ADVERTISEMENT

കണ്ണൂർ∙ കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് പോളിങ് ശതമാനത്തിലുണ്ടായ കുറവ് എങ്ങനെ ബാധിക്കുമെന്ന കണക്കുകൂട്ടലിലാണ് അഴീക്കോട് മണ്ഡലത്തിൽ യുഡിഎഫും എൽഡിഎഫും. 77.89 ആണ് ഇത്തവണത്തെ പോളിങ് ശതമാനം. രണ്ടായിരത്തോളം തപാൽ ബാലറ്റ് കൂടി ചേർത്താലും ഏതാണ്ട് രണ്ടര ശതമാനത്തിന്റെ കുറവുണ്ട്. ഇടതുമുന്നണി വളരെയധികം പ്രതീക്ഷ വയ്ക്കുന്ന മണ്ഡലമാണെങ്കിലും, പോളിങ് ശതമാനത്തിലെ കുറവ് കഴിഞ്ഞ രണ്ടു തവണയും യുഡിഎഫിനെ ബാധിച്ചിട്ടില്ലെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്.

അഴീക്കോട്ടെ മത്സരം പോലെ തന്നെ ഇഞ്ചോടിഞ്ഞു മത്സരിക്കുകയാണ് ഇരുവരുടെയും ശക്തി കേന്ദ്രമായ പഞ്ചായത്തുകളിലെ പോളിങ് ശതമാനം. 2011ൽ 82.23 ശതമാനമായിരുന്നു അഴീക്കോട്ടെ പോളിങ് നിരക്ക്. അന്നു 493 വോട്ടിനാണു യുഡിഎഫ് ജയിച്ചത്. 2016ൽ പോളിങ് നിരക്ക് ഒരു ശതമാനത്തിലേറെ താഴ്ന്നു. എന്നാൽ യുഡിഎഫിന്റെ ഭൂരിപക്ഷം 2287 ആയി ഉയരുകയാണു ചെയ്തത്. ഇത്തവണ മണ്ഡലത്തിൽ ഏറ്റവുമുയർന്ന പോളിങ് (81.36) നാറാത്ത് പഞ്ചായത്തിലാണ്.

2016ലും ഇവിടെ ഉയർന്ന പോളിങ് രേഖപ്പെടുത്തിയിരുന്നു. അന്ന് യുഡിഎഫിന് 1335 വോട്ടിന്റെ ലീഡ് ഇവിടെ ലഭിച്ചു. ഇത്തവണയും പോളിങ് ഉയർന്നതിൽ യുഡിഎഫിനു പ്രതീക്ഷയുണ്ട്. അതേസമയം, സിപിഎം ശക്തികേന്ദ്രമായ അഴീക്കോടും (79.64) പാപ്പിനിശ്ശേരിയു(78.15)മാണു തൊട്ടുപിന്നിൽ എന്നത് എൽഡിഎഫിനും പ്രതീക്ഷ നൽകുന്നു. വളപട്ടണം, നാറാത്ത് പഞ്ചായത്തുകളിലും കോർപറേഷനിലെ പുഴാതി, പള്ളിക്കുന്ന് സോണുകളിലുമാണു യുഡിഎഫിനു കൂടുതൽ സ്വാധീനം.

പള്ളിക്കുന്ന് സോണിൽ കോർപറേഷൻ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനു രണ്ടും ബിജെപിക്ക് ഒരു സീറ്റും മാത്രമാണു ലഭിച്ചത്. എന്നാൽ പള്ളിക്കുന്ന് സോണിലാണ് ഇത്തവണ  മണ്ഡലത്തിലെ ഏറ്റവും കുറഞ്ഞ പോളിങ് ശതമാനമെന്നതു യുഡിഎഫിനെ ആശങ്കപ്പെടുത്തുന്നു. 2016ൽ കോൺഗ്രസ് വിമതനായി മത്സരിച്ച പി.കെ.രാഗേഷ് 1518 വോട്ട് പിടിച്ചിരുന്നു. അതിൽ നല്ലൊരു പങ്കും പള്ളിക്കുന്ന് സോണിൽനിന്നായിരുന്നു. ഇത്തവണ രാഗേഷ് കോൺഗ്രസിനൊപ്പമായതിനാൽ ഈ വോട്ട് അപ്പാടെ യുഡിഎഫിനു കിട്ടുമെന്നു കരുതപ്പെട്ടിടത്താണു പോളിങ് നിരക്ക് 71.88 ആയി താഴ്ന്നത്.

കഴിഞ്ഞതവണ മണ്ഡലത്തിൽ 12589 വോട്ട് ലഭിച്ച ബിജെപി ഇത്തവണ കൂടുതൽ പ്രതീക്ഷ വയ്ക്കുന്നതും പള്ളിക്കുന്ന് സോണിലാണ്. കണ്ണൂർ കോർപറേഷനിലാദ്യമായി ബിജെപി അക്കൗണ്ട് തുറന്നത് ഇവിടെയാണ്. ബിജെപി സ്ഥാനാർഥിയും ഈ സോണിൽനിന്നുള്ളയാളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com