ADVERTISEMENT

മറയൂർ∙ ഇടവേളയ്ക്ക് ശേഷം ചന്ദനമര മോഷണ സംഘം സജീവമായി. സംഘത്തിന് പിന്നാലെ വനംവകുപ്പ് അധികൃതരും.  10 മാസത്തിനിടെ, മറയൂരിലെ വനമേഖലയിൽ നിന്നും സ്വകാര്യ ഭൂമിയിൽ നിന്നുമായി മോഷ്ടാക്കൾ വെട്ടിക്കടത്തിയത് 9 മരങ്ങളാണ്. പുറംലോകം അറിയാതെ വേറെയും ഒട്ടേറെ മരങ്ങൾ മോഷ്ടിക്കപ്പെട്ടതായും സൂചനയുണ്ട്.  സമീപകാലത്ത് ചന്ദന റിസർവുകളിൽ നിന്നായി ആറ് ചന്ദന മരങ്ങളാണ് മുറിച്ചുകടത്തിയത്. മറയൂർ മേഖലയിൽ വർഷങ്ങളായി ചന്ദനമോഷണം നടക്കുന്നില്ലെന്നായിരുന്നു വനംവകുപ്പിന്റെ അവകാശവാദം.

എന്നാൽ മറയൂരിൽ ഇപ്പോൾ ചന്ദന മോഷണങ്ങൾ നടക്കുകയും മോഷ്ടാക്കളെ പിടിക്കുകയും ചെയ്തതിന്റെ ഞെട്ടലിലാണ് നാട്ടുകാർ. രാപകൽ വനംവകുപ്പ് ഉദ്യോഗസ്ഥരും ജീവനക്കാരും റോഡിലൂടെ പട്രോളിങ് നടത്തുന്നതിനിടെ ചെറുവാഹനങ്ങളിൽ  ചന്ദനം കടത്തുന്നത് നിർബാധം തുടരുകയാണ്. സമീപകാലത്ത് നടന്ന അന്വേഷണത്തിനൊടുവിലാണ് 19 പ്രതികളെ പിടികൂടിയത്.

ഒരാഴ്ചയ്ക്കിടെ പിടിയിലായത് 6 പേർ 
നാച്ചിവയൽ ചന്ദന റിസർവിൽ നിന്ന് ഈ മാസം 6ന് നാല് ചന്ദനമരങ്ങൾ മോഷ്ടിച്ച് കടത്തിയ കേസിൽ തിരുവനന്തപുരം  കടയ്ക്കാവൂർ തെക്കുംഭാഗം സ്വദേശി ലിജു (35) പട്ടിക്കാട് സ്വദേശി മണികണ്ഠൻ (28) എന്നിവർ പിടിയിലായതോടെ ഒരാഴ്ചയ്ക്കിടെ 6 മോഷ്ടാക്കൾക്കാണ് വിലങ്ങ് വീണത്. എറണാകുളം വെങ്ങോല വാളൂരാൻ വീട്ടിൽഅബ്‌ദുൽ ജലീൽ (33), പുളിക്കരവയൽ സ്വദേശി രാജേഷ്‌കുമാർ (26) മൈക്കിൾഗിരി സ്വദേശി മനോജ്‌കുമാർ (22) എന്നിവരെയും അതിനു മൂന്നുദിവസം മുൻപ് ശിവ എന്നറിയപ്പെടുന്ന ശരത്തിനെയും അറസ്റ്റ് ചെയ്തിരുന്നു.

ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രധാന പ്രതിയായ ലിജുവിനെയും വനം വകുപ്പ് അറസ്റ്റ് ചെയ്തത്. ഇതിന് ഉപയോഗിച്ചെന്ന് പറയുന്ന 4 വാഹനങ്ങളും വനം വകുപ്പ് കസ്റ്റഡിയിലെടുത്തു.  ഡിഎഫ്ഒ പി.ജെ. സുഹൈബ്, റേഞ്ച് ഓഫിസർ അബ്‍ജു കെ.അരുൺ, എസ്എഫ്ഒമാരായ വി.ഷിബു കുമാർ, ശങ്കരൻ ഗിരി, ഡിഎഫ്ഒമാരായ വിഷ്ണു, എസ്.കല, സ്‍മിജി, സച്ചിൻ സി.ഭാനു, സുജേഷ് കുമാർ, വിഷ്ണു കെ.ചന്ദ്രൻ എന്നിവർ നടത്തിയ സംയുക്ത അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

English Summary:

After a period of calm, sandalwood smuggling is resurging in Marayoor, Kerala. Thieves have targeted sandalwood reserves and private land, prompting increased vigilance from the Forest Department. Despite efforts to curb the illegal trade, smugglers continue to operate, raising concerns among locals.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com