ശല്യക്കാരനായ കാട്ടാന പീരുമേട്ടിലെ ജനവാസ കേന്ദ്രങ്ങളിൽ നിന്ന് അകന്നുപോയെന്ന് വനം വകുപ്പ്
Mail This Article
പീരുമേട് ∙ ശല്യക്കാരനായ കാട്ടാന പീരുമേട്ടിലെ ജനവാസ കേന്ദ്രങ്ങളിൽ നിന്ന് അകന്നതായി വനം വകുപ്പ്. തെർമൽ ഡ്രോൺ ഉപയോഗിച്ചു നടത്തിയ നിരീക്ഷണത്തിലാണ് ഏതാനും മലനിരകൾ താണ്ടി ആന നീങ്ങിയതായി കണ്ടെത്തിയത്. എന്നാൽ ഈ പിൻമാറ്റം താൽക്കാലികമാണോ എന്ന സംശയവും വനം വകുപ്പിനുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ വനപാലകർ നടത്തിയ കഠിനപ്രയത്നത്തെ തുടർന്നാണ് ആനയെ യൂക്കാലിത്തോട്ടത്തിൽ നിന്നു തുരത്തിയത്.
നിലവിൽ 24 മണിക്കൂറും വനപാലകർ പട്രോളിങ് തുടരും. മരിയഗിരി സ്കൂൾ പരിസരത്ത് വിദ്യാർഥികൾ രാവിലെ എത്തുന്ന സമയത്തും വൈകിട്ട് തിരികെ മടങ്ങിപ്പോകുന്ന സമയത്തും ആയുധധാരികളായ വനപാലകരുടെ സാന്നിധ്യം ഉണ്ടാകും. ബീറ്റ് ഫോറസ്റ്റ് ഓഫിസർമാർ ഉൾപ്പെടെ 20 അംഗ സംഘത്തെയാണ് വന്യമൃഗശല്യം നേരിടാനായി നിയോഗിച്ചിരിക്കുന്നത്.
പുലിപ്പേടിയിൽ കൊടുവാക്കരണം
∙ കൊടുവാക്കരണം എസ്റ്റേറ്റിനു സമീപം പുലിയെത്തി നായ്ക്കളെ പിടിച്ചുകൊണ്ടുപോയി. കഴിഞ്ഞ ദിവസങ്ങളിൽ കൊടുവാക്കരണം-ശിവൻമല റോഡിൽ പുലിയുടെ കാൽപാദങ്ങൾ കണ്ടിരുന്നു. പുതുവൽ മേഖലയിലെ വീടുകളിൽ നിന്നാണു നായ്ക്കളെ കാണാതായത്. മേയാൻ അഴിച്ചുവിട്ട കന്നുകാലികളെയും നഷ്ടപ്പെട്ടിട്ടുണ്ട്.