അടിമാലി ഗവ. ഹൈസ്കൂളിന് 75– ാം പിറന്നാൾ
Mail This Article
അടിമാലി ∙ 75 വർഷത്തിന്റെ നിറവിൽ അടിമാലി ഗവ. ഹൈസ്കൂൾ. 1949ൽ കുടി പള്ളിക്കൂടമായി തുടങ്ങിയ സ്കൂളാണ് 1979–80 കാലഘട്ടത്തിൽ സർക്കാർ ഹൈസ്കൂളായി ഉയർത്തിയത്. ഇപ്പോഴത്തെ അടിമാലി പഞ്ചായത്ത് മുൻപ് മന്നാങ്കണ്ടം പഞ്ചായത്തായിരുന്നു. അതിനും മുൻപ് കവളങ്ങാട്–കുട്ടമംഗലം പഞ്ചായത്തിന്റെ ഒരു വാർഡ് ആയിരുന്നു മന്നാങ്കണ്ടം.
ഇക്കാലയളവിലാണ് 1949– 50 കാലഘട്ടത്തിൽ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ.എം.ചെറിയാൻ മന്നാങ്കണ്ടത്ത് കുടി പള്ളിക്കൂടം തുടങ്ങുന്നതിന് നടപടികൾ ആരംഭിച്ചത്. ആദിവാസികളായ മന്നാൻ സമുദായക്കാർ മന്നാൻ നാരായണന്റെ നേതൃത്വത്തിൽ ഇപ്പോഴത്തെ അടിമാലി താലൂക്ക് ആശുപത്രിയുടെ പടിഞ്ഞാറു ഭാഗത്ത് ഈറ്റയും ഇലയും മുളയും ഉപയോഗിച്ച് സൗജന്യമായി നിർമിച്ചു നൽകിയ ഷെഡിലാണ് കുടി പള്ളിക്കൂടം ആരംഭിച്ചത്.
1950ൽ തിരു– കൊച്ചി ഗവൺമെന്റ് കുടി പള്ളിക്കൂടം സർക്കാർ എൽപി സ്കൂളായി അംഗീകരിക്കുകയായിരുന്നു. പിന്നീട് സ്കൂളിനായി നാലര ഏക്കർ ഭൂമി കണ്ടെത്തി. 1965ൽ യുപി വിഭാഗം അനുവദിച്ചു. ഇതോടെ ഇവിടെനിന്ന് ഏഴാം ക്ലാസ് വിജയിക്കുന്നവർ 10 കിലോമീറ്റർ ദൂരം കാൽനടയായി യാത്ര ചെയ്താണ് വെള്ളത്തൂവൽ ഗവ. ഹൈസ്കൂളിലെത്തി ഹൈസ്കൂൾ വിദ്യാഭ്യാസം നടത്തിയിരുന്നത്.
ഇതിനു പരിഹാരം കാണുന്നതിനായി അക്കാലത്ത് മന്നാങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജോൺ കെന്നഡി മുൻകൈ എടുത്ത് സർക്കാരിനെ സമീപിച്ചാണ് 1979–80 കാലഘട്ടത്തിൽ ഹൈസ്കൂൾ അനുവദിച്ചത്. മൂവായിരത്തോളം കുട്ടികൾ വരെ ഒരു വർഷം ഇവിടെ പഠനത്തിന് എത്തിയിട്ടുണ്ടെന്ന് 1965 മുതൽ ദീർഘകാലം ഇവിടെ അധ്യാപകനായിരുന്ന കെ.കെ.സുകുമാരൻ പറഞ്ഞു.
ഏഴര പതിറ്റാണ്ട് പിന്നിടുന്ന സ്കൂളിന് അർഹതയ്ക്കുള്ള അംഗീകാരം ഇനിയും ലഭിച്ചിട്ടില്ല. സ്കൂൾ 75 വർഷം പിന്നിടുന്ന കാര്യം ത്രിതല പഞ്ചായത്ത് അധികൃതരും ജനപ്രതിനിധികളും അറിഞ്ഞിട്ടില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. സ്കൂളിൽ പ്ലസ്ടു അനുവദിക്കണമെന്ന ആവശ്യത്തിന് കാൽ നൂറ്റാണ്ടിലേറെ പഴക്കം ഉണ്ടെങ്കിലും ഇക്കാര്യത്തിൽ അനുകൂല നിലപാട് സ്വീകരിക്കാൻ സർക്കാർ കൂട്ടാക്കിയിട്ടില്ല.