പൈപ്പ് പൊട്ടിയിട്ട് ഒരാഴ്ച; ആരും കാണുന്നില്ലേ?
Mail This Article
ചെറുതോണി ∙ ടൗണിനു മുകൾ ഭാഗത്ത് വഞ്ചിക്കവല സെന്റ് മേരീസ് പള്ളിക്കു സമീപം ജലവിതരണ അതോറിറ്റിയുടെ വിതരണ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകാൻ തുടങ്ങിയിട്ട് ഒരാഴ്ച കഴിഞ്ഞു. ജലക്ഷാമം നേരിടുന്ന പ്രദേശത്ത് ശുദ്ധജലം പുഴ പോലെ റോഡിലൂടെ ഒഴുകുന്നതു കണ്ട നാട്ടുകാർ വിവരം ജല അതോറിറ്റി ഉദ്യോഗസ്ഥരെ അറിയിച്ചപ്പോൾ കരാറുകാർ പണിത്തിരക്കിലാണ് എന്ന മറുപടിയാണ് ലഭിച്ചത്.
പിന്നീട് മേഖലയിലെ പല വീടുകളിലും ആവശ്യത്തിനു വെള്ളം കിട്ടാതെ വന്നതോടെ പ്രദേശവാസികൾ ജല അതോറിറ്റിയുടെ കരാറുകാരെ സമീപിച്ചപ്പോൾ ചെയ്ത ജോലിക്കു പണം കിട്ടാത്തതിനാൽ നിസ്സഹകരണ സമരത്തിലാണെന്ന മറുപടിയാണ് കിട്ടിയത്. ഇതോടെ എന്തു ചെയ്യുമെന്നറിയാതെ വലയുകയാണ് പ്രദേശവാസികൾ.
വാഴത്തോപ്പ് പഞ്ചായത്തിൽ പലയിടത്തും വിതരണ പൈപ്പുകൾ പൊട്ടി ജലച്ചോർച്ച പതിവാണ്. ഒരിടത്തെ ചോർച്ച അടയ്ക്കുമ്പോൾ അടുത്ത സ്ഥലത്ത് പൈപ്പ് പൊട്ടുകയാണെന്നാണു പരാതി. ഇതോടെ പലയിടത്തും ജലക്ഷാമവും പതിവാണ്. മഴ മാറി വെയിൽ തെളിഞ്ഞതോടെ ജലവിതരണം മുടങ്ങിയാൽ പകരം സംവിധാനം ഇല്ലാത്ത പ്രദേശങ്ങളിൽ നാട്ടുകാർ ശുദ്ധജലത്തിനായി നെട്ടോട്ടമോടേണ്ടി വരും.