തൊടുപുഴ ഡിപ്പോയിലെ 4 ബസുകൾ മറ്റു ഡിപ്പോകളിലേക്ക്; എറണാകുളം, വൈക്കം റൂട്ടുകളിൽ യാത്രാദുരിതം
Mail This Article
തൊടുപുഴ ∙ നിലവിലുള്ള സർവീസുകൾ കൃത്യമായി ഓടിക്കാൻ ബസുകളില്ലാതെ ബുദ്ധിമുട്ടുന്ന തൊടുപുഴ കെഎസ്ആർടിസി ഡിപ്പോയിലെ 4 ബസുകൾ സ്പെഷൽ സർവീസുകൾക്കായി മറ്റു ഡിപ്പോകളിലേക്ക് അയച്ചതോടെ എറണാകുളം, വൈക്കം റൂട്ടുകളിലെ യാത്രക്കാർക്ക് ദുരിതം. എറണാകുളം റൂട്ടിൽ നല്ല ലാഭത്തിൽ ഓടിയിരുന്ന ഫാസ്റ്റ് പാസഞ്ചറുകൾ സ്പെഷൽ സർവീസിനായി മാറ്റി ഇപ്പോൾ പകരം 4 ഓർഡിനറി ബസുകളാണ് ഈ റൂട്ടിൽ ഓടിക്കുന്നത്. അതും കാല പഴക്കം ചെന്ന ബസുകൾ.
ഇവയ്ക്കാകട്ടെ സമയത്ത് ഓടിയെത്താനും കഴിയുന്നില്ലെന്നാണ് പരാതി. നിറയെ യാത്രക്കാരുള്ള എറണാകുളം റൂട്ടിൽ 20 മിനിറ്റ് ഇടവിട്ടാണ് സർവീസുകളുള്ളത്. ഇതിനെല്ലാം നിറയെ യാത്രക്കാരുമുണ്ട്. നല്ല ലാഭത്തിൽ ഓടിയിരുന്ന ഫാസ്റ്റ് ബസുകൾ പിൻവലിച്ച് പകരം ഓർഡിനറി ആക്കിയതോടെ 2 മണിക്കൂർ കൊണ്ട് എത്തിയിരുന്ന ബസ് ഇപ്പോൾ 30 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ വൈകിയാണ് എത്തുന്നതെന്നാണ് യാത്രക്കാരുടെ പരാതി. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് എറണാകുളത്തുനിന്ന് തൊടുപുഴയ്ക്കുള്ള ബസുകൾ മണിക്കൂറുകളോളം ഇല്ലാതെ വന്നതോടെ ദുരിതത്തിലായ യാത്രക്കാർ സ്റ്റേഷൻ മാസ്റ്ററെ ഉപരോധിച്ചിരുന്നു.
കെഎസ്ആർടിസി പിടിച്ചെടുത്ത റൂട്ട്
ഒരു കാലത്ത് സ്വകാര്യ ബസുകൾ കുത്തകയായിരുന്ന വൈക്കം റൂട്ട് പിടിച്ചെടുത്ത് കെഎസ്ആർടിസി മാത്രം ആക്കിയതോടെ യാത്രക്കാരുടെ ദുരിതവും ഇരട്ടിയായി. ഇതിനു പിന്നാലെയാണ് ഇപ്പോൾ 2 ബസുകൾ ഓടാതായത്. വൈക്കം റൂട്ടിലെ യാത്രാദുരിതം സംബന്ധിച്ച പരാതിക്ക് ഒരു പരിഹാരവും ഇല്ലാതെ തുടരുന്നതിനിടെയാണ് ഉള്ള ബസുകൾ പോലും ഇല്ലാതായത്. ഇതോടെ കെഎസ്ആർടിസി ബസുകളെ മാത്രം ആശ്രയിക്കുന്ന വൈക്കം റൂട്ടിലെ യാത്രക്കാർ പെരുവഴിയിലായി. തൊടുപുഴ ഡിപ്പോയിൽ സർവീസിന് ആവശ്യമായ ബസുകൾ കിട്ടാതായിട്ട് വർഷങ്ങളായി. ആവശ്യത്തിനു ബസുകൾ ഇല്ലാത്തതിനാൽ നേരത്തേ ഇവിടെനിന്ന് ഉണ്ടായിരുന്ന പല ഓർഡിനറി സർവീസുകളും ഓടിക്കാൻ സാധിച്ചിട്ടില്ല.
ഇപ്പോഴത്തെ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം പുതിയ ബസുകൾ ഒന്നും ഇറക്കാത്തതാണ് കെഎസ്ആർടിസിയെ പ്രതിസന്ധിയിലാക്കുന്നതെന്ന് ജീവനക്കാർ പറയുന്നു. മുൻ സർക്കാരുകളുടെ കാലത്ത് ഓരോ വർഷവും മുന്നൂറോളം ബസുകൾ ഇറക്കിയിരുന്നു. പുതുതായി ഇറക്കുന്ന ബസുകൾ ശബരിമല ഉൾപ്പെടെയുള്ള സ്പെഷൽ സർവീസുകൾക്ക് അയച്ചിട്ട് പിന്നീട് വിവിധ ഡിപ്പോകളിലേക്ക് നൽകുകയായിരുന്നു പതിവ്. എന്നാൽ ഇപ്പോൾ പുതിയ ബസുകൾ ഒന്നും ഇറക്കുന്നില്ല. അതേ സമയം സ്വിഫ്റ്റ് കമ്പനിയുടെ പേരിൽ ഇറക്കുന്ന ബസുകളൊന്നും കെഎസ്ആർടിസിയുടെ സർവീസുകൾക്ക് ലഭിക്കുന്നില്ല.