റോഡ് നന്നാക്കി ബസ് സർവീസ് തുടങ്ങി
Mail This Article
വണ്ടിപ്പെരിയാർ ∙ തകർന്നു കിടക്കുന്ന റോഡിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചതിനു പിന്നാലെ ധർമാവാലിയിലേക്ക് ബസ് സർവീസ് പുനരാരംഭിച്ചു. വണ്ടിപ്പെരിയാർ - കുരിശുംമൂട് - ധർമാവാലി റൂട്ടിലാണ് മുബാറക്ക് ബസ് സർവീസ് ആരംഭിച്ചത്. വണ്ടിപ്പെരിയാറിൽ നിന്നു 14 കിലോമീറ്റർ ദൂരം വരുന്ന ധർമാവാലിയിലേക്കുള്ള റോഡ് തകർന്നതോടെയാണ് ബസ് സർവീസ് നിലച്ചത്.
യാത്രാ ക്ലേശം രൂക്ഷമായതോടെ പഞ്ചായത്ത് അംഗങ്ങൾ അറ്റകുറ്റപ്പണികൾക്കായി ഫണ്ട് വകയിരുത്തി. ഇതു ചെലവഴിച്ചു കുറെ ഭാഗത്ത് പണികൾ നടത്തി. പിന്നാലെ പ്രദേശവാസികൾ റോഡിൽ ശ്രമദാനവും നടത്തി. ഇതിനിടെ വാഴൂർ സോമൻ എംഎൽഎയുടെ ഫണ്ടിൽ നിന്നു 40 ലക്ഷം രൂപ കൂടി അനുവദിച്ചു. നടപടിക്രമങ്ങൾ പൂർത്തിയായാൽ ഉടൻ തന്നെ ഈ തുക ഉപയോഗിച്ചു നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കും.
ഈ സാഹചര്യത്തിൽ ജില്ലാ ഭരണകൂടത്തിനും, മോട്ടർ വാഹന വകുപ്പിനും നൽകിയ പരാതിയെ തുടർന്ന് ബസ് സർവീസ് ആരംഭിക്കാൻ തീരുമാനം ഉണ്ടായത്. വിദ്യാർഥികൾ, തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ സമാന്തര സർവീസുകളെയാണ് ആശ്രയിച്ചിരുന്നത്. വാഴൂർ സോമൻ എംഎൽഎ സർവീസിന്റെ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം എസ്.പി.രാജേന്ദ്രൻ, പഞ്ചായത്തംഗം ഷീലാ കുളത്തിങ്കൽ എന്നിവർ പ്രസംഗിച്ചു.