തെളിദീപവും മധുരവുമായി വിജയദിനാഘോഷം
Mail This Article
കണ്ണൂർ∙ ദീപം തെളിയിച്ചും പടക്കം പൊട്ടിച്ചും മധുരം പങ്കിട്ടും മുന്നണിയുടെ വിജയദിനം ആഘോഷിച്ച് എൽഡിഎഫ് നേതാക്കളും പ്രവർത്തകരും. സിപിഎം ജില്ലാ കമ്മിറ്റി ഓഫിസായ അഴീക്കോടൻ മന്ദിരം പൂർണമായി ദീപാലങ്കാരങ്ങൾ നിറച്ചു. ജില്ലാ സെക്രട്ടറി എം.വി.ജയരാജനും ഡോ.വി.ശിവദാസൻ എംപിയും ഓഫിസിലെ സഹപ്രവർത്തകർക്കൊപ്പം വിജയദിനം ആഘോഷിച്ചു. കേക്ക് മുറിച്ചു മധുരം പങ്കിട്ടു. പടക്കം പൊട്ടിച്ചും ആഘോഷം ഗംഭീരമാക്കി.
എൽഡിഎഫ് ജില്ലാ കൺവീനർ കെ.പി.സഹദേവൻ കക്കാടിലെ വീട്ടിലും സിപിഐ ജില്ലാ സെക്രട്ടറി പി.സന്തോഷ്കുമാർ താണയിലെ വീട്ടിലും ദീപം തെളിയിച്ചു. സിപിഎം കേന്ദ്രകമ്മിറ്റിയംഗം പി.കെ.ശ്രീമതി മാടായി ഏരിയ കമ്മിറ്റി ഓഫിസിൽ കേക്ക് മുറിച്ച് വിജയദിനാഘോഷത്തിനു നേതൃത്വം നൽകി. സംസ്ഥാന സമിതിയംഗം ടി.വി.രാജേഷും പങ്കെടുത്തു. കേന്ദ്രകമ്മിറ്റിയംഗവും തളിപ്പറമ്പിലെ നിയുക്ത എംഎൽഎയുമായ എം.വി.ഗോവിന്ദൻ മോറാഴയിലെ വീട്ടിൽ കുടുംബാംഗങ്ങൾക്കൊപ്പം മധുര പലഹാരം വിതരണം ചെയ്തു വിജയദിനമാഘോഷിച്ചു.
സംസ്ഥാന സമിതിയംഗം കെ.കെ.രാഗേഷ് തളാപ്പിലെ വീട്ടിൽ കുടുംബസമേതം പാർട്ടിച്ചിഹ്നത്തിന്റെ രൂപത്തിൽ ദീപാലങ്കാരമൊരുക്കിയപ്പോൾ, സംസ്ഥാന സമിതിയംഗം ജയിംസ് മാത്യു, മഹിളാ അസോസിയേഷൻ ദേശീയ അസി.സെക്രട്ടറി എൻ.സുകന്യയ്ക്കൊപ്പം പള്ളിക്കുന്നിലെ വീട്ടിൽ ദീപം തെളിയിച്ചു. ജില്ലയിൽനിന്നുള്ള സിപിഎം കേന്ദ്രകമ്മിറ്റിയംഗങ്ങളായ മന്ത്രി കെ.കെ.ശൈലജ, മന്ത്രി ഇ.പി.ജയരാജൻ എന്നിവർ തിരുവനന്തപുരത്തെ വസതിയിലാണു വിജയദിനം ആഘോഷിച്ചത്. ‘കേരളമേ നന്ദി’, ‘സ്റ്റേ ഹോം’ എന്നീ വാക്കുകളുടെ രൂപത്തിലാണു കെ.കെ.ശൈലജ ദീപം തെളിയിച്ചത്. കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി പിടി.ജോസ് കുട്ടികൾക്കു ലഡു വിതരണം നടത്തി ആഘോഷത്തിൽ പങ്കു ചേർന്നു.