളും ഉണ്ടാകുന്നത്. കാട് റോഡിലേക്ക് വളർന്നതിനാൽ എതിരെ വരുന്ന വാഹനങ്ങൾക്ക് സൈഡ് ചേർന്നു പോകാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. പ്രഭാത സവാരിക്കാരും വഴിയോരത്തെ കാടുമൂലം ദുരിതത്തിലാണ്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി നിരന്തരമായി പരാതികൾ നൽകിയെങ്കിലും കാടു തെളിക്കാൻ പഞ്ചായത്ത് അധികൃതർ തയാറാകുന്നില്ലെന്നു പ്രദേശവാസികൾ പറയുന്നു.
എത്രയും വേഗം കാട് നീക്കം ചെയ്തില്ലെങ്കിൽ ഇനിയും അപകടങ്ങൾ ഉണ്ടാകും. വൈകുന്നേരത്തെ തിരക്കിൽ ഈ വഴി നടന്നു പോകുന്ന സ്കൂൾ വിദ്യാർഥികളുടെ ജീവനും ഇതു ഭീഷണിയാണെന്നു പ്രദേശവാസികൾ പറയുന്നു. കാടുകൾ തെളിക്കാനും കുഴികൾ നികത്താനും അധികൃതർ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രതിഷേധ സമരം നടത്തുമെന്ന് നാട്ടുകാർ പറഞ്ഞു.