തൊടുപുഴയിൽ സ്കൂൾ - കോളജ് വിദ്യാർഥികളെ ലക്ഷ്യമിട്ട് ലഹരി മാഫിയ: പിടിച്ചെടുത്തത് വൻ ശേഖരം
Mail This Article
തൊടുപുഴ ∙ മേഖലയിൽ സ്കൂൾ - കോളജ് വിദ്യാർഥികളെ ലക്ഷ്യമിട്ട് ലഹരി മാഫിയ സജീവമാകുന്നു. കഴിഞ്ഞയാഴ്ച വിദ്യാർഥികൾക്കിടയിൽ വിൽപനയ്ക്കായി കൊണ്ടുവന്ന 40 കിലോ ഗ്രാം കഞ്ചാവുമായി 2 യുവാക്കളും 36 ഗ്രാം എഡിഎംഎയുമായി ഒരാളും കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് പിടിയിലായത്. തൊടുപുഴ പെരുമ്പിള്ളിച്ചിറ കൊച്ചുപറമ്പിൽ നൗഫൽ (25), ചൂരവേലിൽ റിൻഷാദ് (29) എന്നിവരാണ് കഞ്ചാവുമായി പിടിയിലായത്. പെരുമ്പിള്ളിച്ചിറ സ്വദേശി അനൂപ് കടന്നുകളഞ്ഞു. തൊട്ടടുത്ത ദിവസം പെരുമ്പിള്ളിച്ചിറ സ്വദേശി റെസിൻ ഫാമി (29) എംഡിഎംഎയുമായി പിടിയിലായി.
ആദ്യം ലഹരി ഉപയോഗം, പിന്നീട് വിൽപന
വിദ്യാർഥികളെയും യുവാക്കളെയും ലഹരിക്ക് അടിമപ്പെടുത്തി പിന്നീട് കച്ചവടത്തിന് ഇറക്കുന്നതാണ് ലഹരി മാഫിയയുടെ തന്ത്രം. പിടിയിലാകുന്നതിലേറെയും 18നും 40നും ഇടയിൽ പ്രായമുള്ളവരാണ്. ഒരിക്കൽ പിടിക്കപ്പെടുന്നവർ വിൽപനക്കാരാകുന്നതും പതിവാണ്. ലഹരി വാങ്ങാനുള്ള പണത്തിനായി ഇതിന് അടിമകളായവർ എന്തു മാർഗവും സ്വീകരിക്കും. ഇത് യുവാക്കളെ ക്രിമിനൽ പ്രവണതകളിലേക്ക് നയിക്കും. കഴിഞ്ഞ ദിവസം മൂലമറ്റം പുള്ളിക്കാനത്തുനിന്ന് സിനിമ നടനടക്കം 2 പേരെ എംഡിഎംഎയും കഞ്ചാവുമായി പിടിയിലായിരുന്നു. സിനിമ, ബിഗ് ബോസ് താരമായ പി.എസ്.ഫരീദുദ്ദീൻ (31), വടകര സ്വദേശി ജിസ്മോൻ ദേവസ്യ (24) എന്നിവരെയാണ് എംഡിഎംഎയും കഞ്ചാവുമായി മൂലമറ്റം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ.അഭിലാഷും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.
നിയമത്തിന്റെ പഴുത് ഉപയോഗപ്പെടുത്തൽ
ഒരു കിലോയിൽ താഴെ കഞ്ചാവ് കൈവശം വച്ചതിന് പിടിക്കപ്പെട്ടാൽ സ്റ്റേഷൻ ജാമ്യം ലഭിക്കും. ഇതു മുതലാക്കി ചെറിയ അളവുകളിലാകും പല വിൽപനക്കാരും കഞ്ചാവ് കൈവശം വയ്ക്കുക. എംഡിഎംഎയാണെങ്കിൽ അര ഗ്രാം ഉണ്ടെങ്കിൽ തന്നെ ജാമ്യം ലഭിക്കില്ല. ഇതിന്റെ സാധ്യതകൾ അറിയാവുന്ന ലഹരി സംഘങ്ങൾ നിയമത്തിന്റെ പഴുതു നോക്കിയാണ് കടത്തൽ ആസൂത്രണം ചെയ്യുന്നത്.
പരിശോധന കുറവ്
ഏതാനും മാസം മുൻപ് വരെ തൊടുപുഴ കേന്ദ്രീകരിച്ച് നിത്യേന ലഹരി വസ്തുക്കൾ പിടികൂടിയുരുന്നു. അതിനനുസൃതമായ പരിശോധനകളായിരുന്നു അക്കാലത്ത് എക്‌സൈസും പൊലീസും നടത്തിയിരുന്നത്. എന്നാൽ എക്‌സൈസിൽ ഇത്തരം റെയ്ഡുകൾക്ക് മുന്നിൽ നിന്നിരുന്ന ഒരു കൂട്ടം ഉദ്യോഗസ്ഥരെ സേനയ്ക്കുള്ളിൽനിന്ന് തന്നെയുള്ള അനധികൃത ഇടപെടലിന്റെ അടിസ്ഥാനത്തിൽ പലയിടങ്ങളിലേക്കായി സ്ഥലം മാറ്റി. പൊലീസ് നടത്തിയിരുന്ന ലഹരി വേട്ട ഇപ്പോൾ പൂർണമായും അവസാനിച്ചു. ഇതിനായി മുൻ ഡിവൈഎസ്‌പിയുടെ കാലത്ത് പ്രത്യേകം സ്ക്വാഡിനെ തന്നെ നിയോഗിച്ചായിരുന്നു പരിശോധന. ഇതും ഇപ്പോൾ ഇല്ലാതായി.