ADVERTISEMENT

തൊടുപുഴ ∙ ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച വ്യക്തികൾക്ക് സംസ്ഥാന സാമൂഹികനീതി വകുപ്പ് ഏർപ്പെടുത്തിയ  പുരസ്കാരം  (25,000 രൂപ) സ്വന്തമായി വിമാനം നിർമിച്ച തട്ടക്കുഴ സ്വദേശി അഴകനാൽ സജി തോമസിന്. ജന്മനാ ബധിരനും മൂകനുമായ സജി(52) 10 വർഷം മുൻപ് സ്വന്തമായി വിമാനം നിർമിച്ച് പറത്തിയത്. ഏഴാംക്ലാസ് വരെ മാത്രമാണ് പഠനം. സാങ്കേതിക വിദ്യാഭ്യാസമില്ല. യന്ത്രങ്ങളുടെ പ്രവർത്തനം മനസ്സിലാക്കുന്ന കോഴ്സുകളിലും ക്ലാസുകളിലും പങ്കെടുത്തിട്ടില്ല. സ്വന്തം പേരിൽ സ്വന്തമായി വിമാനം നിർമിച്ചു പറപ്പിച്ച ആദ്യത്തെ ഇന്ത്യക്കാരൻ എന്ന വിശേഷണം സജിക്കു സ്വന്തമാണ്.

 2014 ഏപ്രിൽ 10ന് എയർഫോഴ്സിലെ റിട്ട. വിങ് കമാൻഡർ എസ്.കെ.ജെ.നായർ തമിഴ്നാട്ടിലെ തിരുനൽവേലിക്കടുത്തുള്ള അംബാസമുദ്രത്തിൽ സജിയെയുമിരുത്തി വിമാനം പറപ്പിച്ചു. ഏഴുവർഷം കൊണ്ടാണു സജി വിമാനം ഉണ്ടാക്കിയത്. സാമ്പത്തിക പരാധീനതകൾ മൂലം പണി നീണ്ടുപോയി. സ്വന്തമായുണ്ടായിരുന്ന ജീപ്പ് വിറ്റും ഇലക്ട്രീഷൻ ജോലി ചെയ്തും റബർ കൃഷിയിലെ വരുമാനം ഉപയോഗിച്ചും  വിമാനമുണ്ടാക്കാനുള്ള യന്ത്രഭാഗങ്ങൾ വാങ്ങി.

രാജ്യത്തെ പ്രമുഖ വിമാന കമ്പനികളിൽ നേരിട്ടുചെന്നു സാങ്കേതിക വിദ്യ പരിചയപ്പെട്ടു. ബെംഗളൂരുവിൽ നിന്നും വിമാനത്തിന്റെ പാർട്സുകൾ വാങ്ങി. ഇന്റർനെറ്റിന്റെയും പുസ്തകങ്ങളുടെയും സഹായത്തോടെ സംശയങ്ങൾ ദൂരീകരിച്ചു. അങ്ങനെ നിർമാണം പൂർത്തിയാക്കി. സജിക്കു പിന്തുണയുമായി ഭാര്യ മരിയയും മകൻ ജോഷ്വയും ഉണ്ട്. നിലവിൽ കരിമണ്ണൂർ പുല്ലുമലയിലാണ് താമസം.

English Summary:

Saji Thomas, a deaf and mute individual from Kerala, India, has been recognized with the State Social Justice Department’s award for his remarkable achievement of building and flying his own airplane. Despite lacking formal technical education, Saji's passion and determination led him to achieve this incredible feat.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com