കൈകോർക്കാം പുഴകളെ തിരിച്ചു പിടിക്കാൻ
Mail This Article
ജില്ലയിലെ മലിനമായി കിടക്കുന്ന പുഴകൾ ജനകീയ പങ്കാളിത്തത്തോടെ ശുചീകരിക്കാൻ പദ്ധതി തയാറാക്കുന്നു. ഇതിനു മുന്നോടിയായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷും ജില്ലാ കലക്ടർ ടി.വി.സുഭാഷും പുഴ മലിനപ്പെടുന്ന പ്രദേശങ്ങൾ സന്ദർശിച്ചു. പുഴയോരങ്ങൾ കുപ്പത്തൊട്ടിയാക്കുന്ന സംസ്കാരം ഇല്ലാതാക്കാൻ ജനകീയ കൂട്ടായ്മകൾ സൃഷ്ടിക്കണമെന്ന് ഇരുവരും അഭിപ്രായപ്പെട്ടു. ലോക ജലദിനമായ 22ന് പുഴകൾ ശുചീകരിക്കാനാണു തീരുമാനം.
തുടർന്നു പുഴ മലിനമാകാതെ കാക്കാൻ പുഴയോര ജാഗ്രതാ സമിതികൾ ഉണ്ടാക്കാനും ആലോചനയുണ്ട്. ഇതിൽ എല്ലാ വിഭാഗം ആളുകളെയും പങ്കാളികളാക്കും. തദ്ദേശ സ്ഥാപനങ്ങളും രംഗത്തിറങ്ങും. തെളിനീരൊഴുകട്ടെ എന്ന പേരിൽ പുഴകളെ തിരിച്ചു പിടിക്കാൻ മലയാള മനോരമ പ്രസിദ്ധീകരിച്ച ലേഖന പരമ്പരയുടെ പശ്ചാത്തലത്തിലാണ് കലക്ടറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ഇരിക്കൂർ പുഴയുടെ വിവിധ ഭാഗങ്ങൾ സന്ദർശിച്ചത്.
വളപട്ടണം പുഴയുടെ ഭാഗമാണ് ഇരിക്കൂർ പുഴ. മണ്ണൂർക്കടവ് പാലത്തിനരികിൽ മാലിന്യം തള്ളിയിരിക്കുന്നത് ഇരുവരും നേരിൽ കണ്ടു. മണ്ണൂർ പാലത്തിനടിയിൽ ഒഴുക്കു നിലച്ച് ഇരിക്കൂർ പുഴ കറുത്തിരുണ്ടു കിടക്കുന്നതും കഴിഞ്ഞ പ്രളയത്തിൽ ഒഴുകിയെത്തിയ മരത്തടികൾ പാലത്തിന്റെ ചുവട്ടിലായി തൂണുകളിൽ കുടുങ്ങി കിടക്കുന്നതുമെല്ലാം കലക്ടറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മനസ്സിലാക്കി. അടിയന്തര പ്രാധാന്യം നൽകി പുഴ ശുചീകരിക്കേണ്ടതിന്റെ ആവശ്യകത ഇരുവർക്കും ബോധ്യമായി.
ഉദ്യോഗസ്ഥ തലത്തിൽ യോഗം ചേർന്ന് പദ്ധതി ആവിഷ്ക്കരിക്കുമെന്നു കലക്ടർ ടി.വി.സുഭാഷ് പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളെയും സന്നദ്ധ സംഘടനകളെയും വിദ്യാർഥികളെയും യുവജനങ്ങളെയും ക്ലബ്ബുകളെയുമെല്ലാം പങ്കെടുപ്പിച്ചു പുഴ ശുചീകരണം നടത്തുമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് പറഞ്ഞു. ഇതിനായി എല്ലാ വിഭാഗം ആളുകളെയും സംഘടിപ്പിച്ചു രംഗത്തിറക്കും. മണ്ണൂർക്കടവ് പാലത്തിനടുത്ത് ഇരിക്കൂർ–പടിയൂർ കല്യാട് പഞ്ചായത്തുകൾ അതിരിടുന്ന സ്ഥലത്താണ് വലിയ തോതിൽ മാലിന്യം തള്ളിയിരിക്കുന്നത്.
വാഹനങ്ങളിൽ മാലിന്യം കൊണ്ടുവന്നു തള്ളുന്ന പ്രധാന കേന്ദ്രങ്ങളിൽ ഒന്നാണിത്. ബാർബർ ഷോപ്പുകൾ, കോഴിക്കടകൾ, അറവുശാലകൾ, മെഡിക്കൽ ഷോപ്പുകൾ എന്നിവിടങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ ഇവിടെ തള്ളുന്നുണ്ടെന്നു സ്ഥലം സന്ദർശിക്കാനെത്തിയവർ നേരിൽ കണ്ടു മനസ്സിലാക്കി. കല്യാണ വീടുകളിലെയും മറ്റു ചടങ്ങുകളിലെയും അവശിഷ്ടങ്ങളും ഇവിടെ തള്ളുന്നുണ്ട്. ഇതിനു പുറമേ പ്ലാസ്റ്റിക് മാലിന്യവും കുപ്പികളും വേറെയും.
ആളുകൾ കുളിക്കാനും അലക്കാനുമെല്ലാം ഈ പുഴയെ ആശ്രയിക്കുന്നുണ്ട്. മാലിന്യം തള്ളിയതിന്റെ തൊട്ടടുത്തു തന്നെയാണ് ഇതെല്ലാം നടക്കുന്നത്. ഒറ്റ മഴയ്ക്കു തന്നെ പുഴയോരത്തു തള്ളിയ മാലിന്യം പുഴയിൽ കലരുന്ന സ്ഥിതിയാണ്. അതിനു മുൻപ് ഇതു നീക്കം ചെയ്യാനാണ് ആലോചന.
പെരിങ്ങത്തൂർ പുഴയിൽ പെരിങ്ങത്തൂർ പാലം പരിസരം, കണ്ണവം പുഴയിൽ കണ്ണവം പാലത്തിന്റെ പരിസരം, ന്യൂമാഹിയിൽ മാഹി പാലം പരിസരം, കരുവഞ്ചാൽ പുഴയിൽ കരുവഞ്ചാൽ അങ്ങാടി പരിസരം, ആലക്കോട് പുഴയിൽ ആലക്കോട് അങ്ങാടി പരിസരം എന്നിവിടങ്ങളിലാണ് മനോരമ നടത്തിയ അന്വേഷണത്തിൽ പുഴകളിൽ കൂടുതൽ മാലിന്യം കാണപ്പെട്ടത്. പുഴകളുടെ ശുചീകരണത്തിന്റെ തുടക്കമെന്ന നിലയിൽ ഈ കേന്ദ്രങ്ങൾ ആദ്യപടിയായി ശുചീകരിക്കാനും വീണ്ടും മാലിന്യം തള്ളുന്നതു തടയാനുമുള്ള നടപടികളാണു ജില്ലാ ഭരണകൂടവും ജില്ലാ പഞ്ചായത്തും ആലോചിക്കുന്നത്.
അതിനോടു സഹകരിക്കാനുള്ള സന്മനസ്സാണ് ആളുകളിൽ നിന്ന് ഉണ്ടാകേണ്ടതെന്ന് അവർ പറഞ്ഞു. ഓരോരുത്തരും പുഴയുടെ കാവലാളുകളായി മാറുക എന്നതാണ് പുഴ മലിനപ്പെടാതിരിക്കാനുള്ള പ്രധാന ജാഗ്രതകളിൽ ഒന്ന്. അതുകൊണ്ടു തന്നെ പുഴ ശുചീകരണത്തിൽ പരമാവധി ആളുകളെ പങ്കെടുപ്പിക്കാനാണു തീരുമാനമെന്നും അവർ അറിയിച്ചു.
ഉദ്യോഗസ്ഥ തലത്തിൽ യോഗം ചേർന്ന ശേഷം കുടുതൽ വിശദാംശങ്ങൾ നൽകാമെന്ന് കലക്ടർ ടി.വി.സുഭാഷും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷും പറഞ്ഞു. ഇരിക്കൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.അനസും മാലിന്യം തള്ളിയ സ്ഥലം സന്ദർശിക്കാൻ എത്തിയിരുന്നു.