തീയതി കുറിച്ചു; അഴീക്കലിൽ നീക്കാൻ തടസ്സങ്ങളേറെ
Mail This Article
അഴീക്കൽ ∙ തുറമുഖം വഴിയുള്ള ചരക്കു ഗതാഗതം ഈ മാസം തന്നെ തുടങ്ങുമെന്നു മന്ത്രി അഹമ്മദ് ദേവർകോവിൽ. ജലഗതാഗതം പ്രോത്സാഹിപ്പിക്കുകയെന്നത് എൽഡിഎഫ് സർക്കാരിന്റെ പ്രഖ്യാപിത നയമാണ്. തുടക്കത്തിൽ ചരക്കു ഗതാഗതവും പിന്നീട് യാത്രാ കപ്പലുകളും അഴീക്കലിൽ എത്തിക്കും. വിജയകരമെങ്കിൽ മറ്റൊരു കപ്പൽ കൂടി അഴീക്കൽ – ബേപ്പൂർ – കൊച്ചി ജലപാതയിൽ സർവീസ് നടത്താൻ തയാറാണെന്നു കമ്പനി അധികൃതർ അറിയിച്ചിട്ടുണ്ട്. മറ്റു മൂന്നു കമ്പനികൾ കൂടി താൽപര്യം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കസ്റ്റംസ്, എമിഗ്രേഷൻ തടസ്സങ്ങൾ നീക്കാൻ കേന്ദ്ര സർക്കാരുമായി ബന്ധപ്പെടും. നിയമത്തിന്റെ നൂലാമാലകളിൽ കുരുക്കാതെ സർവീസ് തുടങ്ങാൻ ഉദ്യോഗസ്ഥരും സഹകരിക്കണം. തിരികെയും ചരക്ക് ലഭിക്കുമെന്നതിനാൽ അഴീക്കലിനു വലിയ സാധ്യതയുണ്ട്. ഈ സാധ്യത പൂർണമായും പ്രയോജനപ്പെടുത്താൻ അഴീക്കലിൽ പുതിയ തുറമുഖം നിർമിക്കുന്നതിനു വേണ്ടി മലബാർ രാജ്യാന്തര തുറമുഖമെന്ന പേരിൽ മുഖ്യമന്ത്രി ചെയർമാനായി കമ്പനി രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. 3600 കോടി രൂപയുടേതാണ് പദ്ധതി.
അഴീക്കലിലെ കപ്പൽ ചാലിന്റെ ആഴം വർധിപ്പിക്കുന്നതിന്റെ ഭാഗമായി വാരുന്ന മണൽ ശുദ്ധീകരിച്ച് വിപണനം നടത്തുന്നതിനായി പൊന്നാനി മാതൃകയിൽ പ്ലാന്റ് സ്ഥാപിക്കും. പദ്ധതി സംബന്ധിച്ച് അഴീക്കോട് പഞ്ചായത്തുമായി സംസാരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ കെ.വി.സുമേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.അജീഷ് (അഴീക്കോട്), എ.വി.സുശീല (പാപ്പിനിശ്ശേരി), പി.പി.ഷമീമ (വളപട്ടണം), കെ.ഫാരിഷ (മാട്ടൂൽ),
മാരിടൈം ബോർഡ് സിഇഒ ടി.പി.സലിം കുമാർ, പോർട്ട് ഓഫിസർ ക്യാപ്റ്റൻ പ്രതീഷ് നായർ, എഡിഎം ഇ.പി.മേഴ്സി, മുൻ എംഎൽഎ എം.പ്രകാശൻ, സീനിയർ പോർട്ട് കൺസർവേറ്റർ പി.അനിത, കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ ഇ.വികാസ്, അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫിസർ എം.വി.ഷാജി, അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ പി.ബാലകൃഷ്ണൻ നായർ തുടങ്ങിയവർ പങ്കെടുത്തു.
തീയതി കുറിച്ചു; അഴീക്കലിൽ നീക്കാൻ തടസ്സങ്ങളേറെ
നീണ്ട ഇടവേളയ്ക്കു ശേഷം അഴീക്കലിന്റെ തീരം തൊടാനുള്ള കപ്പലിന്റെ യാത്രയ്ക്കു തീയതി കുറിച്ചുകഴിഞ്ഞു. മുംബൈ അസ്ഥാനമായ റൗണ്ട് ദ് കോസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് പ്രസിദ്ധീകരിച്ച സമയക്രമം അനുസരിച്ച് 21നു കൊച്ചിയിൽ നിന്നു പുറപ്പെടുന്ന ഹോപ് സെവൻ എന്ന ചരക്കു കപ്പൽ 22നു ബേപ്പൂരിലും 23ന് അഴീക്കലിലും എത്തും. തീയതി കുറിച്ചെങ്കിലും അന്നുതന്നെ യാത്ര നടക്കുമെന്ന് ഉറപ്പിച്ചു പറയാൻ കഴിയാത്ത സാഹചര്യത്തിലാണ് തുറമുഖ മന്ത്രിയും ഉദ്യോഗസ്ഥരും.
ക്രെയിൻ അറ്റകുറ്റപ്പണി, കസ്റ്റംസ് ഇഡിഐ സൗകര്യം, എമിഗ്രേഷൻ തുടങ്ങി തടസ്സങ്ങൾ പലതുണ്ട് മുന്നിൽ. കപ്പൽ ചാലിന് ആഴം കുറവാണെങ്കിലും ഹോപ് സെവൻ കപ്പലിന് തീരത്ത് എത്താൻ സാധിക്കും. യൂറോപ്യൻ റിവർ ക്രൂസായതിനാൽ മൂന്നു മീറ്റർ ആഴം മതി. ഡ്രജർ അറ്റകുറ്റപ്പണി പൂർത്തിയാക്കി കപ്പൽ ചാലിന്റെ ആഴം വർധിപ്പിച്ചാലേ മറ്റു കപ്പലുകൾക്ക് തുറമുഖത്ത് എത്താൻ കഴിയൂ. നിലവിൽ ഡ്രജിങ് ചെയ്ത മണൽ കടലിലേക്ക് തന്നെ തള്ളുന്നതിനാൽ അവ വീണ്ടും ബാർജിൽ തിരികെയെത്തുന്നതു തടയാൻ മണൽ കരയിലെത്തിക്കണം. തകരാറിലായ ക്രെയിൻ ഉടൻ ശരിയാക്കുമെന്ന് ഉദ്യോഗസ്ഥർ മന്ത്രിക്ക് ഉറപ്പു നൽകി.
കസ്റ്റംസ് ഇഡിഐ സംവിധാനം പൂർണ സജ്ജമാകണമെങ്കിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കേണ്ടതുണ്ട്. എമിഗ്രേഷൻ ചെക് പോയിന്റായി അഴീക്കലിനെ നിശ്ചയിക്കാനുള്ള തടസ്സങ്ങൾ നീക്കാൻ മാരിടൈം ബോർഡ് വഴി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിക്കുകയും വേണം. ബ്യൂറോ ഓഫ് എമിഗ്രേഷന്റെ മാർഗനിർദേശ പ്രകാരമുള്ള അടിസ്ഥാന സൗകര്യങ്ങളും ഒരുക്കണം. അഴീക്കൽ തുറമുഖത്തെ തടസ്സങ്ങൾ നീക്കാൻ മന്ത്രിതലത്തിൽ കൃത്യമായ ഇടവേളകളിൽ ഇടപെടൽ ഉണ്ടാകണമെന്ന് മുൻ എംഎൽഎ എം.പ്രകാശൻ പറഞ്ഞു.
തുറമുഖത്തിനു സമീപത്തെ നാലര ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ പൂർത്തിയായിട്ടില്ല. മൂന്നു കുടുംബങ്ങളുടെ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. നഷ്ടപരിഹാരത്തുക തലശ്ശേരി കോടതിയിൽ കെട്ടിവച്ചിട്ടുണ്ടെന്നു മാരിടൈം ബോർഡ് സിഇഒ ടി.പി.സലിം കുമാർ പറഞ്ഞു. എന്നാൽ തുക കുറവാണെന്നു ചൂണ്ടിക്കാട്ടി ഭൂവുടമകൾ വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. ഇതു പരിഹരിച്ച് ഭൂമി ഏറ്റെടുത്താലേ തുറമുഖ വികസനം സാധ്യമാകൂ.