ADVERTISEMENT

കണ്ണൂർ∙ ധർമടത്തും അഴീക്കലും തീരത്തടിഞ്ഞ പഴയ കപ്പലുകൾ പൊളിക്കാനായി സ്റ്റീൽ ഇൻഡസ്ട്രീസ് കേരള (സിൽക്) യൂണിറ്റിലേക്കു മാറ്റുന്നതു വൈകും. കപ്പൽചാൽ തെളിക്കുന്നതിനു ചുമതലപ്പെടുത്തിയ ഏജൻസി എത്താൻ വൈകുന്നതും സിൽക്കിന്റെ പമ്പ് സെറ്റുകൾ തകരാറായതുമാണു കാരണം. ഇന്നലെ കപ്പലുകൾ നീക്കിത്തുടങ്ങാനായിരുന്നു ഉദ്ദേശിച്ചിരുന്നത്.

മാലദ്വീപിൽനിന്നുള്ള ചരക്കുകപ്പലും മൽസ്യബന്ധന കപ്പലുമാണു കടൽക്ഷോഭത്തെത്തുടർന്നു കഴിഞ്ഞ ഓഗസ്റ്റിൽ തീരത്തടിഞ്ഞത്. 500 ടൺ വീതം ഭാരമുണ്ടു കപ്പലുകൾക്ക്. കപ്പൽ പൊളിക്കുന്നതു മൂലമുള്ള പരിസ്ഥിതി പ്രശ്നങ്ങൾ വിവിധ സംഘടനകൾ ഉയർത്തിയിരുന്നു. തുടർന്നു കലക്ടർ ഇടപെട്ടു നടത്തിയ ചർച്ചയ്ക്കൊടുവിലാണു കപ്പൽ സിൽക്കിലേക്കു നീക്കാനും പരിസ്ഥിതിക്കു ഹാനികരമല്ലാത്ത രീതിയിൽ പൊളിക്കാനും തീരുമാനിച്ചത്.

Kannur News
കടൽക്ഷോഭത്തെത്തുടർന്നു കഴിഞ്ഞ ഓഗസ്റ്റിൽ ധർമടം തീരത്തടിഞ്ഞ കപ്പൽ. ചിത്രം: മനോരമ

ധർമടം തീരത്തുള്ള കപ്പലിന്റെ അടിയിൽ വലിയ ദ്വാരം വീണിട്ടുണ്ട്. കപ്പൽ നീക്കണമെങ്കിൽ ആദ്യം ദ്വാരമടയ്ക്കണം.  അതിനു കപ്പലിനുള്ളിൽ കയറിയ വെള്ളം പമ്പ് ചെയ്തു കളയണം. സിൽക്കിന്റെ 18 പമ്പുകൾ ഇതിനായി എത്തിച്ചെങ്കിലും വിവിധ കാരണങ്ങളാൽ പ്രവൃത്തി വൈകിയതു മൂലം പമ്പുകൾ തുരുമ്പെടുത്തു തകരാറിലായി. ഇതിൽ ആറെണ്ണം പ്രവർത്തനക്ഷമമാക്കി മാറ്റിയിട്ടുണ്ട്.

 ശേഷിക്കുന്നവ ശരിയാക്കാൻ മൂന്നു ദിവസം കൂടിയെടുക്കും. ഇതിനുശേഷമേ കപ്പലിന്റെ ദ്വാരം അടയ്ക്കാൻ കഴിയുകയുള്ളൂ. അഴീക്കലിലെ കപ്പൽ സിൽക്കിലെത്തിക്കുന്നതിനായി കപ്പൽചാലൊരുക്കാൻ കരാറെടുത്തിരുന്ന കൊച്ചിയിലെ ഡ്രജിങ് കമ്പനി എത്താൻ മൂന്നു ദിവസം കൂടിയെടുക്കുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഡ്രജിങ് ഉപകരണങ്ങളുമായി കമ്പനി നേരത്തേ എത്തിയിരുന്നെങ്കിലും കപ്പൽ നീക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിന്നതുമൂലം തൊഴിലാളികൾ കൊച്ചിയിലേക്കു മടങ്ങിയിരുന്നു.

ഈയാഴ്ച തന്നെ കപ്പലുകൾ നീക്കാൻ കഴിയുമെന്നാണു പ്രതീക്ഷയെന്നു സിൽക്ക് അധികൃതർ പറഞ്ഞു.സിൽക്കിന്റെ കപ്പൽപൊളി യൂണിറ്റിലേക്കു കപ്പലുകൾ എത്തിക്കാൻ കൊച്ചിയിലെ ഒരു ഏജൻസിയാണു കരാറെടുത്തിരുന്നത്. കപ്പലുകൾ സിൽക്കിലേക്കു നീക്കാൻ വൈകുന്നത് ഇവ ഇപ്പോഴുള്ള ധർമടത്തും അഴീക്കലിലും കടലിൽ മലിനീകരണത്തിനു കാരണമാകുമെന്ന് ആശങ്കയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com