നഷ്ടപരിഹാര തുക നൽകിയില്ല; കെഎസ്ആർടിസി ബസ് ജപ്തി ചെയ്തു
Mail This Article
തൊടുപുഴ ∙ ബസ് മറിഞ്ഞ് ഗുരുതരമായി പരുക്കേറ്റവർക്ക് കോടതി വിധിച്ച നഷ്ടപരിഹാര തുക നൽകാത്തതിനു കെഎസ്ആർടിസി ബസ് ജപ്തി ചെയ്തു. 2022 സെപ്റ്റംബർ 12ന് നേര്യമംഗലം ചാക്കോച്ചി വളവു ഭാഗത്തു ബസ് മറിയുകയും ഒട്ടേറെപ്പേർക്ക് പരുക്കേൽക്കുകയും ഒരാൾ മരിക്കുകയും ചെയ്തിരുന്നു. അടിമാലി പൊലീസ് ബസ് ഡ്രൈവർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തു. അപകടത്തിൽ ഗുരുതരമായ പരുക്കേറ്റ അടിമാലി വെള്ളിയാമപറമ്പിൽ വീട്ടിൽ നാസർ മകൻ ഷെഫീക്ക് (30), കോയമ്പത്തൂർ വില്ലേജിൽ എസ്എം പാളയം പൗലോസ് ഭാര്യ ജോയ്സ് പൗലോസ് (64) എന്നിവർ തൊടുപുഴ മോട്ടർ ആക്സിഡന്റ് ക്ലെയിം ട്രൈബ്യൂണലിൽ കേസ് ഫയൽ ചെയ്തു. ഷെഫീക്കിന് 6,18,458 രൂപയും ജോയ്സിന് 2,65,210 രൂപയും നൽകാനാണ് കോടതി വിധിച്ചത്.
വാദികൾക്ക് അനുകൂലമായി വിധി വന്നെങ്കിലും തുക നൽകാത്തതിനെ തുടർന്നാണ് തൊടുപുഴ മോട്ടർ ആക്സിഡന്റ് ക്ലെയിം ട്രൈബ്യൂണൽ ജഡ്ജി ആഷ് കെ.ബാലിന്റെ ഉത്തരവ് പ്രകാരം തൊടുപുഴയിൽനിന്ന് പാലക്കാടിന് സർവീസ് നടത്തുന്ന കെഎൽ 15 എ 476 –ാം നമ്പർ കെഎസ്ആർടിസി ബസാണ് ജപ്തി ചെയ്തത്. വിധി തുക ഹർജിക്കാർക്ക് നൽകാതെ ഈ ബസ് നിരത്തിൽ ഇറങ്ങരുതെന്ന് കോടതി ഉത്തരവിട്ടു. വാദി ഭാഗത്തിന് വേണ്ടി അഭിഭാഷകരായ ഷാജി കുര്യൻ, വിനീഷ് പി.ലൂക്കോസ്, എം.എസ്.ഷാൽബിൻ എന്നിവർ ഹാജരായി.