മൂന്നാർ പഞ്ചായത്ത് ഓഫിസ് ഭരണസമിതിയംഗങ്ങൾ സുപ്രധാന രേഖകൾ കടത്തിയെന്ന് പരാതി
Mail This Article
മൂന്നാർ ∙ മൂന്നാർ പഞ്ചായത്ത് ഓഫിസിൽ നിന്നു നിരീക്ഷണ ക്യാമറകൾ മോഷ്ടിച്ച ശേഷം ഭരണസമിതിയംഗങ്ങൾ സുപ്രധാനമായ രേഖകൾ കടത്തിയതായി പരാതി. സിപിഐയുടെ കീഴിലുള്ള യുവജന സംഘടനയായ എഐവൈഎഫ് പ്രവർത്തകരാണ് ഇതുസംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറിക്കു പരാതി നൽകിയത്. കഴിഞ്ഞ ഓഗസ്റ്റ് 10ന് വൈകിട്ട് 5നും 5.30നുമിടയിൽ രണ്ടു പഞ്ചായത്തംഗങ്ങൾ ചേർന്ന് നിരീക്ഷണ ക്യാമറകൾ നീക്കം ചെയ്യുന്നതും പിന്നീട് ക്യാമറ ദൃശ്യങ്ങൾ നിശ്ചലമാകുന്നതും ഉൾപ്പെടെയുള്ള ബാക്കപ് ദൃശ്യങ്ങൾ സഹിതമാണ് പരാതി.
യുവജന സംഘടനാ പ്രവർത്തകർ അടുത്തയിടെ നൽകിയ ചില വിവരാവകാശ അപേക്ഷകളിൽ മേൽ ചില പ്രധാനപ്പെട്ട ഫയലുകൾ നഷ്ടപ്പെട്ടതായുള്ള മറുപടി ലഭിച്ചതോടെയാണ് ക്യാമറകൾ നഷ്ടപ്പെട്ടതിനു പിന്നിൽ ഫയൽ മോഷണമാണെന്ന നിഗമനത്തിലെത്തിയത്. കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തിൽ ചില നേതാക്കളുടെ ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ദീർഘനാളായി പ്രശ്നങ്ങൾ രൂക്ഷമായി തുടരുകയാണ്. ഈ സാഹചര്യത്തിൽ നിരീക്ഷണ ക്യാമറകൾ നഷ്ടപ്പെട്ടതും ഫയലുകൾ നഷ്ടപ്പെട്ടതും വൻ ഗൂഡാലോചനയുടെ ഭാഗമാണെന്നാണ് പരാതിയിലുള്ളത്.
ക്യാമറകളും ഫയലുകളും നഷ്ടപ്പെട്ട സംഭവത്തിൽ ഭരണ സമിതിയംഗങ്ങളുടെയും കോൺഗ്രസ് നേതാക്കളുടെയും നേതൃത്വത്തിൽ വൻതട്ടിപ്പ് നടന്നതായും സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പൊലീസിനെയും കോടതിയെയും സമീപിക്കുമെന്നും നേതാക്കൾ പറഞ്ഞു. എന്നാൽ, മോഷണം പോയ ക്യാമറകളിൽ ചിലത് കഴിഞ്ഞദിവസം പഞ്ചായത്തിൽ തിരിച്ചെത്തിയതായും അംഗങ്ങളോട് ഇതു സംബന്ധിച്ച് വിശദീകരണം തേടിയതായും പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.