ടാറിങ് അടർന്നു, ഓടയ്ക്കു മുകളിലെ സ്ലാബ് അകന്നുമാറി; റോഡിൽ അപകടക്കുഴി
Mail This Article
തൊടുപുഴ ∙ മൂവാറ്റുപുഴ റോഡിൽ ഷാപ്പും പടിയിൽനിന്ന് കലൂർ ചർച്ച് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് അപകടക്കുഴി. റോഡിലെ ടാറിങ് അടർന്നും ഓടയ്ക്കു മുകളിലെ സ്ലാബ് അകന്നുമാറിയുമാണ് വലിയ കുഴി രൂപപ്പെട്ടിട്ടുള്ളത്. മൂവാറ്റുപുഴ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ഈ വഴിയിലേക്ക് തിരിയുമ്പോൾ ഈ കുഴിയിൽ വീഴാനുള്ള സാധ്യതയേറെയാണ്. കോഓപ്പറേറ്റീവ് സ്കൂൾ, ഗാർഡിയൻ കൺട്രോൾസ് ലിമിറ്റഡ് അടക്കം ഒട്ടേറെ സ്ഥാപനങ്ങളിലേക്ക് ദിവസവും ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന വഴിയാണിത്.
ഷാപ്പുംപടിയിൽ തുടങ്ങി പള്ളിപ്പടിയിൽ അവസാനിക്കുന്ന 2 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പിഡബ്ല്യുഡി റോഡിന്റെ അരികു ചേർന്ന് നടക്കാൻ കഴിയാത്ത വിധം ഇരുവശവും കാടുമൂടിയിട്ടുമുണ്ട്. സ്കൂളിലേക്കുള്ള കുട്ടികൾ കാൽനടയായും ഇതുവഴി സഞ്ചരിക്കുന്നുണ്ട്. റോഡിന്റെ അപാകതകൾ പരിഹരിച്ച് സഞ്ചാരയോഗ്യമാക്കാൻ അധികൃതർ തയാറാകണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.