വിദ്യാർഥികൾക്കു നേരേ സദാചാരഗുണ്ടാ ആക്രമണം; അഞ്ചുപേർ അറസ്റ്റിൽ
Mail This Article
പയ്യന്നൂർ ∙ കണ്ടൽക്കാട് സംരക്ഷണ നാടക പരിശീലനത്തിനെത്തിയ വിദ്യാർഥികളെ ആക്രമിച്ച സദാചാരഗുണ്ടകൾ അറസ്റ്റിൽ. കുഞ്ഞിമംഗലത്തെ എം.പി.മനോഹരൻ (49), സി.പവിത്രൻ (45), എ.വി.ആകാശ് (29), സി.സി.മനോജ് (35), എം.സതീശൻ (46) എന്നിവരെയാണ് എസ്ഐ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്. പ്രതികളെ ജാമ്യത്തിൽ വിട്ടു.
എടാട്ട് തുരുത്തിയിൽ കണ്ടൽക്കാട് സംരക്ഷണ ബോധവൽക്കരണ നാടക പരിശീലനത്തിനെത്തിയ പെൺകുട്ടികൾ ഉൾപ്പെടെയുള്ള സംഘത്തിന് നേരെ ബുധനാഴ്ച വൈകിട്ടായിരുന്നു ആക്രമണം. ജില്ലാ പഞ്ചായത്തിന്റെ തണ്ണീർത്തട ദിനാഘോഷത്തിന്റെ ഭാഗമായി അഴീക്കോട് കണ്ടൽ ചെടികൾ നട്ടും തെരുവു നാടകം അവതരിപ്പിച്ചും തിരിച്ചുവന്ന വിദ്യാർഥികളാണ് ആക്രമിക്കപ്പെട്ടത്. പെൺകുട്ടികൾക്ക് ഉൾപ്പെടെ പരുക്കേറ്റിരുന്നു.
വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ എടാട്ട് തുരുത്തിയിലെ പ്രോജക്ട് ഓഫിസിൽ അതിക്രമിച്ചു കയറി 9 അംഗ സംഘം ആക്രമിച്ചതായി പയ്യന്നൂർ കോളജ് വിദ്യാർഥി നീലേശ്വരം തൈക്കടപ്പുറത്തെ അഭിജിത്ത് (20) പൊലീസിൽ നൽകിയ പരാതിയിലാണ് അറസ്റ്റ്. സംഘത്തിലെ യുവാവും പെൺകുട്ടിയും കണ്ടൽക്കാടിനു സമീപം പക്ഷിനിരീക്ഷണം നടത്തുന്നതു കണ്ടു ചിലർ സദാചാരഗുണ്ടകളായി ചോദ്യം ചെയ്തതാണ് വാക്കേറ്റത്തിലും ആക്രമണത്തിലും കലാശിച്ചതെന്നു പറയുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് കോളജിൽ വിദ്യാർഥികൾ പ്രകടനവും പൊതുയോഗവും നടത്തി.