വന്യമൃഗശല്യത്തിനെതിരെ രൂക്ഷപ്രതികരണവുമായി ‘നാടിന്റെ ശബ്ദം’; ആവില്ല ആനപ്പേടിയിൽ കഴിയാൻ
Mail This Article
പീരുമേട് ∙ മരിയഗിരി സ്കൂളിനു സമീപത്തായി വന്യമൃഗശല്യവുമായി ബന്ധപ്പെട്ടു നടത്തിയ സംവാദത്തിൽ പങ്കെടുക്കാനെത്തിയ നാട്ടുകാർ സംസാരത്തിനിടയിൽ പല തവണയായി പിന്നിലെ കാട്ടിലേക്കു നോക്കുന്നുണ്ടായിരുന്നു. ഫോറസ്റ്റ് വാച്ചർമാർ 2 പേർ സ്ഥലത്തുണ്ടെങ്കിലും ജനങ്ങൾക്ക് പേടിയാണ്. കഴിഞ്ഞ ദിവസം ബസ് കയറാൻ കാത്തിരുന്ന കുട്ടികളുടെ നേർക്കു കാട്ടാന പാഞ്ഞടുത്തത് സെക്കൻഡുകൾക്കുള്ളിലാണ്.
24 മണിക്കൂറിനിടെ 2 സ്കൂട്ടർ യാത്രക്കാർക്കു നേരെയും ആന ഓടിയടുത്തു. 7 വർഷമായി പ്രദേശത്ത് ആന ഉണ്ടെങ്കിലും ശല്യം ഇത്രയും രൂക്ഷമാകുന്നത് കഴിഞ്ഞ ഒരു മാസത്തിനിടെയാണ്. പ്രദേശത്തെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളും ഇതിനുള്ള പരിഹാരവുമായാണ് ‘മനോരമ’ നടത്തിയ നാടിന്റെ ശബ്ദം പരിപാടിയിൽ പങ്കെടുക്കാൻ ജനങ്ങളെത്തിയത്. അവരിൽ ചിലരുടെ അനുഭവങ്ങളിലൂടെ...
പ്രദേശത്ത് ആനയില്ലെന്ന് വനംവകുപ്പുകാർ; വീട്ടിലെത്തിയപ്പോൾ മുറ്റത്ത് ആന!
ഒക്ടോബർ 7നാണ് തട്ടാത്തിക്കാനം പ്രദേശത്തേക്ക് ആന ഇറങ്ങിയെന്ന് അറിയുന്നത്. വനം ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടപ്പോൾ പ്രദേശത്ത് അങ്ങനെ ഒരു സംഭവമേ ഇല്ലെന്നു മറുപടി. ഇതു വിശ്വസിച്ചാണ് പേണ്ടാനത്ത് വീട്ടിൽ ബിജു പി.മാണി കുട്ടിക്കാനത്തു നിന്നു വീട്ടിലേക്ക് പോയത്. അവിടെയെത്തിയപ്പോൾ വീട്ടുമുറ്റത്തു നിൽക്കുന്നു കാട്ടാന: പേടിച്ചതിന്റെ ആഘാതം വിട്ടുമാറാൻ തന്നെ ദിവസങ്ങൾ എടുത്തെന്ന് അദ്ദേഹം പറയുന്നു. തട്ടത്തിക്കാനത്ത് ഇത്തരത്തിലൊരു സംഭവം അന്ന് ആദ്യമായിരുന്നു. പിന്നീട് പതിവായി.
260 പേർ താമസിക്കുന്ന തട്ടാത്തിക്കാനത്തേക്ക് പോകാനുള്ളത് ഒരു വഴി മാത്രമാണ്. കാട്ടാനയോ കാട്ടുപോത്തോ ഇറങ്ങിയാൽ പ്രദേശത്തുള്ളവർ അവിടെ അകപ്പെടും. ആർക്കും ഉള്ളിലേക്ക് എത്താനും സാധിക്കില്ല. കഴിഞ്ഞ മാസം മുതൽ ആനശല്യം രൂക്ഷമായിരുന്നു. കൂടുതൽ ശ്രദ്ധ വേണമെന്ന് നാട്ടുകാർ അറിയിച്ചെങ്കിലും വനം വകുപ്പിന് ഉണരാൻ വിദ്യാർഥികളെ ഓടിച്ച സംഭവം വേണ്ടി വന്നു.
ഓടിക്കോ എന്ന് അഭിനവ്; ഓടുന്നതിനിടെ വീണ് ഉപാസന
നവംബർ 13ന്റെ ഭീതി മരിയഗിരി ഇഎംഎച്ച്എസ്എസിലെ വിദ്യാർഥികളുടെ മുഖത്തുനിന്ന് 10 ദിവസത്തിനു ശേഷവും വിട്ടുമാറിയിട്ടില്ല. സ്പെഷൽ ക്ലാസ് കഴിഞ്ഞ് ബസ് കാത്തുനിൽക്കുമ്പോൾ അഭിനവാണ് ആനയുടെ ശബ്ദം കേട്ടത്. ‘ആന വരുന്നുണ്ട്, ഓടിക്കോ’ എന്ന് അഭിനവ് പറഞ്ഞതിനു തൊട്ടുപിന്നാലെ ആന എത്തി. പാഞ്ഞോടുന്നതിനിടയിൽ ഉപാസന വീണു കാലു പൊട്ടി. സുഹൃത്തുക്കൾ എടുത്തുയർത്തി വീണ്ടും ഓടി സ്കൂളിനുള്ളിൽ കയറുകയായിരുന്നു. ഏറ്റവും ഒടുവിൽ ഓടിയ വേണി രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പേടി ഇതുവരെ മാറിയിട്ടില്ല. ബസ് വരുന്നതു കണ്ടതിനു ശേഷം മാത്രമേ ഇപ്പോൾ സ്കൂൾ ഗേറ്റ് കടന്ന് വിദ്യാർഥികൾ റോഡിലേക്ക് എത്തൂ. വിദ്യാർഥികൾക്കായി കൂടുതൽ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്ന് സ്കൂൾ പ്രിൻസിപ്പൽ ഫാ. ജിനു ആവണിക്കുന്നേൽ പറഞ്ഞു.
ആശുപത്രിയാത്ര മുടക്കി കാട്ടാനക്കൂട്ടം
17–ാം വാർഡ് അംഗമായ ശാന്തി രമേശ് തന്റെ വാർഡ് അംഗം നേരിട്ട പ്രശ്നമാണ് നാടിന്റെ ശബ്ദത്തിൽ അവതരിപ്പിച്ചത്. ‘രാത്രി 2.30നു ബെന്നി എന്നയാൾ വിളിച്ച് അച്ഛനു വയ്യെന്നും ആന ഇറങ്ങിയതു കാരണം ഓട്ടോയിൽ ആശുപത്രിയിൽ പോകാൻ കഴിയില്ലെന്നും അറിയിച്ചു. ആംബുലൻസ് ഡ്രൈവറെ വിളിച്ചപ്പോൾ പ്രദേശത്ത് 3 കാട്ടാനകൾ തമ്പടിച്ചിരിക്കുകയാണെന്നും വാഹനം ഇറക്കാനാകില്ലെന്നും പറഞ്ഞു. പിറ്റേന്ന് ആനക്കൂട്ടം പിന്മാറിയതിനു ശേഷമാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്’ – ശാന്തി പറഞ്ഞു.
കാട്ടാന മാത്രമല്ല പ്രശ്നം !
കാട്ടാനയ്ക്കൊപ്പം പീരുമേട് മേഖലയിൽ മറ്റു വന്യമൃഗങ്ങളുടെ ശല്യവും രൂക്ഷമാണ്. തുടർച്ചയായി ഇപ്പോൾ പുലിയെ കാണുന്നതാണ് ജനങ്ങളുടെ വലിയ ആശങ്ക. ഇതുവരെ പുലിയെ പിടികൂടാനായിട്ടില്ല. മ്ലാവ്, കാട്ടുപന്നി, കാട്ടുപോത്ത്, കുരങ്ങ് എന്നിവയുടെ ശല്യവും അതിരൂക്ഷമാണ്. രാവിലെ പ്രധാന റോഡുകളിൽ പോലും കാട്ടുപോത്തിനെ കാണാറുണ്ടെന്ന് ഇവർ പറയുന്നു.
‘വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടേത് ജനവിരുദ്ധ സമീപനം’
മണ്ഡലത്തിലെ രൂക്ഷമായ വന്യമൃഗ ശല്യം പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികൾ.
∙ 4 ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിക്ക് കഴിഞ്ഞ ദിവസം കത്ത് നൽകി. കോട്ടയത്ത് പ്രവർത്തിക്കുന്ന കോട്ടയം ഡിഎഫ്ഒ ഓഫിസ് ഇടുക്കി വെള്ളാപ്പാറയിലേക്കു മാറ്റുക, എരുമേലി റേഞ്ച് ഓഫിസ് പീരുമേട്ടിൽ സ്ഥാപിക്കുക, 44-ാം മൈൽ - തോട്ടപ്പുര - അഴുത റോഡ് ഗതാഗതയോഗ്യമാക്കുക, വന്യമൃഗശല്യം അമർച്ച ചെയ്യുന്നതിനായി ദ്രുതകർമ സേനയുടെ ഒരു ടീമിനെ കൂടി അനുവദിക്കുക എന്നീ ആവശ്യങ്ങളാണ് കത്തിൽ ഉന്നയിച്ചിരിക്കുന്നത്.
വനം വകുപ്പ് കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്ന് തുടർച്ചയായി പരാതി ഉന്നയിക്കുന്നത് എന്തുകൊണ്ട്?
∙ ജനങ്ങൾക്കും മണ്ഡലത്തിന്റെ വികസനത്തിനും എതിരായ സമീപനമാണ് വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ സ്വീകരിക്കുന്നത്. കോട്ടയത്തിരുന്നാണ് ഡിഎഫ്ഒ ഇടുക്കിയിലെ വനം വകുപ്പിനെ നയിക്കുന്നത്. എരുമേലിയിൽ ഇരുന്നാണ് റേഞ്ച് ഓഫിസർ പീരുമേട്ടിലെ വനമേഖലയെ നിയന്ത്രിക്കുന്നത്. ഇതാണ് കുഴപ്പങ്ങൾക്കെല്ലാം പ്രധാന കാരണം. ഈ സാഹചര്യം അംഗീകരിക്കില്ല.
നിരാഹാരസമരം പ്രഖ്യാപിക്കാൻ ഇടയാക്കിയ സാഹചര്യം?
∙ വന്യമൃഗങ്ങളുടെ ശല്യം മൂലം പൊറുതിമുട്ടിയ ജനങ്ങൾ സമരരംഗത്ത് ഇറങ്ങുമ്പോൾ അവർക്കൊപ്പം എംഎൽഎ എന്ന നിലയിൽ നിൽക്കാനാണ് തീരുമാനം.
ജനങ്ങൾ പറയുന്ന പരിഹാരമാർഗം
∙ വനമേഖല പൂർണമായും പീരുമേട്ടിലും റേഞ്ച് ഓഫിസ് എരുമേലിയിലും സ്ഥിതി ചെയ്യുന്നത്. ഫലപ്രദമായി വന്യമ്യഗശല്യം ഉൾപ്പെടെ നേരിടുന്നതിന് ഇത് തടസ്സമാകുന്നു. 90 % വനവും പീരുമേട്ടിലെന്നു കണക്കിലെടുത്ത് ഓഫിസ് ഇവിടേക്കു മാറ്റണം.
∙ 44–ാം മൈൽ – തോട്ടാപ്പുര – അഴുത റോഡ് പൊതുജനങ്ങൾക്കായി വിട്ടുനൽകിയാൽ പീരുമേട് പ്രദേശത്തെ വന്യമ്യഗങ്ങളുടെ ഭീഷണി കുറയും. വാഹനങ്ങൾ കടന്നുപോകുകയും കാൽനടയാത്രക്കാർ എത്തുകയും ചെയ്താൽ ഇപ്പോഴത്തെ പോലെ വന്യമൃഗങ്ങൾ കൂട്ടത്തോടെ എത്തുകയില്ല. പ്ലാക്കത്തടം പ്രദേശവാസികൾ ഉപയോഗിച്ചിരുന്ന റോഡ് ഗതാഗതയോഗ്യമാക്കി നൽകണമെന്ന സംസ്ഥാന പട്ടികജാതി പട്ടികവർഗ കമ്മിഷന്റെ ഉത്തരവും നടപ്പിലായിട്ടില്ല.