അധികകാലം കാത്തിരിക്കേണ്ടി വരില്ല!
Mail This Article
തൊടുപുഴ ∙ മങ്ങാട്ടുകവല ബസ് സ്റ്റാൻഡിൽ കാത്തിരിപ്പ് കേന്ദ്രം കാലപ്പഴക്കം കാരണം നിലംപൊത്തുന്ന നിലയിൽ. തകർന്ന തകര ഷീറ്റുകൾ ഏതു സമയത്തും തലയിൽ വീഴാവുന്ന അവസ്ഥ. മഴ വന്നാൽ ചോർന്നൊലിക്കൽ പതിവാണ്. മേൽക്കൂരയുടെ പല ഭാഗവും തുരുമ്പെടുത്ത് വലിയ ദ്വാരമാണ് രൂപപ്പെട്ടിരിക്കുന്നത്. കൂടാതെ മേൽക്കൂരയിലെ ഇരുമ്പ് കഴുക്കോലുകൾ ദ്രവിച്ച് പലതും പൊട്ടിയതു കാരണം ചരട് ഉപയോഗിച്ച് കെട്ടിവച്ചിരിക്കുകയാണ്. ഇതുമൂലം യാത്രക്കാരിൽ ഭൂരിഭാഗം പേരും സ്വയരക്ഷ നോക്കി ഇവിടെ കയറി നിൽക്കാറില്ല.
സമീപത്തുള്ള കടകൾക്കു മുന്നിലെ വരാന്തകളിലാണു യാത്രക്കാർ ബസ് കാത്തുനിൽക്കുന്നത്. ദിനംപ്രതി ഒട്ടേറെ യാത്രക്കാരാണു സ്റ്റാൻഡിൽ വന്നുപോകുന്നത്. കുഞ്ഞുങ്ങളുമായി വരുന്ന സ്ത്രീകൾക്കും പ്രായമായവർക്കും ഏറെ നേരം ബസ് കാത്തുനിൽക്കുന്നത് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.
ഇതിനെല്ലാം പരിഹാരമായി കാത്തിരിപ്പു കേന്ദ്രം നവീകരിക്കണമെന്നാണു യാത്രക്കാരുടെ ആവശ്യം. എന്നാൽ കാത്തിരിപ്പു കേന്ദ്രത്തിന്റെ നവീകരണം, സ്റ്റാൻഡിനു മുന്നിലെ വലിയ 2 ഗർത്തങ്ങൾ എന്നീ വിഷയങ്ങൾ നിരന്തരമായി കൗൺസിൽ യോഗങ്ങളിൽ ഉന്നയിക്കാറുണ്ടെങ്കിലും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് വാർഡ് കൗൺസിലർ മുഹമ്മദ് അഫ്സൽ പറഞ്ഞു.